Breaking

Wednesday, April 28, 2021

വീട്ടിലെ അടച്ചിരിപ്പിനിടെ ഒന്നും പങ്കിടരുത്, മുറിക്ക് പുറത്തിറങ്ങരുത്- ശ്രദ്ധിക്കാനുണ്ട് ഏറെ

തിരുവനന്തപുരം: വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആഹാര സാധനങ്ങൾ, ടി.വി. റിമോട്ട്, ഫോൺ മുതലായ വസ്തുക്കൾ രോഗമില്ലാത്തവരുമായി പങ്കിടരുതെന്ന് ആരോഗ്യവകുപ്പ്. ഹോം ഐസൊലേഷൻ എന്നത് റൂം ഐസൊലേഷനാണ്. അതിനാൽ മുറിക്ക് പുറത്തിറങ്ങാൻ പാടില്ല. അഥവാ മുറിക്കുപുറത്ത് രോഗി ഇറങ്ങിയാൽ സ്പർശിച്ച പ്രതലങ്ങൾ അണുവിമുക്തമാക്കണം. വീട്ടിലുള്ള എല്ലാവരും മാസ്ക് ധരിക്കണം. ജനിതകമാറ്റം വന്ന വൈറസ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രണ്ട് മാസ്ക് ധരിക്കുന്നത് നല്ലതാണ്. രോഗീപരിചണം നടത്തുന്നവർ എൻ 95 മാസ്ക് ധരിക്കേണ്ടതാണ്. ശുചിമുറിയുള്ളതും വായുസഞ്ചാരമുള്ളതുമായ മുറിയിലാണ് ഹോം ഐസൊലേഷനിലുള്ളവർ കഴിയേണ്ടത്. അതിന് സൗകര്യമില്ലാത്തവർക്ക് ഡൊമിസിലിയറി കെയർസെന്ററുകൾ തിരഞ്ഞെടുക്കാം. എ.സി.യുള്ള മുറി ഒഴിവാക്കണം. വീട്ടിൽ സന്ദർശകരെ പൂർണമായും ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം. കഴിക്കുന്ന പാത്രങ്ങളും ധരിച്ച വസ്ത്രങ്ങളും അവർതന്നെ കഴുകുന്നതാണ് നല്ലത്. നിരീക്ഷണത്തിലുള്ള വ്യക്തി ഉപയോഗിച്ച പാത്രം, വസ്ത്രങ്ങൾ, മേശ, കസേര, ബാത്ത്റൂം മുതലായവ ബ്ളീച്ചിങ് ലായനി (ഒരു ലിറ്റർ വെള്ളത്തിൽ മൂന്നു ടിസ്പൂൺ ബ്ളീച്ചിങ് പൗഡർ) ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. വെള്ളവും ആഹാരവും വളരെ പ്രധാനം * വീട്ടിൽ കഴിയുന്നവർ ധാരാളം വെള്ളം കുടിക്കണം. ഫ്രിഡ്ജിൽ വെച്ച തണുത്ത വെള്ളവും ഭക്ഷണപദാർഥങ്ങളും ഒഴിവാക്കണം. പറ്റുമെങ്കിൽ പലതവണ ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് തൊണ്ട ഗാർഗിൾ ചെയ്യുന്നത് നന്നായിരിക്കും. എട്ടുമണിക്കൂറെങ്കിലും ഉറങ്ങുക. * പൾസ് ഓക്സിമീറ്റർ വീട്ടിൽ കരുതുന്നത് നന്നായിരിക്കും. സാധാരണ ഒരാളുടെ ശരീരത്തിലെ ഓക്സിജന്റെ അളവ് 96-ന് മുകളിലായിരിക്കും. ഓക്സിജന്റെ അളവ് 94-ൽ കുറവായാലും നാഡിമിടിപ്പ് 90-ന് മുകളിലായാലും ഉടൻ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. ആറുമിനിറ്റ് നടന്നശേഷം രക്തത്തിലെ ഓക്സിജന്റെ അളവ് നേരത്തേയുള്ളതിൽനിന്ന് മൂന്നു ശതമാനമെങ്കിലും കുറവാണെങ്കിലും ശ്രദ്ധിക്കണം. * ശ്വാസം മുട്ടൽ, നെഞ്ചുവേദന, നെഞ്ചിടിപ്പ്, അമിതമായ ക്ഷീണം, അമിതമായ ഉറക്കം, കഫത്തിൽ രക്തത്തിന്റെ അംശം കാണുക, തീവ്രമായ പനി, ബോധക്ഷയം അല്ലെങ്കിൽ മോഹാലസ്യപ്പെടുക തുടങ്ങിയവ അപായ സൂചകങ്ങളാണ്. * ദിശ 1056, 0471 2552056 എന്നീ നമ്പറുകളിലോ ആരോഗ്യപ്രവർത്തകരെയോ വിവരമറിയിക്കണം. Content Highlights: Covid 19, Covid Vaccine, lockdown


from mathrubhumi.latestnews.rssfeed https://ift.tt/3sSbkzK
via IFTTT