കൊച്ചി: റോസ് നിറത്തിലുള്ള ടവ്വലിൽ പൊതിഞ്ഞ് അവളെ കൈകളിലേക്കു ഏറ്റുവാങ്ങുമ്പോൾ നനഞ്ഞ മിഴികളോടെ സുധർമ ആ കാതുകളിൽ പറഞ്ഞു... ''അമ്മയാണു പൊന്നേ...'' 71-ാം വയസ്സിൽ ഒരു പെൺകുഞ്ഞിനു ജന്മംനൽകിയ അമ്മ ആ കുഞ്ഞിനെ നെഞ്ചോടു ചേർത്തു. കായംകുളം രാമപുരം എഴുകുളങ്ങര വീട്ടിൽ സുധർമ 71-ാം വയസ്സിൽ കുഞ്ഞിനു ജന്മംനൽകുമ്പോൾ വലിയൊരു നഷ്ടപ്പെടലിന്റെ വേദനയിൽനിന്നുള്ള മോചനംകൂടിയാണ്. സുധർമയുടെയും ഭർത്താവ് സുരേന്ദ്രന്റെയും ഏക മകൻ 35-കാരനായ സുജിത്ത് മരിച്ചത് ഒന്നര വർഷം മുമ്പാണ്. സൗദിയിൽ ജോലിയുണ്ടായിരുന്ന മകന്റെ വിയോഗം തളർത്തിയപ്പോഴാണ് സുധർമ ഒരു കുഞ്ഞിനു ജന്മം നൽകുന്നതിനെപ്പറ്റി ആലോചിച്ചത്. സുരേന്ദ്രനും ഭാര്യയുടെ ആഗ്രഹത്തിനൊപ്പം നിന്നു. കൃത്രിമ ഗർഭധാരണം എന്ന ആവശ്യവുമായി സുധർമ എത്തിയപ്പോൾ ആദ്യം ഡോക്ടർമാർ എതിർത്തു. ഇത്രയും കൂടിയ പ്രായത്തിൽ ഒരു കുഞ്ഞിനു ജന്മംനൽകുന്നത് വലിയ വെല്ലുവിളിയാണെന്ന് അവർ ആവർത്തിച്ചെങ്കിലും സുധർമ ഉറച്ചു നിന്നു. കുഞ്ഞിന് 32 ആഴ്ച പ്രായമായ മാർച്ച് 18-നു ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബികാ കരുണാകരന്റെ നേതൃത്വത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ജനിക്കുമ്പോൾ 1100 ഗ്രാംമാത്രം തൂക്കമുണ്ടായിരുന്ന കുഞ്ഞിനെ ന്യൂ ബോൺ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് പരിപാലിക്കുകയായിരുന്നു. കുഞ്ഞിനു 1350 ഗ്രാം തൂക്കമായപ്പോഴാണ് ഡോക്ടർമാർ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിൽനിന്നു വീട്ടിലേക്കയച്ചത്. അദ്ഭുതകരമായ ഒരു ജനനത്തിനു സാക്ഷ്യംവഹിക്കാനായതിന്റെ സന്തോഷത്തിലാണ് ആലപ്പുഴ മെഡിക്കൽ കോളേജിൽ സുധർമയെയും കുഞ്ഞിനെയും പരിചരിച്ച ഡോക്ടർമാരായ ജയറാം ശങ്കറും മേരി പ്രവീണും ശ്രീലതയും ലത ബാബുക്കുട്ടിയും വിബി മേരിയും നന്ന ചന്ദ്രനുമൊക്കെ. കുഞ്ഞിനെ നെഞ്ചോടുചേർത്തു സുധർമ പറഞ്ഞു മകൾക്ക് ശ്രീലക്ഷ്മി എന്നു പേരിടണം. content highlights:Sudharma gives birth to a child at the age of 71
from mathrubhumi.latestnews.rssfeed https://ift.tt/3xx9SGv
via
IFTTT