Breaking

Monday, April 26, 2021

തമിഴ്‌നാട്ടിൽനിന്ന് മറ്റിടങ്ങളിലേക്ക് ഓക്‌സിജന്‍ കൊണ്ടുപോകരുതെന്ന് പ്രധാനമന്ത്രിയോട്‌ മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം വർധിച്ചുവരുന്നതിനാൽ ഇവിടെനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് ഒാക്സിജൻ കൊണ്ടുപോകുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്ക് കത്തയച്ചു. ചെന്നൈക്കുസമീപം ശ്രീപെരുമ്പത്തൂരിലെ ഒാക്സിജൻ ഉത്പാദനകേന്ദ്രത്തിൽനിന്ന് 80 മെട്രിക്ക് ടൺ ഒാക്സിജനാണ് ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾക്കായി കൊടുക്കുന്നത്. തമിഴ്‌നാട്ടിൽ പ്രതിദിനം 400-നും 450-നും ഇടയിൽ മെട്രിക്ക് ടൺ ഒാക്സിജനാണ് മെഡിക്കൽ ആവശ്യത്തിനായി ഉത്പാദിപ്പിക്കുന്നത്. ഇപ്പോൾ ചികിത്സയിലുള്ളവരിൽ വലിയൊരു വിഭാഗത്തിന് ഒാക്സിജൻ ആവശ്യമാണ്. കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇനി തമിഴ്‌നാട്ടിൽനിന്ന് മറ്റുസംസ്ഥാനങ്ങൾക്ക് ഒാക്സിജൻ നൽകരുതെന്ന് എടപ്പാടി പളനിസ്വാമി പ്രധാനമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ കോവിഡ് വ്യാപനകാലത്ത് തമിഴ്‌നാട്ടിൽ ഒരേസമയം 57,000 രോഗികളിൽ കൂടുതൽ ചികിത്സയിലുണ്ടായിരുന്നില്ല. 250 മെട്രിക്ക് ടൺ ഓക്സിജനാണ് അക്കാലത്ത് പ്രതിദിനം ആവശ്യമായിരുന്നത്. ഇപ്പോൾ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു. രോഗികളുടെ എണ്ണം ദിവസവും വർധിച്ചുവരുകയാണ്. ഈ സാഹചര്യത്തിലാണ് മറ്റ് സംസ്ഥാനങ്ങളുള്ള ഒാക്സിജൻവിതരണം നിർത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/32MURCh
via IFTTT