Breaking

Sunday, December 9, 2018

മേക്കപ്പോടെ തെരുവിലിറങ്ങിയ പെൺകുട്ടികൾക്ക് ജയം; വിധികർത്താവിനെ മാറ്റി, കൂടിയാട്ടം വീണ്ടും നാളെ

ആലപ്പുഴ: വിധികർത്താവിനെ ചൊല്ലി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൻ സംഘർഷം. ആലപ്പുഴ ടീമിന്റെ പരിശീലകൻ ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കൂടിയാട്ട മത്സരത്തിൽവിധികർത്താവായി എത്തിയതാണ് സംഘർഷത്തിന് കാരണമായത്. വിധികർത്താവിനെ മാറ്റണമെന്ന ആവശ്യവുമായി മത്സരാർഥികളായ പെൺകുട്ടികൾ മേക്കപ്പോടെ തന്നെ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങി. മത്സരവേദിയായ ടി.ഡി ഹയർ സെക്കൻഡറി സ്കൂളിൽനിന്നും പ്രധാന വേദിയായ ലിയോ തേട്ടീൻത്ത് സ്കൂളിലേയ്ക്ക് മാർച്ച് നടത്തിയ വിദ്യാർഥിനികളെ പോലീസ് വഴിയിൽ തടഞ്ഞു. വൈകീട്ട് ഏഴ് മണിയോടെ ഡി.ഡി.യെത്തി തെരുവിൽ വച്ചു തന്നെ കുട്ടികളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് സമരം ഒത്തുതീർന്നത്. വിവാദനായകനായ വിധികർത്താവിനെ മാറ്റി മത്സരം ഞായറാഴ്ച വീണ്ടും നടത്തുമെന്ന ഡി.ഡിയുടെ ഉറപ്പിനെ തുടർന്നാണ് വിദ്യാർഥികൾ സമരം അവസാനിപ്പിച്ച് മടങ്ങിയത്. മത്സരം വിലയിരുത്താൻ മൂന്നുപേരില്ലാതെ സാധിക്കില്ലെന്നും അതിനാൽ പുതിയൊരാളെ കണ്ടെത്തിയെന്നും ഡിപിഐ പറഞ്ഞു. കനകകുമാറിന് പകരമുള്ള ആൾ ആലപ്പുഴയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം പുലർച്ചെയോടെ എത്തുമെന്നും ഡിപിഐ വിദ്യാർഥികളെ അറിയിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെ കൂടിയാട്ടം മത്സരം നടത്തുമെന്നും അതിനുള്ള വേദി നിശ്ചയിച്ച് അന്നുതന്നെ മാധ്യമങ്ങൾ മുഖേനെ മത്സരാർഥികളെ അറിയിക്കുമെന്നും ഡിപിഐ പറഞ്ഞു. ഡിപിഐയുടെ പ്രഖ്യാപനം കൈയ്യടികളോടെ വിദ്യാർഥികൾ സ്വീകരിച്ചു. ഭക്ഷണവും താമസവും സൗജന്യമായി നൽകുമെന്നും അദ്ദേഹം വിദ്യാർഥികളെ അറിയിച്ചു. വിധികർത്താവായി എത്തിയ കലാമണ്ഡലം കനകകുമാറിനെതിരേയാണ് മറ്റ് പതിനഞ്ച് ടീമുകളും പരാതി ഉന്നയിച്ചത്. പൈങ്കുളം നാരായണ ചാക്യാർ പരിശീലിപ്പിക്കുന്ന ടീമുകളാണ് പരാതിയുമായി രംഗത്തെത്തിയത്. തങ്ങൾ രണ്ട് ദിവസം മുൻപ് തന്നെ കനകകുമാറിനെതിരേ പരാതി നൽകിയിരുന്നെന്ന് വിദ്യാർഥികൾ പറഞ്ഞു. എന്നാൽ, പരാതി ലഭിച്ചിട്ടും കനകകുമാർ വിധികർത്താവായി എത്തിയതോടെയാണ് മത്സരവേദിയായ ടി.ഡി.എച്ച്.എസ്.എസിൽ വിദ്യാർഥികൾ മേക്കപ്പോടെ തന്നെപ്രതിഷേധവുമായി രംഗത്തുവന്നത്. എന്നാൽ, മത്സരം നടക്കട്ടെയെന്നും എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ ഇടപെടാമെന്നുമായിരുന്നു ഡി.ഡി.യുടെ വിശദീകരണം. എന്നാൽ, ഇതിൽ തൃപ്തരാവാത്ത വിദ്യാർഥികൾ പ്രതിഷേധം തുടർന്നു. കനകകുമാർ വിധികർത്താക്കളുടെ സീവിൽ നിന്ന് മാറാൻ തയ്യാറാവാതിരുന്നതിനെ തുടർന്ന് വിദ്യാർഥികൾ മുദ്രാവാക്യം വിളിയുമായി സ്റ്റേജിന് മുന്നിൽ നിലയുറപ്പിച്ചു. മത്സരം ബഹിഷ്കരിക്കുമെന്ന് ആകെയുള്ള പതിനേഴ് ടീമുകളിൽ പതിനഞ്ച് ടീമുകളും ഭീഷണി മുഴക്കി.ഒടുവിൽ മത്സരം റദ്ദാക്കുന്നതായി അറിയിച്ചു. എന്നാൽ, ഇത് വിദ്യാർഥികളുടെ രോഷം ഇരട്ടിയാക്കി. വിധികർത്താവിനെ മാറ്റി മത്സരം നടത്തിയില്ലെങ്കിൽ വേദിയിൽ മറ്റൊരു മത്സരവും നടത്താൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് വിദ്യാർഥികൾ സ്റ്റേജിൽ ഇരിപ്പുറപ്പിച്ചു. എന്നിട്ടും അധികൃതർ വഴങ്ങാതായതോടെയാണ് വിദ്യാർഥികൾ പ്രധാനവേദിയിലേയ്ക്ക് മാർച്ച് നടത്തിയത്. നേരത്തെ കനകകുമാറിന്റെ കീഴിൽ അഭ്യസിക്കുകയും പിന്നീട് പൈങ്കുളത്തിന്റെ അടുത്തേയ്ക്ക് മാറുകയും ചെയ്ത വിദ്യാർഥികളും പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. കനകകുമാർ തങ്ങളെ പലതരത്തിലും പീഡിപ്പിക്കാറുണ്ടായിരുന്നെന്നും ഇക്കഴിഞ്ഞ ജില്ലാ കലോത്സവത്തിൽ നങ്ങ്യാർക്കൂത്തിന്റെ വിധികർത്താവായിരുന്നു കനകകുമാർ തങ്ങൾക്ക് ബി ഗ്രേഡ് മാത്രമാണ് നൽകിയതെന്നും വിദ്യാർഥികൾ പരാതിപ്പെട്ടു. സംസ്ഥാന കലോത്സവത്തിൽ എത്തിയാലും ബി ഗ്രേഡ് മാത്രമേ നൽകുകയുള്ളൂവെന്ന് ഭീഷണി മുഴക്കിയതായും വിദ്യാർഥികൾ പറഞ്ഞു. Content Highlights:State School Kalolsavam Youth Festival


from mathrubhumi.latestnews.rssfeed https://ift.tt/2RKu4iI
via IFTTT