തൃശ്ശൂർ: പ്രമുഖ ദേശീയപ്പാർട്ടി തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാൻ എത്തിച്ച മൂന്നരക്കോടി രൂപ പാർട്ടി നേതാക്കൾ തട്ടിയെടുത്തത് ഗുണ്ടയെ ഉപയോഗിച്ചാണെന്ന് പോലീസിനു വിവരം. കണ്ണൂർ കല്യാശ്ശേരിയിൽനിന്നു വന്ന ഗുണ്ട തൃശ്ശൂരിൽ എത്തുന്നതുവരെ പണം കൊണ്ടുവന്ന വാഹനം തൃശ്ശൂരിലെ രണ്ടു നേതാക്കൾ ഇവിടെ പിടിച്ചുനിർത്തുകയായിരുന്നെന്നാണ് പോലീസ് കരുതുന്നത്. രാത്രിയാത്ര അപകടകരമാണെന്നു പറഞ്ഞാണ് ജില്ലാ നേതൃത്വത്തിലുള്ള വ്യക്തി എം.ജി. റോഡിലെ ലോഡ്ജിൽ ഡ്രൈവർക്ക് മുറിയെടുത്തു കൊടുത്തത്.ഏപ്രിൽ രണ്ടിനു വൈകീട്ട് ഏഴോടെയാണ് പണവുമായി കാർ എത്തിയത്. അപ്പോൾത്തന്നെ കൊച്ചിയിലേക്കു പോകാനായിരുന്നു പദ്ധതി. ഈ വാഹനം തടഞ്ഞുനിർത്തി നേതാക്കൾ കണ്ണൂരിലെ ഗുണ്ടയെ ബന്ധപ്പെട്ടു. രണ്ടരയോടെ ഗുണ്ട കാറിൽ തൃശ്ശൂരിലെത്തി. ഇരിങ്ങാലക്കുടയിൽ താമസിക്കുന്ന തലശ്ശേരി സ്വദേശിയായ മറ്റൊരു ഗുണ്ടയെയും വിളിച്ചുവരുത്തി. മറ്റു രണ്ട് കാറുകളും സംഘടിപ്പിച്ചു. വിശ്വസ്തരായ നാലുപേരെയും കൂട്ടി.പണവുമായി എത്തിയ കാറിന്റെ ഡ്രൈവറെ വെളുപ്പിന് നാലുമണിക്ക് പോകാൻ അനുവദിച്ചു. മൂന്ന് കാറുകളിൽ ഗുണ്ടാസംഘം പിന്തുടർന്നു. കൊടകര മേൽപ്പാലം കഴിഞ്ഞപ്പോൾ കാറിനെ ഗുണ്ടാസംഘത്തിന്റെ ഒരു കാർ മറികടന്നു നിർത്തി. മറ്റു രണ്ട് കാറുകൾ പണം കൊണ്ടുപോയ കാറിൽ ഇടിച്ചു. ഡ്രൈവർ പുറത്തിറങ്ങിയതോടെ, പണവുമായി വന്ന കാർ ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയി. പണവുമായി എത്തിയ കാറിന്റെ ഡ്രൈവർ കോഴിക്കോട് ചേളന്നൂർ കണ്ണങ്കര എ.കെ. വീട്ടിൽ ഷംജീർ ആണ് കൊടകര പോലീസിൽ പരാതി നൽകിയത്. അരമണിക്കൂറിനുള്ളിൽ പദ്ധതി ആസൂത്രകനായ പാർട്ടി നേതാവ് സ്റ്റേഷനിലെത്തി ഒത്തുതീർപ്പിനു ശ്രമിച്ചു.വൻതട്ടിപ്പ് നടക്കുന്നെന്ന സൂചന കിട്ടിയ പാർട്ടിയിലെ മറ്റുചില നേതാക്കളാണ് സംഭവം കുത്തിപ്പൊക്കിയത്. കേസ് ഒത്തുതീർക്കാൻ ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. പോലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ പാർട്ടിയുടെ പേരുപറയുന്നില്ല.സംഭവത്തെപ്പറ്റി പാർട്ടിയും പാർട്ടിയെ നയിക്കുന്ന സംഘടനയും അന്വേഷണം നടത്തുന്നുണ്ട്. തൃശ്ശൂരിൽ കടക്കെണിയിലായ ഒരു നേതാവ് ഈയിടെ വൻതുകയുടെ കടം വീട്ടിയതും പാർട്ടി അന്വേഷിക്കുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3gBmO89
via
IFTTT