Breaking

Friday, April 30, 2021

ഗവർണറാകാൻ കൈക്കൂലി: റിട്ട. ജഡ്ജി ജസ്റ്റിസ് ഇന്ദ്രകലയുടെ നടപടി നിർഭാഗ്യകരമെന്ന് ഹൈക്കോടതി

ബെംഗളൂരു: ഗവർണർ പദവിയിലെത്താൻ രാഷ്ട്രീയ ദല്ലാളും തട്ടിപ്പുകാരനുമായ യുവരാജ് സ്വാമിക്ക് റിട്ട.ജഡ്ജി ജസ്റ്റിസ് ബി.എസ്. ഇന്ദ്രകല കൈക്കൂലി നൽകിയത് നിർഭാഗ്യകരമായിപ്പോയെന്ന് കർണാടക ഹൈക്കോടതി. ഇത് ജഡ്ജിമാരുടെ അന്തസ്സിനും ഗവർണറുടെ പദവിക്കും അവമതിപ്പുണ്ടാക്കിയെന്ന് ജസ്റ്റിസ് കെ. നടരാജൻ നിരീക്ഷിച്ചു.കോടികളുടെ തട്ടിപ്പുനടത്തി അറസ്റ്റിലായ യുവരാജ് സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ്‌ കോടതിയുടെ നിരീക്ഷണം. യുവരാജ് സ്വാമിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.കർണാടക ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജിയാണ് ജസ്റ്റിസ് ഇന്ദ്രകല. ഗവർണർസ്ഥാനം വാഗ്ദാനം ചെയ്ത് എട്ടരക്കോടി രൂപ ജസ്റ്റിസ് ഇന്ദ്രകലയിൽനിന്ന് യുവരാജ് സ്വാമി വാങ്ങിയെന്നാണ് കേസ്. വഞ്ചനാക്കുറ്റം ആരോപിച്ച് ജസ്റ്റിസ് ഇന്ദ്രകല യുവരാജ് സ്വാമിയുടെ പേരിൽ ക്രൈംബ്രാഞ്ച് പോലീസിന് പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്.രാഷ്ട്രീയ നേതാക്കളുമായി അടുത്തബന്ധം പുലർത്തിവന്ന യുവരാജ് സ്വാമി സർക്കാർതലത്തിലെ ഉന്നത പദവികൾ വാഗ്ദാനംചെയ്ത് പലരിൽനിന്നും കോടികൾ തട്ടിയെടുത്തെന്നാണ് പരാതി. 2020 ഡിസംബറിലാണ് ഇയാൾ അറസ്റ്റിലായത്. ബിസിനസുകാരനായ കെ.പി. സുധീന്ദ്രറെഡ്ഡിയുടെ പരാതിയിലായിരുന്നു ഇത്. കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ചെയർമാനാക്കാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരക്കോടി രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു പരാതി. ഇതിന്റെ തുടർച്ചയായാണ് ജസ്റ്റിസ് ഇന്ദ്രകല യുവരാജ് സ്വാമിക്കെതിരേ വഞ്ചനക്കുറ്റം ആരോപിച്ച് പരാതി നൽകിയത്.


from mathrubhumi.latestnews.rssfeed https://ift.tt/3t4AGKI
via IFTTT