Breaking

Wednesday, April 28, 2021

മ്യാൻമാറിൽ ഒളിപ്പോരാളികൾ സൈനികത്താവളം പിടിച്ചെടുത്തു

ബാങ്കോക്ക്: മ്യാൻമാർ സൈന്യത്തിന്റെ തായ്‌ലാൻഡ് അതിർത്തിയോടു ചേർന്നുള്ള താവളം കാരെൻ ഒളിപ്പോരാളികൾ പിടിച്ചെടുത്തു. പുലർച്ചെ അഞ്ചുമണിയോടെയാണ് സൈനികകേന്ദ്രം ആക്രമിച്ചതെന്നും നേരം വെളുക്കുന്നതിനുമുമ്പെ തീയിട്ടു നശിപ്പിച്ചെന്നും കാരെൻ നാഷണൽ യൂണിയൻ വക്താവ് പദോ സോ തോ നീ അറിയിച്ചു. കേന്ദ്രസർക്കാരിൽനിന്ന് കൂടുതൽ സ്വയംഭരണാധികാരം നേടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ ആരെങ്കിലും മരിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. എന്നാൽ, തായ്‌ലാൻഡിലെ ഒരു വനിതയ്ക്ക് വെടിവെപ്പിൽ പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട രണ്ട് വംശീയ ന്യൂനപക്ഷങ്ങളിലൊന്നാണ് കാരെൻ. ഇവരുടെ സൈനികവിഭാഗമാണ് കാരെൻ നാഷണൽ ലിബറേഷൻ ആർമി. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് പട്ടാളം അധികാരം പിടിച്ച ഫെബ്രുവരി ഒന്നുമുതൽ ഭരണകൂടത്തിനെതിരായ പോരാട്ടത്തിൽ കാരെൻ സംഘം മുന്നിലുണ്ട്. സൈനികത്താവളം പിടിച്ചെടുത്തതു സംബന്ധിച്ച് സർക്കാർ പ്രതികരിച്ചിട്ടില്ല. എന്നാൽ, കാരെൻ സായുധസംഘത്തിന്റെ നിയന്ത്രണത്തിലുള്ള ഗ്രാമങ്ങളിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് സൈന്യം വ്യോമാക്രമണം നടത്തി. മേഖലയിൽ സൈനികവിന്യാസം വർധിപ്പിച്ചിട്ടുമുണ്ട്. കൂടുതൽ ഏറ്റുമുട്ടലുകൾക്ക് സൈന്യം തയ്യാറെടുക്കുന്നുവെന്നാണ് സൂചന. അതേസമയം, വടക്കൻ മ്യാൻമാറിലെ ഏതാനും സർക്കാർ കേന്ദ്രങ്ങൾ പിടിച്ചെടുത്തതായി കച്ചിൻ ന്യൂനപക്ഷവും അവകാശപ്പെടുന്നുണ്ട്.


from mathrubhumi.latestnews.rssfeed https://ift.tt/3dYFm0E
via IFTTT