തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ ബി.ജെ.പിക്ക് കോടിക്കണക്കിനു രൂപ കുഴൽപ്പണമായി കൊണ്ടുവന്ന സംഭവം തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ. ഈ കള്ളപ്പണത്തിൽനിന്ന് മൂന്നരക്കോടി രൂപ തൃശ്ശൂർ കൊടകരയിൽ കൊള്ളയടിക്കപ്പെട്ട സംഭവം ഗൗരവമുള്ളതാണ്. സമാന സംഭവം പാലക്കാട്ടും നടന്നു. പണമൊഴുക്കി ജനവിധി അട്ടിമറിക്കാനുള്ള ബി.ജെ.പി.യുടെ ഗൂഢനീക്കമാണ് ഇവിടെ വെളിപ്പെട്ടത്. ഉത്തരേന്ത്യൻ മാതൃകയിൽ കള്ളപ്പണമൊഴുക്കി ജനാധിപത്യം അട്ടിമറിക്കാൻ നടത്തിയ ശ്രമം തിരഞ്ഞെടുപ്പ് കമ്മിഷൻ ഗൗരവമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരളത്തിൽ ഇത്തരം സംഭവം കേട്ടുകേൾവിയില്ലാത്തതാണ്. കേരളത്തിൽ ബി.ജെ.പി. സ്ഥാനാർഥികൾക്കായി എത്തിയ കള്ളപ്പണത്തിന്റെ ചെറിയഭാഗം മാത്രമാണിത്. ഇതേക്കുറിച്ച് സമഗ്രാന്വേഷണം വേണം. രാജ്യം ഭരിക്കുന്ന പാർട്ടിതന്നെ കള്ളപ്പണത്തിന്റെ ഗുണഭോക്താക്കളാകുന്നു. കള്ളപ്പണം തടയാനെന്നു പറഞ്ഞ് മുമ്പ് നോട്ടുനിരോധനം ഏർപ്പെടുത്തിയവരുടെ ഈ ചെയ്തി ജനം ചർച്ചചെയ്യണമെന്നും വിജയരാഘവൻ പറഞ്ഞു.ബി.ജെ.പിക്കാണ് കുഴൽപ്പണം കൊണ്ടുവന്നതെന്നു വ്യക്തമായിട്ടും ആ പാർട്ടിയുടെ പേരുപറയാൻ മിക്ക മാധ്യമങ്ങളും മടിക്കുകയാണ്. ഈ ഭയം ജനാധിപത്യത്തിനും മാധ്യമ നിഷ്പക്ഷതയ്ക്കും ഭൂഷണമല്ലെന്നും വിജയരാഘവൻ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3tQsU8A
via
IFTTT