ന്യൂഡൽഹി: സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ രൂക്ഷപ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. വികാരരഹിതമായ ഒരു സർക്കാരിന് മാത്രമേ ഇത്തരം ഒരു പ്രസ്താവന നടത്താനാവൂ എന്ന് പ്രിയങ്ക പ്രതികരിച്ചു. സംസ്ഥാനത്തെ സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ഉള്ള കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഓക്സിജൻ അപര്യാപ്തത ഇല്ല എന്നായിരുന്നു യോഗിയുടെ അവകാശവാദം. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാനത്ത് ലഭ്യമായ ഓക്സിജന്റെ അളവ് വിലയിരുത്തുമെന്നും യോഗി ശനിയാഴ്ച പറഞ്ഞിരുന്നു. ഓക്സിജൻ കുറവാണ് നിങ്ങൾ രോഗിയെ കൊണ്ടു പോകൂ, എന്ന് ആശുപത്രികൾ നിർദേശം നൽകുന്നതായുള്ള മാധ്യമ റിപ്പോർട്ട് ടാഗ് ചെയ്ത് ഓക്സിജൻ ക്ഷാമം മൂലം ആശുപത്രികളിൽ പ്രവേശനം നിഷേധിക്കപ്പെട്ട രോഗികളുടെ സ്ഥാനത്ത് നിങ്ങളാണെന്ന് സങ്കൽപിച്ചു നോക്കൂവെന്ന് ട്വീറ്റിലൂടെ പ്രിയങ്ക ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഓക്സിജൻ അടിയന്തരമായി ആവശ്യമുണ്ടെന്നും യോഗിയുടെ പ്രസ്താവനയെ കുറിച്ചുള്ള റിപ്പോർട്ട് ടാഗ് ചെയ്ത് പ്രിയങ്ക കൂട്ടിച്ചേർത്തു. തനിക്കെതിരെ കേസെടുക്കണമെങ്കിലോ തന്റെ സ്വത്ത് പിടിച്ചെടുക്കുകയോ ആവാമെന്നും പ്രിയങ്ക പറഞ്ഞു. ഈശ്വരനെയോർത്ത് സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കണമെന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. Content Highlights: Priyanka Gandhi Vadra On Yogi Adityanaths No Oxygen Shortage Remark
from mathrubhumi.latestnews.rssfeed https://ift.tt/3eLl2iv
via
IFTTT