ന്യൂഡൽഹി: കോവിഡ് വ്യാപനവും മരണസംഖ്യയും കുതിച്ചുയർന്നതോടെ മൃതദേഹങ്ങൾ സംസ്കാരിക്കാൻ ആവശ്യത്തിന് ഇടമില്ലാതെ നട്ടംതിരിഞ്ഞ് ഡൽഹി. നിലവിൽ ദിനംപ്രതി 350ലേറെ പേരാണ് ഡൽഹിയിൽ മാത്രം കോവിഡ് ബാധിച്ച് മരിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ ശരാശരി കോവിഡ് മരണം 304 ആണ്. മരണസംഖ്യ ക്രമാതീതമായി ഉയർന്നതോടെ പലയിടത്തും മൃതദേങ്ങൾ സംസ്കരിക്കാൻ താത്കാലിക ശ്മശാനങ്ങൾ സജ്ജമാക്കുകയാണ് അധികൃതർ. കോവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ ശേഷം സരായ് കാലെ ഖാൻ ശ്മശാനത്ത് ദിവസേന 60-70 മൃതദേഹങ്ങൾ വരെയാണ് സംസ്കരിക്കുന്നത്. ദിനംപ്രതി 22 മൃതദേഹങ്ങൾ മാത്രം സംസ്കാരിക്കാൻ ശേഷിയുള്ള ശ്മശാനത്താണ് മൂന്നിരട്ടിയോളം മൃതദേഹങ്ങൾ സംസ്കരിക്കേണ്ട സാഹചര്യമുള്ളത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന ആശങ്കയിൽ ഇവിടെ സംസ്കാരത്തിനായി നൂറിലേറെ പുതിയ കേന്ദ്രങ്ങൾ സജ്ജമാക്കാനുള്ള ശ്രമങ്ങൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. പുതിയ 20 ഓളം കേന്ദ്രങ്ങൾ ഇന്നുരാത്രിയോടെ സജ്ജമാകുമെന്നും ബാക്കിയുള്ള 80 എണ്ണത്തിന്റെ ജോലികൾ കുറച്ചുദിവസത്തിനകം തന്നെ പൂർത്തിയാകുമെന്നും ശ്മശാന നിർമാണത്തിന്റെ കോൺട്രാക്ടർ ചുമതലയുള്ള പശുപതി മണ്ഡൽ പറഞ്ഞു. ഡൽഹിയിലെ മറ്റു ശ്മശാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. എല്ലായിടത്തും ഉൾക്കൊള്ളാവുന്നതിലും അധികം മൃതദേങ്ങൾ സംസ്കരിക്കേണ്ട സാഹചര്യമാണ്. മുഴുവൻ ശ്മശാനങ്ങൾക്ക് പുറത്തും മൃതദേഹങ്ങളുമായി കാത്തിരിക്കുന്ന ആംബുലൻസുകളുടെയും വാഹനങ്ങളുടെയും നീണ്ടനിര കാണാം. മരണസംഖ്യ ഉയർന്നതോടെ ശ്മശാനങ്ങളിൽ സംസ്കാര ജോലികൾ ചെയ്യുന്നവരുടെ ജോലിഭാരവും വർധിച്ചു. ഇതോടെ പലയിടത്തും മൃതദേങ്ങൾ സംസ്കാരത്തിനുള്ള ഒരുക്കങ്ങൾക്കായി കുടുംബാഗംങ്ങളും സഹായിക്കുന്നതാണ് കാഴ്ച. content highlights:Delhi Running Out Of Space For Funerals Amid Record Covid Deaths
from mathrubhumi.latestnews.rssfeed https://ift.tt/3sXVhQO
via
IFTTT