Breaking

Saturday, December 22, 2018

എസ്.എസ്.എല്‍.സി. പരീക്ഷ രാവിലെയാക്കല്‍: ബാലാവകാശ കമ്മിഷനും കൈയൊഴിഞ്ഞു

പരപ്പനങ്ങാടി: എസ്.എസ്.എൽ.സി. പരീക്ഷ രാവിലെ നടത്തണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കൈയൊഴിഞ്ഞു. ഗുണനിലവാര മേൽനോട്ട കമ്മിറ്റി (ക്യു.ഐ.പി.) രണ്ടുതവണ സമയക്രമത്തിൽ മാറ്റംവരുത്താൻ നർദേശം നൽകിയെങ്കിലും വിദ്യാഭ്യാസവകുപ്പ് യാതൊരു നടപടിയുമെടുത്തിട്ടില്ല. ഇത്തവണയും മാർച്ചിലെ കൊടുംചൂട് സഹിച്ച് വിദ്യാർഥികൾ ഉച്ചയ്ക്ക് പരീക്ഷ എഴുതേണ്ടിവരും. പരീക്ഷ രാവിലെയാക്കണമെന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷന് നൽകിയ പരാതിയിൽ കമ്മിഷൻ വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോർട്ട് തേടിയിരുന്നു. എല്ലാ സ്കൂളുകളിലും ചോദ്യക്കടലാസ് സൂക്ഷിക്കാൻ മതിയായ സംവിധാനങ്ങളില്ലാത്തിനാൽ ട്രഷറികളിലും ബാങ്കുകളിലും സൂക്ഷിക്കുന്ന ചോദ്യക്കടലാസ് രാവിലെ നടത്തുന്ന പരീക്ഷയ്ക്ക് സ്കൂളുകളിൽ എത്തിക്കാൻ സമയമെടുക്കും എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇതിനെത്തുടർന്നാണ് നിലവിലെ രീതിയിൽ മാറ്റം വരുത്തേണ്ടത് അത്യാവശ്യമായി കാണുന്നില്ലെന്നും പരാതിയിൽ നടപടികൾ അവസാനിപ്പിച്ചുവെന്നും കമ്മിഷൻ മറുപടി നൽകിയിരിക്കുന്നത്. വരാൻ പോകുന്നത് കടുത്ത ചൂടാണെന്നും താപതരംഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ പഠനസമിതി ഒക്ടോബറിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞവർഷം 42 ഡിഗ്രി താപനിലയിലാണ് കുട്ടികൾ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിയത്. ചൂട് കൂടുമ്പോൾ നിയന്ത്രണങ്ങൾ വരുന്നത് പതിവായിട്ടും കടുത്ത വേനലിൽ യാത്രചെയ്ത് പരീക്ഷ എഴുതേണ്ടിവരുമ്പോൾ കുട്ടികൾക്കുണ്ടാകുന്ന മാനസികപ്രശ്നങ്ങളൊന്നും കമ്മിഷൻ പരിഗണിച്ചിട്ടില്ല. ഇതേ കമ്മിഷൻ തന്നെയാണ് കുട്ടികളെ വെയിലത്ത് നിർത്തി അസംബ്ലി കൂടരുതെന്ന് ഉത്തരവിട്ടത്. ഈവർഷം പതിവിലും നേരത്തേ ഓഗസ്റ്റ് മാസത്തിൽത്തന്നെ വയനാട്, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂർ, പാലക്കാട് തുടങ്ങിയ ജില്ലകളിൽ സൂര്യാഘാതം റിപ്പോർട്ട് ചെയ്തിട്ടുള്ളതുമാണ്. ഹയർസെക്കൻഡറി പരീക്ഷ രാവിലെയാണ്. ചൂട് കണക്കിലെടുത്ത് അതോടൊപ്പംതന്നെ എസ്.എസ്.എൽ.സി. പരീക്ഷയും നടത്തുന്നതാണ് നല്ലതെന്നാണ് എല്ലാ ഹൈസ്കൂൾ അധ്യാപക സംഘടനകളുടെയും അഭിപ്രായം. ഹയർസെക്കൻഡറി അധ്യാപക സംഘടനയായ എച്ച്.എസ്.എസ്.ടി.എ. മാത്രമാണ് എതിരഭിപ്രായം പ്രകടിപ്പിക്കുന്നത്. Content Highlights:SSLC examination will be conducted in the afternoon shift


from mathrubhumi.latestnews.rssfeed http://bit.ly/2A8kKOP
via IFTTT