നെയ്യാറ്റിൻകര: സരിത എസ്.നായർ ഉൾപ്പെട്ട തൊഴിൽതട്ടിപ്പ് കേസിൽ ഒന്നാം പ്രതിയായ സി.പി.ഐ.യുടെ പഞ്ചായത്തംഗം അറസ്റ്റിൽ. കുന്നത്തുകാൽ പഞ്ചായത്തിലെ പാലിയോട് വാർഡ് അംഗമായ രതീഷ്(32) ആണ് അറസ്റ്റിലായത്. ഓലത്താന്നി, തിരുപുറം സ്വദേശികളിൽനിന്ന് കെ.ടി.ഡി.സി., ബെവ്കോ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം നൽകി പണം കൈപ്പറ്റിയതായാണ് പരാതി. പരാതിക്കാരിൽനിന്നു പണം കൈപ്പറ്റിയതായി രതീഷ് സമ്മതിച്ചെന്ന് പോലീസ് പറയുന്നു. കേസിൽ ഒന്നാം പ്രതിയാണ് ആനാവൂർ കോട്ടയ്ക്കൽ പാലിയോട് വാറുവിളാകത്ത് പുത്തൻവീട്ടിൽ രതീഷ്. രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്.നായരുമാണ്. ഷാജു പാലിയോട് 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശ്ശാല മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ചിട്ടുണ്ട്. ഓലത്താന്നി ശ്രീശൈലത്തിൽ അരുൺ എസ്.നായർക്ക് കെ.ടി.ഡി.സി.യിൽ ജോലി വാഗ്ദാനംചെയ്ത് അഞ്ചു ലക്ഷം രൂപയും തിരുപുറം മുള്ളുവിള സ്വദേശി അരുണിൽനിന്ന് അനുജൻ ആദർശിന് ബെവ്കോയിൽ ജോലി വാഗ്ദാനംചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തെന്നാണ് കേസ്. പണം വാങ്ങിയത് രതീഷാണ്. എന്നാൽ, ഇരുവരെയും ഫോണിൽ വിളിച്ച് ജോലി ഉറപ്പാക്കിയെന്ന ഉത്തരവിറങ്ങിയതായി അറിയിച്ചത് സരിത എസ്.നായരാണ്. പരാതിക്കാർ സരിത എസ്.നായർ വിളിച്ച ഫോൺ കോളിന്റെ ശബ്ദരേഖയും പോലീസിനു കൈമാറിയിരുന്നു. കഴിഞ്ഞ വർഷമാണ് തട്ടിപ്പു നടന്നത്. ഇരുവർക്കും കെ.ടി.ഡി.സി.യിൽനിന്നും ബെവ്കോയിൽനിന്നുമുള്ള വ്യാജ നിയമന ഉത്തരവും കൈമാറിയിരുന്നു. ഷാജു പാലിയോടിനായും സരിത എസ്.നായർക്കായും തിരച്ചിൽ ശക്തമാക്കിയതായി നെയ്യാറ്റിൻകര സി.ഐ. പി.ശ്രീകുമാർ പറഞ്ഞു. Content Highlights:sarith s nair job fraud case first accused arrested by police
from mathrubhumi.latestnews.rssfeed https://ift.tt/2OVmxl4
via
IFTTT