Breaking

Thursday, April 29, 2021

കൂട്ടലും കിഴിക്കലും: തോല്‍ക്കുന്ന കേരള കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് കടമ്പകള്‍

കോട്ടയം: തിരഞ്ഞെടുപ്പുഫലം വരാൻ മൂന്നുദിവസംമാത്രം ബാക്കിനിൽക്കെ കേരള കോൺഗ്രസുകളിൽ കൂട്ടലും കിഴിക്കലും. തുടർഭരണവും ഭരണം പിടിക്കലുമാണ് മുന്നണികളുടെ ചർച്ചാവിഷയമെങ്കിൽ ഇരു കേരള കോൺഗ്രസിലും നിലനിൽപ്പാണ് ആഭ്യന്തരചർച്ചകളുടെ അജൻഡ. ഫലം മോശമായാൽ ഇരുപാർട്ടികൾക്കും മുന്നണികൾക്കുള്ളിൽ വിലയിടിയും. ജോസ് കെ.മാണി നേതൃത്വം നൽകുന്ന കേരള കോൺഗ്രസ് എമ്മിന് സ്വന്തം ജയത്തിനൊപ്പം ഇടതുമുന്നണിയുടെ വിജയവും പ്രധാനമാണ്. പാർട്ടി ഇടതുപാളയത്തിൽ വന്നതുകൊണ്ട് മുന്നണിക്ക് നേട്ടമുണ്ടായെന്ന് തെളിയിക്കണം. ഇതിന് കോട്ടയത്ത് അഞ്ചിൽ നാലെങ്കിലും നേടണം. ഇടുക്കിയിൽ ഒന്നെങ്കിലും നിലനിർത്തണം. കോട്ടയത്ത് സി.പി.എം. മൂന്നിടത്തേക്ക് ഒതുങ്ങി കേരള കോൺഗ്രസ് എമ്മിന് അഞ്ചിടത്ത് സീറ്റ് നൽകി. ഇത് സംസ്ഥാനത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. മുഖ്യകക്ഷിയായ സി.പി.എം. സീറ്റിൽ സ്വയം പിന്നിൽ നിൽക്കുന്നു എന്നത് കേരള കോൺഗ്രസിന് ലഭിച്ച അംഗീകാരമാണ്. 13 സീറ്റ് കിട്ടിയെങ്കിലും കുറ്റ്യാടി വേണ്ടെന്നുവെച്ച് അവർ 12 ഇടത്ത് മത്സരിച്ചു. പത്തിടത്തുവരെ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയത്ത് രണ്ടിൽനിന്ന് ഒന്നിലേക്ക് ചുരുങ്ങിയ സി.പി.ഐ. നല്ല രീതിയിൽ സഹകരിച്ചെന്ന് കേരള കോൺഗ്രസും സി.പി.ഐ.യും അവലോകനങ്ങളിൽ വിലയിരുത്തിയിരുന്നു. കേരള കോൺഗ്രസിനും മുന്നണിക്കും തോൽവിയുണ്ടായാൽ സംസ്ഥാനതലത്തിൽ തന്നെ സി.പി.ഐ. വിമർശനവുമായി രംഗത്തുവരാനും സാധ്യതയുണ്ട്. കേരള കോൺഗ്രസിനെ അമിതമായി പിന്തുണച്ചെന്ന പഴി സി.പി.എമ്മിന്, പ്രത്യേകിച്ച് കോട്ടയം ജില്ലാകമ്മിറ്റി കേൾക്കേണ്ടിവരും. പി.സി.തോമസുമായി ലയിച്ച ജോസഫ് വിഭാഗത്തിന് പത്തിൽ ഒൻപതുസീറ്റിൽ വരെ വിജയപ്രതീക്ഷയുണ്ട്. ജോസ് കെ.മാണിയെ ഒഴിവാക്കി മുന്നണി ജോസഫിനൊപ്പംനിന്നത് ശരിയായിരുന്നെന്ന് തെളിയിക്കാൻ വിജയം അനിവാര്യമാണ്. കോട്ടയത്ത് പഴയ ശക്തിയില്ലെന്ന് കോൺഗ്രസ് വിലയിരുത്തിയിട്ടും മൂന്ന് സീറ്റുകളാണ് കേരള കോൺഗ്രസിന് നൽകിയത്. ഏറ്റുമാനൂരിന്റെ പേരിൽ മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് പാർട്ടി വിടുകയും ചെയ്തു. പുനഃസംഘടനയോടെ ഫ്രാൻസിസ് ജോർജ് ഉയർത്തിയ പ്രതിഷേധം, തോൽവി ഉണ്ടായാൽ ശക്തമാകും. പാർട്ടിക്കുള്ളിൽ മോൻസ് ജോസഫ് വലിയ സ്ഥാനങ്ങൾ നേടിയെന്നാണ് ഫ്രാൻസിസ് പക്ഷത്തിന്റെ ആരോപണം. ഇടുക്കിയിൽ ഫ്രാൻസിസ് വിജയിച്ചില്ലെങ്കിലും പാർട്ടിക്കുള്ളിൽ പ്രശ്നങ്ങൾ വന്നേക്കാം. പഴയ ജോസഫ് ഗ്രൂപ്പും ഫ്രാൻസിസ് ജോർജ് വിഭാഗവും മാണി വിഭാഗവുമൊക്കെയായി പല ചേരികൾ ശക്തിപ്പെട്ടേക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/3u4r6sz
via IFTTT