Breaking

Tuesday, April 27, 2021

ഓക്‌സിജൻ ക്ഷാമം തുടരുന്നു, പരിഹരിക്കുമെന്ന് കേന്ദ്രം

ന്യുഡൽഹി: ഉത്തരേന്ത്യയിൽ കോവിഡ് രോഗികളെ പ്രവേശിപ്പിച്ച ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം തുടരുന്നു. അടിയന്തരമായി ഓക്സിജൻ എത്തിക്കണമന്ന് ആവശ്യപ്പെട്ട് ഡൽഹി, ഹരിയാണ, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ആശുപത്രികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കുമേൽ സമ്മർദം ഉയർത്തുകയാണ്. ഡൽഹിയിലെ ചില ആശുപത്രികളിൽ തിങ്കളാഴ്ച പരിമിത അളവിൽ ഓക്സിജൻ എത്തിച്ചെങ്കിലും പരിഹാരമായില്ല. അതേസമയം, രാജ്യത്ത് ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്നും വിവിധ കേന്ദ്രങ്ങളിൽ അതെത്തിക്കാനുള്ള സൗകര്യമില്ലായ്മയാണ് പ്രശ്നമെന്നും അത് പരിഹരിച്ചുവരുന്നതായും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗർവാൾ പതസമ്മേളനത്തിൽ പറഞ്ഞു. അടിയന്തര നടപടി സ്വീകരിച്ചതായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആവർത്തിക്കുന്നതിനിടയിലും എട്ടാം ദിവസവും ക്ഷാമം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ രോഗികൾ മരിച്ച ചില ആശുപത്രികളിൽ വീണ്ടും ക്ഷാമം തുടങ്ങി. മൂന്ന് ദിവസമായി ഓക്സിജൻ സിലിൻഡർ നിറച്ചുകിട്ടാൻ കാത്തിരിക്കുകയാണെന്നും യാചിക്കേണ്ട അവസ്ഥയാണെന്നും ഡൽഹിയിലെ ഗംഗാറാം ആശുപത്രിയധികൃതർ തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് വൈകീട്ടോടെ 64 സിലിൻഡറുകൾ ലഭിച്ചു. 40 സിലിൻഡറുകൾ ഇനിയും ലഭിക്കാനുണ്ട്. ജയ്പൂർ ഗോൾഡൻ ആശുപത്രിയും ഒാക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. പൊതു-സ്വകാര്യമേഖലകളിലെ സ്റ്റീൽ പ്ലാന്റുകൾ 3131 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തതായും ഓക്സിജൻ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് ആരംഭിച്ചതായും സർക്കാർ അറിയിച്ചു. ഓക്സിജൻ ടാങ്കറുകൾ പലയിടത്തും തടയുന്നതായുള്ള പരാതിയിൽ ഡൽഹി ഹൈക്കോടതി ഇടപെട്ടിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലേക്ക് ഓക്സിജനുമായി പോകുന്ന ടാങ്കറുകൾ തടയരുതെന്ന് രാജസ്ഥാൻ സർക്കാരിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു. ഉത്തർപ്രദേശിൽ ഓക്സിജന് ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവകാശപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ സ്വാധീന മേഖലയായ ഗോരഖ്പൂർ അടക്കമുള്ള പ്രദേശങ്ങളിൽ ആവശ്യത്തിന് ലഭ്യമല്ലെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ആശുപത്രികൾ അനാവശ്യ ഭയമുണ്ടാക്കുകയാണെന്നും അത്തരക്കാർക്കെതിരേ നടപടി എടുക്കുമെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. Content Highlights:Coronavirus Oxygen


from mathrubhumi.latestnews.rssfeed https://ift.tt/32O3SuQ
via IFTTT