Breaking

Sunday, August 1, 2021

കുതിരാനില്‍ ഇനി സുഗമയാത്ര, തുറന്നതിൽ കേന്ദ്രത്തിന്റെ സർജിക്കൽ സ്‌ട്രൈക്ക്

തൃശ്ശൂർ: വഴിക്കുരുക്കുകൊണ്ട് ഏറെനാൾ യാത്രക്കാരെ പൊറുതിമുട്ടിച്ച കുതിരാൻമലയുടെ ഉള്ളിലൂടെ ഇനി വാഹനങ്ങൾക്ക് സുഖയാത്ര. തൃശ്ശൂർ, പാലക്കാട് ജില്ലാ അതിർത്തിയിലെ മലയിലെ ഇരട്ടത്തുരങ്കങ്ങളിലൊന്ന് ശനിയാഴ്‌ച വൈകുന്നേരം തുറന്നുകൊടുത്തു. പാലക്കാട്ടുനിന്ന്‌ തൃശ്ശൂരിലേക്കുള്ള തുരങ്കമാണ് ഔദ്യോഗികചടങ്ങുകളില്ലാതെ തുറന്നത്. തൃശ്ശൂർ ഭാഗത്തുനിന്ന്‌ പാലക്കാട്ടേക്കുള്ള വാഹനങ്ങൾ നിലവിലെ റോഡിലൂടെത്തന്നെ പോകും.തുരങ്കനിർമാണം പോലെത്തന്നെ അനിശ്ചിതത്വവും ആശയക്കുഴപ്പവും നിറഞ്ഞതായിരുന്നു ‘ഉദ്ഘാടന’വും. ദിവസങ്ങൾ പലതും മാറിമറിഞ്ഞു. ഒടുവിൽ, ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നിന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് വന്നു; തുരങ്കം ഇന്ന് തുറന്നുകൊടുക്കും. ഇതോടെയാണ് സർക്കാർപോലും കാര്യമറിഞ്ഞത്. എങ്കിൽ, ചടങ്ങുകളൊന്നുമില്ലാതെ കാര്യം നടക്കട്ടെ എന്ന നിലപാടായി. കുതിരാൻമല നിൽക്കുന്ന പാണഞ്ചേരി പഞ്ചായത്തിന്റെ പ്രസിഡന്റുപോലുമില്ലാതെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ തുരങ്കം തുറന്നുകൊടുത്തു. സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജനോ മറ്റ്‌ ജനപ്രതിനിധികളോ എത്തിയില്ല.വൈകുന്നേരം ഏഴിനാണ് ജില്ലാ കളക്ടർ ഹരിത വി. കുമാർ കുതിരാനിലെത്തി സ്ഥിതി വിലയിരുത്തിയത്. തുടർന്ന് എട്ടോടെ വാഹനങ്ങൾ കടത്തിവിട്ടു. സുരക്ഷാപരിശോധനകൾ പൂർത്തിയാകാത്തതിനാൽ തുറന്നുകൊടുക്കാൻ കഴിയുമോയെന്ന അനിശ്ചിതത്വത്തിലായിരുന്ന തുരങ്കം തുറന്നുകൊടുത്തതിൽ അടിമുടി നാടകീയതയുണ്ടായിരുന്നു. തുരങ്കം തുറക്കുന്നതു സംബന്ധിച്ച് സംസ്ഥാന സർക്കാരിന് ഒരറിയിപ്പും നൽകിയിരുന്നില്ല.2016 മേയ്‌ 13-നാണ് കുതിരാനിൽ ഇരട്ടക്കുഴൽത്തുരങ്കങ്ങളുടെ നിർമാണം ആരംഭിച്ചത്. 30 മാസംകൊണ്ട് പൂർത്തീകരിക്കാനായിരുന്നു പദ്ധതി ലക്ഷ്യമിട്ടിരുന്നതെങ്കിലും നിർമാണക്കമ്പനിയുടെ സാമ്പത്തികപ്രതിസന്ധി മൂലം പദ്ധതി നീണ്ടുപോവുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും സുരക്ഷാക്രമീകരണങ്ങളെച്ചൊല്ലി അത്‌ നീണ്ടുപോകുമെന്ന നിലയായിരുന്നു. എന്നാൽ, സുരക്ഷാപ്രശ്നമില്ലെന്ന ദേശീയപാത അധികൃതരുടെ വിശദീകരണത്തോടെ സ്ഥിതി അനുകൂലമായി. ദേശീയപാത പ്രോജക്ട് ഡയറക്ടർ സഞ്ജയ്‌കുമാർ യാദവ്, സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, നിർമാണക്കമ്പനി പ്രതിനിധികൾ, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എന്നിവർ തുരങ്കം തുറക്കുന്ന സമയം അവിടെ എത്തിയിരുന്നു.തുരങ്കം തുറന്നതിൽ കേന്ദ്രത്തിന്റെ സർജിക്കൽ സ്‌ട്രൈക്ക് തൃശ്ശൂർ: തുരങ്കം യാഥാർഥ്യമാവുമ്പോൾ അതിന്റെ ‘ക്രെഡിറ്റ്’ സംസ്ഥാന സർക്കാരിന് പോയേക്കുമെന്ന നിഗമനത്തിൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സർജിക്കൽ സ്‌ട്രൈക്കാണ് ശനിയാഴ്‌ച കുതിരാനിൽ കണ്ടത്. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയിരുന്ന ജോലികൾക്ക് വേഗംവെച്ചത് രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷമായിരുന്നു. സ്ഥലം എം.എൽ.എ. കൂടിയായ മന്ത്രി കെ. രാജനും പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസും പ്രത്യേക താത്പര്യമെടുത്ത് രംഗത്തെത്തി. ഇവർ പലവട്ടം സ്ഥലം സന്ദർശിച്ചിരുന്നു.ഓഗസ്റ്റ് ഒന്നിന് തുരങ്കം തുറക്കുമെന്ന് ഇവർ പ്രഖ്യാപിക്കുകയും ചെയ്തു. തുരങ്കം വേഗം തുറക്കണമെന്ന് ഹൈക്കോടതിയും പറഞ്ഞതോടെ പണികൾ വേഗത്തിലായി. തുരങ്കം തുറക്കുകയല്ലാതെ മാർഗമില്ലാത്ത നിലയിലേക്ക് കാര്യങ്ങൾ നീങ്ങിയത് അങ്ങനെയാണ്. എന്നാൽ, തുരങ്കനിർമാണം പൂർണമായും കേന്ദ്രത്തിന്റെ കാര്യമായതിനാൽ തുറന്നുകൊടുക്കുന്നതിന്റെ കടിഞ്ഞാണിൽ കേന്ദ്രം പിടിമുറുക്കി. അങ്ങനെയാണ് സംസ്ഥാനമന്ത്രിമാർ പ്രഖ്യാപിച്ച ഓഗസ്റ്റ് ഒന്നിന്റെ തലേന്നുതന്നെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ട്വീറ്റ് വന്നതും തുടർന്ന് ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിൽ തുരങ്കം തുറന്നതും. കളക്ടർക്കുപോലും നേരത്തേ അറിയിപ്പ് നൽകാതിരുന്നത് സംസ്ഥാന സർക്കാരിനെ പരമാവധി വൈകി അറിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/37bUfbz
via IFTTT