Breaking

Monday, April 26, 2021

വാക്‌സിന്‍ സൗജന്യമാക്കിയ കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനം സ്വാഗതാര്‍ഹം- ആരോഗ്യമന്ത്രി

ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാനുള്ള കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർദ്ധൻ. കേന്ദ്രത്തിന് ലഭിക്കുന്ന 50 ശതമാനം ക്വാട്ടയിൽ നിന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പുതുക്കിയ നയം അനുസരിച്ച് മെയ് ഒന്നു മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ വാഗ്ദ്ധാനം ചെയ്യുന്നുവെന്നും മന്ത്രി പ്രസ്താവനയിൽ അറിയിച്ചു. പുതിയ നയപ്രകാരം സംസ്ഥാനങ്ങൾക്ക് നിർമാതാക്കളിൽ നിന്ന് വാക്സിൻ നേരിട്ട് വാങ്ങാനും ഡോസിന്റെ അളവിനനുസൃതമായി വില നിശ്ചയിക്കാനും അവർക്ക് പൂർണ്ണസ്വാതന്ത്ര്യമുണ്ട്. ഇത് കാലതാമസം കുറയ്ക്കും. ആരോഗ്യം എന്നത് ഒരു സംസ്ഥാന വിഷയമാണ് എന്നത് ഒരു വസ്തുതയാണ്, അവിടെ കേന്ദ്രം സംസ്ഥാനങ്ങളെ ഏകോപിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്നു. വാക്സിൻ വിതരണ നയം ഉദാരവൽക്കരിക്കാനും സംസ്ഥാനങ്ങൾക്ക് നിയന്ത്രണം കൈമാറാനും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ഞങ്ങൾക്ക് അഭ്യർത്ഥനകൾ ലഭിച്ചിരുന്നു. ഇതിന് ശേഷമാണ് ഇത്തരമൊരു തീരുമാനവുമായി ഞങ്ങൾ മുന്നോട്ട് പോയത് ഹർഷ് വർദ്ധൻ പറഞ്ഞു. കേന്ദ്ര സർക്കാരിന് ലഭിക്കുന്ന ക്വാട്ടയിൽ നിന്ന് വാക്സിൻ നേരിട്ട് ആർക്കും നൽകില്ല. സംസ്ഥാനങ്ങൾ വഴി മാത്രമേ വിതരണം ചെയ്യൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസം, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, മഹാരാഷ്ട്ര, ജാർഖണ്ഡ്, ജമ്മു കശ്മീർ, തമിഴ്നാട്, ഹിമാചൽ പ്രദേശ്, കേരളം, ഛത്തീസ്ഗഢ്, ഹരിയാണ, സിക്കിം, പശ്ചിമ ബംഗാൾ, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇതിനോടകം 18 മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യമായി വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് സ്വാഗതാർഹമായ തീരുമാനമാണ്, പുതിയ ഉദാരവത്കരണ നയത്തിന് കീഴിൽ അവർക്ക് ഇത് ചെയ്യാൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/3tX7c2I
via IFTTT