മുംബൈ: ആഡംബര കപ്പലിൽ ലഹരിമരുന്ന് കേസിൽ കേവലം വാട്സാപ്പ് ചാറ്റുകളെമാത്രം അടിസ്ഥാനമാക്കി ആചിത് കുമാർ ആര്യൻ ഖാന് ലഹരിമരുന്ന് വിതരണം ചെയ്തുവെന്ന് കണക്കാക്കാനാവില്ലെന്ന് മുംബൈ പ്രത്യേക കോടതി. ആചിത് കുമാറിന്റെ ജാമ്യഹർജി പരിഗണിച്ചുകൊണ്ടാണ് പ്രത്യേക കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. എൻ.സി.ബി.യുടെ റിപ്പോർട്ട് പ്രകാരം ആചിത് കുമാറാണ് ആര്യൻ ഖാൻ, അർബാസ് മർച്ചന്റ് എന്നിവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകിയിട്ടുള്ളത്. എന്നാൽ ഈ വാദത്തെ സാധൂകരിക്കാനുള്ള തെളിവുകൾ ഹാജരാക്കാൻ എൻ.സി.ബി.ക്ക് കഴിഞ്ഞിട്ടില്ല.കുറ്റാരോപിതനുമായുള്ള ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റ് മാത്രമാണ് എൻ.സി.ബി.ക്ക് ഹാജരാക്കാൻ സാധിച്ചത്. ഇത്തരം പ്രവർത്തനങ്ങളുമായി ആചിത് കുമാറിന് ബന്ധമുണ്ടെന്ന് കാണിക്കാൻ മറ്റൊരു തെളിവും ഹാജരാക്കിയിട്ടുമില്ല. 2.6 ഗ്രാം കഞ്ചാവുമായാണ് എൻ.സി.ബി. കുമാറിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇയാൾ ഒരു കഞ്ചാവ് വിൽപ്പനക്കാരനാണെന്നും നഗരത്തിലെ ‘കഞ്ചാവ് ശൃംഖലയുടെ’ ഭാഗമാണെന്നും എൻ.സി.ബി പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം അവകാശവാദങ്ങളെ സ്ഥിരീകരിക്കാൻ സാധിച്ചില്ലെങ്കിൽ ഈ ആരോപണങ്ങൾ 22-കാരനായ വിദ്യാർഥിയുടെ ഭാവിജീവിതത്തിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ആചിതിന്റെ അഭിഭാഷകൻ വാദിച്ചു.വിചാരണവേളയിൽ ഗൂഡാലോചനയുടെ വശം പരിഗണിക്കുമെന്ന് എൻ.സി.ബി പറഞ്ഞപ്പോൾ ഗൂഡാലോചനയ്ക്കും പ്രേരണയ്ക്കും കേസുണ്ടെങ്കിൽ ഏജൻസി പ്രഥമദൃഷ്ട്യാ അതിന് തെളിവുകൾ ഹാജരാക്കേണ്ടതുണ്ടെന്നാണ് കോടതി പറഞ്ഞത്. ഗൂഡാലോചനയുടെ ഭാഗമായുള്ള തെളിവുകൾ ഹാജരാക്കാൻ എൻ.സി.ബി.ക്ക് കഴിഞ്ഞിട്ടില്ലാത്തതിനാലും, ഇയാൾ ഗൂഢാലോചന നടത്തിയെന്നാരോപിക്കുന്ന പ്രതികൾക്ക് ജാമ്യം അനുവദിച്ചതിനാലും ആചിത് കുമാറിനും ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3CE8P9I
via
IFTTT