കണ്ണൂർ: കുറുവ പാലത്തിനടുത്തുള്ള അവേരയിലെ വീടിന്റെ ഇടുങ്ങിയ വരാന്തയിൽ പകൽവെളിച്ചത്തിലിരുന്ന് ബീഡി തെറുക്കുകയായിരുന്ന ചാലാടൻ ജനാർദനനെ വളഞ്ഞുനിന്ന് ‘ചോദ്യംചെയ്യുകയായിരുന്നു’ മാധ്യമപ്രവർത്തകർ. സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ഭാര്യ കെ.ലീനയും പ്രവർത്തകർക്കൊപ്പം കയറിവരുന്നതുകണ്ട് അദ്‌ഭുതം കൂറി എഴുന്നേറ്റുനിന്നു. കസേരയിലിരുന്ന് ജനാർദനനെ അടുത്ത് പിടിച്ചിരുത്തി ജയരാജൻ വിശേഷം ചോദിച്ചു. ചിത്രം പതിച്ച ഒരു ഫലകം സമ്മാനിച്ചു. കേരള ബാങ്ക് സീനിയർ മാനേജരായ ലീന സമ്മാനിച്ചത് ടോർച്ചായിരുന്നു. രണ്ടും ഏറ്റുവാങ്ങുമ്പോൾ വിതുമ്പിപ്പോയി ഈ അറുപത്തിമൂന്നുകാരൻ. തുണികൊണ്ട് മുഖംമറച്ചു പിടിച്ചു അദ്ദേഹം. ഈ ജനാർദനനാണ് മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് രണ്ടുലക്ഷം രൂപ നൽകിയ പേരുവെളിപ്പെടുത്താൻ ആഗ്രഹമില്ലാത്ത ബീഡിത്തൊഴിലാളി. മാതൃഭൂമി ന്യൂസാണ് തിങ്കളാഴ്ച ജനാർദനനെ കണ്ടെത്തി നാടിനെ അറിയിച്ചത്. അയൽവാസികൾപോലും അപ്പോഴാണറിഞ്ഞത്. വാർത്ത പുറത്തുവന്നശേഷം നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു ഈ ചെറിയ വീട്ടിലേക്ക്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജനാർദനൻ കേരള ബാങ്ക് കണ്ണൂർ ശാഖയിലെ തന്റെ അക്കൗണ്ടിൽ ആകെയുള്ള 2,00,850 രൂപയിൽ രണ്ടുലക്ഷവും സംഭാവന ചെയ്തത്. ഒന്നുകൂടി ആലോചിക്കാൻ ബാങ്കുകാർ പലവട്ടം പറഞ്ഞിട്ടും വഴങ്ങിയില്ല. ‘മാർക്സിസ്റ്റ് പാർട്ടിയുടെ കടുത്ത അനുഭാവിയാണ് ഞാൻ. പിണറായി വിജയനെ ദൂരെനിന്ന് കണ്ടിട്ടുണ്ടെന്നല്ലാതെ സംസാരിച്ചിട്ടൊന്നമില്ല. പക്ഷേ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്. കേന്ദ്രം വാക്സിൻ സൗജന്യമായി തരില്ലെന്ന് പറഞ്ഞപ്പോൾ നമ്മളെല്ലാം കടക്കെണിയിലാകുമല്ലോ എന്ന് ഓർത്തുപോയി. അന്ന് രാത്രി കിടന്നിട്ട് ഉറക്കംവന്നില്ല. എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു. 11 മണിയായപ്പോൾ ബാങ്കിലെത്തി. പണം കൊടുത്ത് വീട്ടിലെത്തിയപ്പോൾ വലിയ ഭാരം ഇറക്കിവെച്ചതുപോലെയായിരുന്നു. കഞ്ഞികുടിച്ച് രാത്രി സുഖമായി ഉറങ്ങി’ -ജനാർദനൻ പറയുന്നു. പതിമൂന്നാം വയസ്സിൽ ബീഡിതെറുപ്പ് തുടങ്ങിയ ഇദ്ദേഹം എട്ടാം ക്ലാസ് വരെയേ പഠിച്ചുള്ളൂ. പിന്നീട് ദിനേശ് ബീഡി കമ്പനിയിൽ 36 വർഷത്തോളം പണിയെടുത്തു. ഭാര്യ പുന്നത്തുംചാൽ രജനിയും ദിനേശ് ബീഡി തൊഴിലാളിയായിരുന്നു. മസ്തിഷ്കത്തിൽ മുഴവന്ന് കഴിഞ്ഞവർഷം ജൂൺ 26-നാണ് വിടപറഞ്ഞത്. രണ്ടുപേർക്കുംകൂടി കമ്പനിയിൽനിന്ന് കിട്ടിയ ആനുകൂല്യത്തിൽനിന്നാണ് വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. ഇപ്പോഴും ജനാർദനൻ സ്വകാര്യകമ്പനിക്കുവേണ്ടി ബീഡി തെറുത്തുകൊടുക്കാറുണ്ട്. ആഴ്ചയിൽ 3500 ബീഡിയോളം തെറുക്കും. 1000 രൂപ കിട്ടും. ’എനിക്ക് ജീവിക്കാൻ ഇതുമതി. വികലാംഗ പെൻഷനും കിട്ടുന്നുണ്ട്’ -കേൾവിക്കുറവുള്ള ജനാർദനൻ പറയുന്നു. മക്കളായ നവീനയും നവനയും എൻജിനീയറിങ് ബിരുദധാരികളാണ്. രണ്ടുപേരും വിവാഹിതരായി. നവന പഴയങ്ങാടിയിൽ സ്വകാര്യ ഐ.ടി.ഐ.യിൽ അധ്യാപികയാണ്. നവീനയും കുഞ്ഞുമാണ് ജനാർദനനൊപ്പം. പണമല്ലല്ലോ, മനസ്സല്ലേ പ്രധാനം എന്ന് അഭിനന്ദിച്ച് ജയരാജനും പ്രവർത്തകരും ഇറങ്ങിയപ്പോഴേക്കും അടുത്ത സംഘമെത്തി.
from mathrubhumi.latestnews.rssfeed https://ift.tt/3xkt4Hk
via
IFTTT