Breaking

Sunday, August 1, 2021

സേലത്തെ കുഴൽപ്പണക്കേസും അന്വേഷിക്കുന്നു; തമിഴ്നാട് പോലീസ് കൊടകര വിവരങ്ങൾ ശേഖരിച്ചു

തൃശ്ശൂർ: തിരഞ്ഞെടുപ്പിനായി പാലക്കാട്ടേക്ക് ബി.ജെ.പി. കൊണ്ടുവന്നുവെന്ന് പറയുന്ന 4.4 കോടി സേലത്ത് കവർ‍ന്ന സംഭവത്തെപ്പറ്റി തമിഴ്നാട് പോലീസ് അന്വേഷണം തുടങ്ങി. മാർച്ച് ആറിന് കൊണ്ടുവന്ന പണം േസലത്ത് കവർന്ന കാര്യം കൊടകര കുഴൽപ്പണക്കേസ് അന്വേഷിച്ച കേരള പോലീസാണ് കണ്ടെത്തിയത്. ഇക്കാര്യം കൊടകരക്കേസിൽ സമർപ്പിച്ച കുറ്റപത്രത്തിലുണ്ട്. ഇതുകാണിച്ചുള്ള കേരള പോലീസിന്റെ എഫ്.ഐ.ആറിൽ തമിഴ്നാട് കൊങ്കണാപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സേലത്ത് പണം എത്തിച്ചത് കൊടകരക്കേസിലെ മുഖ്യസാക്ഷിയായ ധർമരാജനായിരുന്നു. കൊടകരക്കേസിൽ ധർമരാജൻ നൽകിയ മൊഴിയിലാണ് സേലത്തെ കവർച്ചയെപ്പറ്റിയും പറഞ്ഞത്. ഈ സാഹചര്യത്തിലാണ് തമിഴ്നാട് പോലീസ് സേലം കവർച്ചയിൽ അന്വേഷണം തുടങ്ങിയത്. കൊടകര കുഴൽപ്പണക്കവർച്ചക്കേസ്‌ അന്വേഷിക്കുന്ന സംഘത്തിൽനിന്ന്‌ തമിഴ്‌നാട്‌ പോലീസ്‌ വിവരങ്ങൾ ശേഖരിച്ചു. ധർമരാജന്റെ സഹോദരൻ ധനരാജന്റെ നേതൃത്വത്തിലായിരുന്നു ബെംഗളൂരുവിൽനിന്ന് സേലം വഴി പാലക്കാട്ടേക്ക് പണം കൊണ്ടുവന്നത്. കൊടകരയിലേതിന് സമാനമായി സേലത്തും വാഹനം തട്ടിയെടുത്ത് പണം കവർന്ന് കാർ ഉപേക്ഷിക്കുകയായിരുന്നു. ഈ വാഹനം ഇപ്പോഴും കൊങ്കണാപുരം പോലീസ് സ്റ്റേഷന് മുന്നിലുണ്ടെന്നാണ് കൊടകരക്കേസിലെ കുറ്റപത്രത്തിൽ പോലീസ് അറിയിച്ചിട്ടുള്ളത്.


from mathrubhumi.latestnews.rssfeed https://ift.tt/3zT9rqr
via IFTTT