തിരുവനന്തപുരം:ഭരണത്തുടർച്ചയായാലും ഭരണമാറ്റമായാലും രാഷ്ട്രീയഗതിമാറ്റത്തിന് കാരണമാകുന്ന തിരഞ്ഞെടുപ്പുഫലമാണ് ഞായറാഴ്ച വരാനിക്കുന്നത്. ഇടതുമുന്നണി തുടർന്നാൽ അത് ചരിത്രമാകും. യു.ഡി.എഫ്. വന്നാൽ അത് ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിന് കുതിപ്പാകും. മറിച്ചായാൽ ഇരുമുന്നണിയിലും പൊട്ടിത്തെറികളും അപസ്വരങ്ങളും ഉയരും. ഒന്നിൽനിന്ന് രണ്ടക്കം സീറ്റ് പ്രതീക്ഷിക്കുന്ന ബി.ജെ.പി.ക്കുണ്ടാകുന്ന ചെറിയവളർച്ചപോലും നാളത്തെ രാഷ്ട്രീയത്തെ മാറ്റും. ദേശീയരാഷ്ട്രീയം കൈപ്പിടിയിലൊതുക്കുന്ന ബി.ജെ.പി.ക്ക് കേരളത്തിൽ നില മെച്ചപ്പെടുത്താനായില്ലെങ്കിൽ അത് നേതൃത്വത്തെ ചോദ്യമുനയിലാക്കും. ഇടതിന് ചരിത്രം എല്ലാ പ്രതികൂലസാഹചര്യങ്ങളെയും അതിജീവിച്ച് അഞ്ചുവർഷം ആടിയുലയാതെ ഭരിച്ച്, തുടർഭരണംനേടിയാൽ അത് പിണറായി വിജയനെന്ന ക്യാപ്റ്റന്റെ റാങ്കിങ് ദേശീയനിരയിലേക്ക് ഉയർത്തും. അത്തരമൊരു ഭരണത്തുടർച്ച കേരളത്തിൽ മുമ്പൊരിക്കലും സംഭവിക്കാത്ത ചരിത്രവുമാകും. കേരള കോൺഗ്രസിന്റെ മുന്നണിപ്രവേശനമാണ് രണ്ടാംവരവിന് കാരണമാകുന്നതെങ്കിൽ ജോസ് കെ. മാണിയെന്ന രാഷ്ട്രീയനേതാവിന്റെ രാശിതെളിയുന്ന വിധിയായിരിക്കുമത്. ഇടതുമുന്നണിയിൽ ജോസിന്റെ പ്രാധാന്യംകൂടിയാൽ അതിന്റെ ഗ്രഹണം സി.പി.ഐ.ക്കാണ് ഏറ്റുവാങ്ങേണ്ടിവരിക. രണ്ടുടേം കർശനമാക്കി 33 എം.എൽ.എ.മാരെ മാറ്റിനിർത്തിയത് തുടർഭരണസാധ്യതയില്ലാതാക്കിയെങ്കിൽ അതും വിമർശിക്കപ്പെട്ടേക്കാം. 1957-നുശേഷം ഇന്ത്യയിൽ ഒരുസംസ്ഥാനത്തും ഭരണപങ്കാളിത്തമില്ലാത്ത അവസ്ഥയിലേക്ക് കമ്യൂണിസ്റ്റ് പാർട്ടികൾമാറും. ഇടതുമുന്നണിപ്രവേശനം കേരളകോൺഗ്രസിന് ഗുണംചെയ്തില്ലെങ്കിൽ, അവരുടെ രാഷ്ട്രീയനിലനിൽപ്പ് അപകടത്തിലാക്കും. കോൺഗ്രസിന് ജീവൻ യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ അത് ദേശീയരാഷ്ട്രീയത്തിൽ കോൺഗ്രസിനുണ്ടാക്കുന്ന ഊർജം ചെറുതല്ല. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങൾ അഞ്ചിലൊന്ന് പാർലമെന്റ് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്. കേരളത്തിലും അസമിലും കോൺഗ്രസ് നേതൃത്വത്തിലും, തമിഴ്നാട്ടിൽ ഡി.എം.കെ. മുന്നണിയും അധികാരത്തിലെത്തിയാൽ അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള ശുഭലക്ഷണമായി കോൺഗ്രസിന് അത് മാറും. പ്രതിപക്ഷനേതാവെന്ന നിലയിൽ ഒറ്റയ്ക്ക് പൊരുതിയ രമേശ് ചെന്നിത്തലയ്ക്ക് ക്യാപ്റ്റൻ പദവി പിണറായി കൈമാറേണ്ടിവരും. മറിച്ചായാൽ, പരാജയത്തിന്റെ പാപഭാരം ഏറ്റവുംകൂടുതൽ ഏറ്റുവാങ്ങേണ്ടിവരുന്നതും ചെന്നിത്തലയാകും. രാഹുലും പ്രിയങ്കയുമടക്കം ദേശീയനേതൃത്വം ഒരുങ്ങിയിറങ്ങിയിട്ടും കേരളം നേടാനായില്ലെങ്കിൽ അത് കോൺഗ്രസിന്റെ പൂർണപതനമായി കണക്കാക്കേണ്ടിവരും. ബി.ജെ.പി.ക്ക് അനിവാര്യം 30 മണ്ഡലങ്ങൾ എ-ക്ലാസ് പദവി നൽകി തിരഞ്ഞെടുപ്പിനെ നേരിട്ട പാർട്ടിയാണ് ബി.ജെ.പി. താമര വിരിയിക്കാനായിരുന്നു 2016-വരെയുള്ള അവരുടെ ശ്രമമെങ്കിൽ, ഇത്തവണ ഭരണംതന്നെ നേടുമെന്ന അവകാശവാദം ഉന്നയിച്ചു. മുഖ്യമന്ത്രി സ്ഥാനാർഥിയെപ്പോലും അവതരിപ്പിച്ചു. നേമത്തിനപ്പുറം എത്രമണ്ഡലങ്ങൾ ബി.ജെ.പി. നേടുമെന്നാണ് ഉറ്റുനോക്കുന്നത്. അതോ ഇടത്-വലത് മുന്നണികൾ പ്രഖ്യാപിച്ചപോലെ തുറന്ന അക്കൗണ്ട് അവർക്ക് പൂട്ടേണ്ടിവരുമോയെന്നതും കാത്തിരുന്ന് കാണണം. ആദ്യമോദി സർക്കാരിന്റെ കാലത്ത് തുറന്ന അക്കൗണ്ടാണത്. ഒറ്റകക്ഷിയായി കേന്ദ്രഭരണം നേടി രണ്ടാം മോദിഭരണം നിൽക്കുമ്പോഴാണ് ഈ തിരഞ്ഞെടുപ്പ്. പ്രധാനമന്ത്രിയടക്കം കളത്തിലിറങ്ങിയായിരുന്നു പ്രചാരണം. അധിക സീറ്റും വോട്ടുവിഹിതവും കൂട്ടണമെന്നത് ബി.ജെ.പി.ക്ക് അനിവാര്യമാണ്. അതിന് കഴിഞ്ഞില്ലെങ്കിൽ സംസ്ഥാനനേതൃത്വം വിശദീകരണം നൽകേണ്ടിവരും. Content Highlights: Kerala Assembly Election, Election result
from mathrubhumi.latestnews.rssfeed https://ift.tt/3e4Q7hH
via
IFTTT