Breaking

Wednesday, April 28, 2021

പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി: നേപ്പാളിലേക്ക് ഇന്ത്യക്കാര്‍ക്ക് പ്രവേശന വിലക്ക്

ദുബായ്: പ്രവാസികൾക്ക് തിരിച്ചടിയായി നേപ്പാൾ വഴിയുള്ള ഗൾഫ് യാത്രയും പ്രതിസന്ധിയിൽ. ബുധനാഴ്ച അർധരാത്രി മുതൽ ഇന്ത്യക്കാർക്കുള്ള പ്രവേശനം അനുവദിക്കില്ലെന്ന് നേപ്പാൾ ഭരണകൂടം അറിയിച്ചു. മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുകയെന്ന ഉദ്ദേശ്യത്തോടെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ കൂട്ടത്തോടെ എത്തുന്നത് കോവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന വിലയിരുത്തലിലാണ് നേപ്പാളും കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. 14,000 ഇന്ത്യക്കാർ വിദേശ രാജ്യങ്ങളിലേക്ക് പോകാനായി ഇപ്പോൾ നേപ്പാളിൽ എത്തിയിട്ടുണ്ടെന്നാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗൾഫ് നാടുകൾ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ നാട്ടിൽ കുടുങ്ങിയ പ്രവാസികൾ കൂട്ടത്തോടെയാണ് നേപ്പാൾ വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമം തുടങ്ങിയത്. ഇതിനകംതന്നെ നേപ്പാളിൽനിന്നും ഒമാൻ, സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് നാടുകളിലേക്ക് നിരവധി പ്രവാസികൾ എത്തിച്ചേരുകയും ചെയ്തു. അതിനിടെ യു.എ.ഇ.കൂടി ഇന്ത്യക്കാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെയാണ് മലയാളികൾ ഉൾപ്പെടെയുള്ളവർ നേപ്പാൾ വഴി മടങ്ങാനൊരുങ്ങിയത്. അതേസമയം നേപ്പാളിന്റെ നടപടി എയർ ബബിൾ കരാറിന് വിരുദ്ധമാണെന്നാണ് ഇന്ത്യയുടെ നിലപാട്. നേപ്പാളിൽനിന്ന് വരുന്ന ഇന്ത്യക്കാർ നേപ്പാളിൽ രണ്ടാഴ്ച ക്വാറന്റീൻ പൂർത്തിയാക്കണമെന്ന് യു.എ.ഇ. നേരത്തെതന്നെ അറിയിച്ചിട്ടുണ്ട്. നിലവിൽ ഇപ്പോൾ നേപ്പാളിലുള്ള പ്രവാസികൾക്ക് ക്വാറന്റീൻ കാലാവധിക്കുശേഷം ഗൾഫ് നാടുകളിലേക്ക് കടക്കാനാവും. നേപ്പാൾ വഴി ചെലവുകുറവ് യാത്രയ്ക്കും 14 ദിവസത്തെ ക്വാറന്റീനിനും ചെലവ് ചുരുങ്ങുമെന്നതാണ് നേപ്പാളിനെ തിരഞ്ഞെടുക്കാൻ കാരണം. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽനിന്ന് ഡൽഹി വഴി കാഠ്മണ്ഡുവിലേക്ക് എത്താൻ 10,000 മുതൽ 14,000 വരെയായിരുന്നു വിമാനടിക്കറ്റ് നിരക്ക്. 14 ദിവസത്തെ ക്വാറന്റീൻ പാക്കേജിന് 15,000 മുതൽ 20,000 വരെയുള്ള ചെറിയ നിരക്കുൾപ്പെടെയായിരുന്നു ആദ്യം. എന്നാൽ യാത്രക്കാർ വർധിച്ചതോടെ ടിക്കറ്റിനും ക്വാറന്റീനിനായി ഹോട്ടൽ പാക്കേജുകൾക്കും തുക വർധിച്ചു. മാലിദ്വീപ് വഴി യാത്രയ്ക്കും ക്വാറന്റീനിനും ഒരുലക്ഷത്തിനു മുകളിലാണ് ചെലവ്. ഇതു വർധിച്ചിട്ടുമുണ്ട്. മാലിദ്വീപിൽ ഏറെദൂരത്തുള്ള ദ്വീപുകളിലാണ് ഇപ്പോൾ ക്വാറന്റീൻ ഒരുക്കുന്നത്. ഇതിന് ഒന്നരലക്ഷത്തോളമാണ് ചെലവാകുക.


from mathrubhumi.latestnews.rssfeed https://ift.tt/32QLBx4
via IFTTT