Breaking

Friday, April 30, 2021

അവസാന അഭിമുഖത്തിലും തികഞ്ഞ വിജയപ്രതീക്ഷ പ്രകടിപ്പിച്ച് വിവി പ്രകാശ്

നിലമ്പൂർ: വിജയപ്രതീക്ഷകൾക്കിടയിൽ വി.വി. പ്രകാശ് യാത്രയായി. അവസാന അഭിമുഖത്തിലും പ്രകാശ് പ്രകടിപ്പിച്ചത് തികഞ്ഞ വിജയപ്രതീക്ഷ. 2016-ൽ കോൺഗ്രസിന് നഷ്ടമായ നിലമ്പൂർ സീറ്റ് ഇക്കുറി തിരിച്ചുപിടിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അദ്ദേഹം. ബൂത്തുകളിൽനിന്ന് ലഭിച്ച കണക്കുകൾപ്രകാരം തനിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. 2011-ൽ തവനൂരിൽ കന്നിയങ്കത്തിനിറങ്ങി കെ.ടി. ജലീലിനോട് പരാജയപ്പെട്ടു. 2016-ൽ നിലമ്പൂരിൽനിന്ന് മത്സരിക്കാൻ നിർദേശം വന്നെങ്കിലും ആര്യാടൻ ഷൗക്കത്തിനായി വഴിമാറി. 2017-ൽ വി.എം. സുധീരന്റെ പിന്തുണയോടെ ഡി.സി.സി. പ്രസിഡന്റായി. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ വി.വി. പ്രകാശിന്റെ പേരും ഉയർന്നുകേട്ടിരുന്നു. 2021-ൽ നിലമ്പൂർ മണ്ഡലത്തിൽ സ്ഥാനാർഥിത്വത്തിനായി ഉറച്ചനിലപാട് സ്വീകരിച്ചു. മണ്ഡലം തിരിച്ചുപിടിക്കാൻ വി.വി. പ്രകാശ് തന്നെയാണ് നല്ലതെന്നു എ.ഐ.സി.സിയും കെ.പി.സി.സിയും തിരിച്ചറിഞ്ഞു. മുസ്ലിംലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും പൂർണ പിന്തുണയുമായെത്തി. പ്രായത്തിന്റെ അവശത മറന്ന് ആര്യാടൻ മുഹമ്മദും പ്രചാരണത്തിനിറങ്ങിയതോടെ യു.ഡി.എഫ്. തികച്ചും വിജയപ്രതീക്ഷയിലായിരുന്നു. നിലമ്പൂർ മണ്ഡലത്തിൽനിന്ന് ആര്യാടൻ മുഹമ്മദിനെപ്പോലെ വളർന്നുവന്ന സംഘാടനമികവ് ഏറെ പ്രകടിപ്പിച്ച നേതാവാണ് വി.വി. പ്രകാശ്. എന്നും സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ച് മറ്റുള്ളവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ശൈലിക്ക് ഉടമയായിരുന്നു പ്രകാശ്.


from mathrubhumi.latestnews.rssfeed https://ift.tt/2PzxPvB
via IFTTT