തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന ഓക്‌സിജനിൽ ഇവിടത്തെ ആവശ്യത്തിനുശേഷമുള്ളത് മറ്റു സംസ്ഥാനങ്ങൾക്കു നൽകാൻ തയ്യാറാണെന്ന് സുപ്രീംകോടതിയെയും ഹൈക്കോടതിയെയും അറിയിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഓക്‌സിജൻ, വാക്‌സിനേഷൻ എന്നിവ സംബന്ധിച്ച് സംസ്ഥാനങ്ങളുടെ അഭിപ്രായം സുപ്രീംകോടതി ആരാഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സത്യവാങ്മൂലം നൽകാൻ തീരുമാനിച്ചത്.ദ്രവീകൃത മെഡിക്കൽ ഓക്‌സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങൾക്ക് ഇപ്പോൾ പര്യാപ്തമാണ്. എന്നാൽ, കോവിഡിന്റെ അതിതീവ്രവ്യാപനംമൂലം നമ്മുടെ ആവശ്യം വളരെയേറെ വർധിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തിൽ കൂടുതൽവരുന്ന മെഡിക്കൽ ഓക്‌സിൻ മാത്രമേ പുറത്തേക്കയക്കാൻ പാടുള്ളൂവെന്നാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഓക്‌സിജൻ വിതരണത്തിന്റെ നിയന്ത്രണം കേന്ദ്രം പൂർണമായി ഏറ്റെടുക്കുന്നതിനോട് കേരളത്തിനു യോജിപ്പില്ല. ഒരിടത്തുനിന്നു മറ്റൊരിടത്ത് ഓക്‌സിജൻ എത്തിച്ചുകൊടുക്കുന്നതിനപ്പുറം മറ്റൊന്നും കേന്ദ്രത്തിനു സാധിക്കുന്നില്ല. ഓക്‌സിജന്റെ നീക്കം സുഗമമാക്കാൻ എല്ലാതലത്തിലും ഇടപെടാൻ നിർദേശം നൽകിയിട്ടുണ്ട്. കാസർകോട് ജില്ലയിൽ ഓക്‌സിജൻ എത്തിക്കുന്നത് കർണാടകയിൽനിന്നാണ്. അതിന് ഇപ്പോൾ തടസ്സം നേരിടുന്നുണ്ട്. അതേസമയം പാലക്കാട്ടുനിന്ന് കർണാടകത്തിലേക്ക് ഓക്‌സിജൻ നൽകുന്നുമുണ്ട്. ഇത് ഒഴിവാക്കാൻ ചീഫ് സെക്രട്ടറി തലത്തിൽ ചർച്ചനടത്തുമെന്നും അദ്ദേഹം പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/3nuLlNH
via
IFTTT