Breaking

Tuesday, April 27, 2021

കള്ളപ്പണത്തിനുപിന്നിലെ രാഷ്ട്രീയപ്പാർട്ടിയെ വെളിപ്പെടുത്താതെ പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: തൃശ്ശൂരിൽ തിരഞ്ഞെടുപ്പിനു ചെലവഴിക്കാനായി കണക്കിൽപ്പെടാത്ത പണമെത്തിച്ച രാഷ്ട്രീയപ്പാർട്ടി ഏതെന്നതിൽ വ്യക്തതവരുത്താതെ പോലീസ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മിഷന് സംസ്ഥാന പോലീസ് മേധാവി നൽകിയ റിപ്പോർട്ടിൽ രാഷ്ട്രീയപ്പാർട്ടി ഏതാണെന്നു വ്യക്തമായിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. അന്വേഷണത്തിനു നേതൃത്വംവഹിക്കുന്ന തൃശ്ശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി, കേസിന്റെ നിലവിലെ സ്ഥിതി അറിയിച്ചുനൽകിയ റിപ്പോർട്ടിനൊപ്പമാണ് ഡി.ജി.പി.യുടെ ഈ കുറിപ്പ്. തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനായി കൊണ്ടുവന്ന മൂന്നരക്കോടി രൂപ വ്യാജ വാഹനാപകടമുണ്ടാക്കി ഗുണ്ടാസംഘം തട്ടിയെടുത്തതാണ് കേസ്. പണം കൊണ്ടുവന്ന രാഷ്ട്രീയപ്പാർട്ടിയിലെ ഒരുവിഭാഗം നേതാക്കൾ തന്നെയാണ് പണംതട്ടാൻ ഗുണ്ടകളെ ഉപയോഗപ്പെടുത്തിയതും അപകടം ആസൂത്രണംചെയ്തതുമെന്നാണ് പുറത്തുവന്ന വാർത്തകൾ. രാഷ്ട്രീയപ്പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന വാർത്ത വന്നതോടെയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ ഡി.ജി.പി.യോട് വിശദാംശങ്ങൾ തേടിയത്. പക്ഷേ, കമ്മിഷനോടുപോലും രാഷ്ട്രീയപ്പാർട്ടിയുടെ ബന്ധം വെളിപ്പെടുത്താൻ പോലീസ് തയ്യാറായില്ല. കേസിന്റെ നിലവിലെ സ്ഥിതിമാത്രമേ ഇപ്പോൾ നൽകാനാകൂ എന്നാണ് പോലീസ് പറയുന്നത്. കൃത്യമായ തെളിവുലഭിക്കാതെ രാഷ്ട്രീയപ്പാർട്ടിയുടെ പേര് പുറത്തുവന്നാൽ അത് പ്രശ്നങ്ങൾക്കിടയാക്കുമെന്നതിനാലാണ് കമ്മിഷനുനൽകിയ വിശദീകരണത്തിൽ ഡി.ജി.പി.യും 'രാഷ്ട്രീയ അകലം' പാലിച്ചത്. കേസിൽ അന്വേഷണം തുടരുകയാണെന്നാണ് ഡി.ജി.പി. കമ്മിഷനെ അറിയിച്ചത്. രാഷ്ട്രീയപ്പാർട്ടിബന്ധം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൂടുതൽ അറസ്റ്റും മൊഴികളും എടുക്കാനുണ്ട്. അതിനുശേഷമേ വ്യക്തതയുണ്ടാകൂവെന്നാണ് വിശദീകരണം. കേസന്വേഷണത്തിൽ പുരോഗതിയുണ്ടാകുന്നതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ലഭ്യമാക്കുമെന്ന് ഡി.ജി.പി. കമ്മിഷനെ അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട രാഷ്ട്രീയപ്പാർട്ടിയെ സംബന്ധിച്ച് പോലീസിനു കൃത്യമായ സൂചനകളുണ്ടെങ്കിലും പണത്തിന്റെ തോതും നേതാക്കളുടെ ബന്ധവും സംബന്ധിച്ച് തെളിവുകൾ കിട്ടിയിട്ടില്ല. അതുകൂടി ലഭിച്ചശേഷം പാർട്ടിയുടെ പേര് വ്യക്തമാക്കിയാൽ മതിയെന്നാണ് പോലീസിന്റെ തീരുമാനം. കേസിൽ അറസ്റ്റിലായവർക്ക് രാഷ്ട്രീയബന്ധമില്ലെന്നതാണ് നിലവിൽ രാഷ്ട്രീയപ്പാർട്ടിയെ മറയ്ക്കുള്ളിൽ നിർത്താനുള്ള കാരണം. Content Highlights:3.5 crore black money case


from mathrubhumi.latestnews.rssfeed https://ift.tt/3sYMk9Y
via IFTTT