കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ആരംഭിച്ചു. ദക്ഷിൺ ദിനാജ്പൂർ, മുർഷിദാബാദ്, മാൽദ, പശ്ചിം ബർധമാൻ, കൊൽക്കത്ത എന്നീ ജില്ലകളിലായി 34 നിയമസഭാ മണ്ഡലങ്ങളിലേക്കാണ്. വമ്പൻമാർ പലരും ജനവിധി തേടുന്ന തിരഞ്ഞെടുപ്പാണ് ഏഴാംഘട്ടത്തിലേത്. മത്സരരംഗത്ത് അര നൂറ്റാണ്ട് തികയ്ക്കുന്ന മന്ത്രിയും മുൻ കൊൽക്കത്ത മേയറുമായ സുബ്രതാ മുഖർജിയാണ് ഇവരിൽ മുമ്പൻ. ബാലിഗഞ്ചാണ് അദ്ദേഹത്തിന്റെ മണ്ഡലം. അടുത്തിടെ കൊൽക്കത്ത മേയർ സ്ഥാനം ഒഴിഞ്ഞ നഗരവികസന മന്ത്രി ഫിർഹാദ് ഹക്കീം കൊൽക്കത്ത ബന്ദർ മണ്ഡലത്തിലും മന്ത്രി ശോഭൻദേബ് ചതോപാധ്യായ ഭവാനിപുരിലും മന്ത്രി മാളോയ് ഘട്ടക് അസൻസോൾ ഉത്തറിലും മത്സരിക്കുന്നുണ്ട്. നടി സായോനി ഘോഷുമുണ്ട് തൃണമൂൽ പ്രമുഖരിൽ. ബി.ജെ.പിക്കുവേണ്ടി പ്രമുഖ സാമ്പത്തിക വിദഗ്ധനായ അശോക് ലാഹിരി ബാലൂർഘട്ടിലും പ്രമുഖ നടൻ രുദ്ര നീൽ ഘോഷ് ഭവാനിപ്പൂരിലും മത്സരിക്കുന്നു. മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ അഗ്നിമിത്ര പാൽ, തൃണമൂലിൽനിന്ന് കൂറുമാറിയ മുൻ അസൻസോൾ മേയർ ജിതേന്ദ്ര തിവാരി എന്നിവരും മത്സരരംഗത്തുണ്ട്. വിദ്യാർഥി സംഘടനാ രംഗത്ത് ശ്രദ്ധേയയായ ഐഷി ഘോഷ്, ഡോ. ഫുവാദ് ഹാലിം എന്നിവരാണ് ഏഴാം ഘട്ടത്തിലെ പ്രധാന സംയുക്തമുന്നണി സ്ഥാനാർഥികൾ. ഇടതുപക്ഷം സ്ഥിരമായി ജയിക്കാറുള്ള ജാമുരിയയിലാണ് ഐഷി മത്സരിക്കുന്നത്. ഡോ. ഫുവാദ് ബാലിഗഞ്ചിലും. ഇതിനിടെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒരു സ്ഥാനാർഥികൂടി കോവിഡ് ബാധിച്ചു മരിച്ചു. 24 പർഗാനാസ് - വടക്ക് ജില്ലയിലുള്ള ഖർദ മണ്ഡലത്തിലെ തൃണമൂൽ സ്ഥാനാർഥി കാജൽ സിൻഹ ആണ് മരണമടഞ്ഞത്. ഇതോടെ ബംഗാളിൽ കോവിഡ് ബാധിച്ചുമരിച്ച സ്ഥാനാർഥികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ബുധനാഴ്ചയാണ് സിൻഹയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതൽ ആശുപത്രിയിലായിരുന്നു. വ്യാഴാഴ്ചയായിരുന്നു ഖർദയിൽ വോട്ടെടുപ്പ്. മുർഷിദാബാദിലെ സാമശേർഗഞ്ച്, ജംഗിപ്പൂർ എന്നിവിടങ്ങളിലെ സംയുക്തമുന്നണി സ്ഥാനാർഥിമാരാണ് നേരത്തേ കോവിഡ് ബാധിച്ചു മരിച്ചത്. ഈ മണ്ഡലങ്ങളിലേക്ക് മേയ് 16-ന് ഉപതിരഞ്ഞെടുപ്പ് നടക്കും.
 
from mathrubhumi.latestnews.rssfeed https://ift.tt/3dPSxAM
via 
IFTTT