Breaking

Friday, April 30, 2021

ഭരണസംവിധാനങ്ങൾ ഐ.സി.യുവിൽ; പ്രാണവായു കരിഞ്ചന്തയിൽ

കരിഞ്ചന്തയിൽ പ്രാണവായു വാങ്ങേണ്ടിവരുമെന്ന് സ്വപ്നത്തിൽപോലും കാണാത്തവർക്ക് ഡൽഹിയിലേക്കു വരാം. 300 രൂപ വിലയുള്ള മെഡിക്കൽ ഓക്സിജൻ സിലിൻഡർ 37,000 രൂപയ്ക്ക് കരിഞ്ചന്തയിൽ വിൽക്കുന്നതു കാണാം. നിമിഷനേരംകൊണ്ട് വില അരലക്ഷത്തിലേക്കു കുതിക്കുന്നതും കാണാം. റെംഡിസിവർ ഉൾപ്പെടെയുള്ള മരുന്നുകൾക്കും കടുത്ത ക്ഷാമമാണ്. ഒരു ഡോസ് റെംഡിസിവിറിന് 20,000 രൂപവരെയാണ് കരിഞ്ചന്തയിൽ. ഈ തുക ഓൺലൈനായി വാങ്ങി മരുന്നുനൽകാതെ മുങ്ങിയയാൾക്കെതിരേ കഴിഞ്ഞദിവസം പോലീസിൽ പരാതിയെത്തിയിരുന്നു. ഓക്സിജൻ ക്ഷാമമില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് അവകാശപ്പെടുന്ന ഉത്തർപ്രദേശിൽ കണക്കുകൾ പുറത്തുപറയാൻ ആശുപത്രികൾക്കു ഭയമാണ്. 'അനാവശ്യമായി' ഓക്സിജൻ ക്ഷാമമെന്ന് പറയുന്നവർക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാബ്, ഹരിയാണ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലും ഓക്സിജന് ക്ഷാമംതന്നെ. ദ്രവീകൃത ഓക്സിജനു ക്ഷാമമില്ലെന്നും ഇവ നിർദിഷ്ട സ്ഥലങ്ങളിൽ എത്തിക്കാനുള്ള ഗതാഗതസംവിധാനങ്ങളാണ് അപര്യാപ്തമെന്നുമാണ് ഔദ്യോഗിക ഭാഷ്യം. ഓക്സിജൻ എത്തിക്കാനുള്ള സംവിധാനങ്ങളൊരുക്കേണ്ടത് ഇതേ സർക്കാരുകൾ തന്നെയല്ലേ എന്ന ചോദ്യത്തിന് മറുപടിയില്ല. ചിതയൊരുക്കാൻ വിറകില്ല കോവിഡിന്റെ ഒന്നാം തരംഗം മുതൽ ഇതുവരെ 4063 മരണങ്ങളാണ് ഡൽഹിയിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തത്. ഇതിൽ 2,500 മരണങ്ങൾ ഒരാഴ്ചയ്ക്കിടെ ഉണ്ടായവ. ഇപ്പോൾ പ്രതിദിനം നാനൂറോളം മരണമെന്ന് ഔദ്യോഗിക കണക്ക്. മൃതദേഹങ്ങൾ സംസ്കരിക്കാൻ ആവശ്യത്തിനു വിറകില്ലെന്നും ഉടൻ വിറകനുവദിക്കണമെന്നും ആവശ്യപ്പെട്ട് നോർത്ത് ഡൽഹി മേയർ ജയപ്രകാശ് ഡൽഹി മുഖ്യമന്ത്രിക്ക് കത്തെഴുതി. ആസൂത്രണമേ ഉണ്ടായില്ല കോവിഡിന്റെ രണ്ടാംവ്യാപനം നേരിടുന്നതിൽ കേന്ദ്ര-സംസ്ഥാനസർക്കാരുകൾക്ക് പിഴച്ചു. താരതമ്യേന ലഘുവായിരുന്ന ഒന്നാം വ്യാപനത്തെ നേരിട്ടതിനെത്തുടർന്നുണ്ടായ അമിത ആത്മവിശ്വാസവും മേനിനടിക്കലും മുറുകിയപ്പോൾ രണ്ടാം വ്യാപനത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മറന്നു. ഒന്നും രണ്ടും തരംഗത്തിനിടയിലെ മൂന്നുമാസം നിർമിക്കാമായിരുന്ന ആശുപത്രികൾ, ഓക്സിജൻ പ്ലാന്റുകൾ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുടെ കണക്കെടുപ്പ് നടക്കുന്നത് ഇപ്പോഴാണ്. കോവിഡ് കീഴടങ്ങിയെന്ന പ്രതീതി പരന്ന നാളുകളിൽ തിരഞ്ഞെടുപ്പുകൾക്കായി ഭരണസംവിധാനങ്ങളും രാഷ്ട്രീയപ്പാർട്ടികളും അധ്വാനവും പണവും നീക്കിവെച്ചു. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ കോവിഡ് പ്രോട്ടോക്കോൾ കാറ്റിൽ പറന്നു. രണ്ടാം വ്യാപനം സർക്കാർ പ്രതീക്ഷിച്ചിരുന്നില്ലേ എന്ന ചോദ്യം ഉയരുമ്പോൾ ഇത്ര കടുപ്പമാകുമെന്ന് കരുതിയില്ല എന്നാണ് കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് കെ. വിജയരാഘവൻ നൽകിയ മറുപടി. പൊതുജനങ്ങളുടെ സ്വഭാവം, ജനസംഖ്യാപെരുപ്പം, രോഗാണുവിന്റെ പുതിയ വകഭേദങ്ങൾ, ജനങ്ങളുടെ പ്രതിരോധശേഷി കുറയൽ ഇതൊക്കെ രണ്ടാംവ്യാപനം രൂക്ഷമാകാൻ കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മേയ്-ജൂൺ മാസങ്ങളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുമെന്നാണ് പ്രവചനം. ഇതു കണക്കിലെടുത്ത് രാം ലീലാ മൈതാനത്തും ജി.ടി.ബി. ആശുപത്രിയുടെ സമീപത്തും ഡൽഹി സർക്കാരിന്റെ ചുമതലയിൽ രണ്ട് താത്കാലിക ആശുപത്രികൾ ഉയരുകയാണ്. 500 വീതം കിടക്കകളുള്ള ഇവയുടെ പണി മേയ് 10-നു പൂർത്തിയാകും. പാഴായിപ്പോയ മൂന്നുമാസംകൊണ്ട് രാജ്യത്തെ ആരോഗ്യരംഗത്തിനുവേണ്ട മുഴുവൻ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ കഴിയില്ലെങ്കിലും 20 മുതൽ 50വരെ ശതമാനം സാധ്യമാക്കാമായിരുന്നെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്രയുംപേർ മരിക്കില്ലായിരുന്നു. കൊറോണ വൈറസിന്റെ പകർച്ചാശേഷികൂടിയ യു.കെ. വകഭേദം ഒക്ടോബറിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ജാഗ്രതയുണ്ടായതുമില്ല. മഹാമാരി അതിവേഗം പടരുമ്പോൾ ആശുപത്രികളിൽ അക്ഷീണം യത്നിക്കുന്ന മലയാളികളുൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകരുടെ ആത്മധൈര്യത്തിലാണ് ഉത്തരേന്ത്യ ഇപ്പോൾ ശ്വസിക്കുന്നതും വിശ്വസിക്കുന്നതും. (അവസാനിച്ചു).


from mathrubhumi.latestnews.rssfeed https://ift.tt/3t5t8az
via IFTTT