തിരുവനന്തപുരം: കോവിഡിന്റെ രണ്ടാംവരവിന്റെ ഭീതിയിൽ സമ്പൂർണ അടച്ചുപൂട്ടൽ ഉണ്ടാകില്ലെങ്കിലും വരുംദിവസങ്ങളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾക്ക് കേരളത്തിൽ സാധ്യത. നിയന്ത്രണങ്ങളും കോവിഡ് പ്രതിരോധനടപടികളും തിങ്കളാഴ്ച നടക്കുന്ന സർവകക്ഷിയോഗം ചർച്ചചെയ്യും. ശനിയും ഞായറും നടപ്പാക്കിയതുപോലുള്ള നിയന്ത്രണം വോട്ടെണ്ണൽ വരെയോ അതുകഴിഞ്ഞ് ഒരാഴ്ചകൂടിയോ വേണമെന്ന അഭിപ്രായമുണ്ട്. അതു നടപ്പാക്കിയാൽ വ്യാപാര, തൊഴിൽ മേഖലകളിൽ ഉണ്ടാകുന്ന തിരിച്ചടി ചെറുതായിരിക്കില്ല. രാത്രിയിലെ കടയടപ്പ് നേരത്തേയാക്കിയതിലും പോലീസ് ഇടപെടലുകളിലും വ്യാപാരികൾ ഇപ്പോൾത്തന്നെ എതിർപ്പുയർത്തിയിട്ടുണ്ട്. ലോക്ഡൗൺ ഇല്ലാതെതന്നെ നിയന്ത്രണങ്ങൾ വേണമെന്നതിൽ സി.പി.എമ്മിനും ഇടതുമുന്നണിക്കും എതിരഭിപ്രായമില്ല. ലോക്ഡൗൺ ഒഴിവാക്കിയുള്ള പ്രതിരോധ നടപടികളിൽ സർക്കാരിനു പിന്തുണയുണ്ടെന്നു പ്രതിപക്ഷനേതാവും വ്യക്തമാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനദിവസം വലിയ ആഘോഷം വേണ്ടെന്ന നിലപാടാകും സർവകക്ഷിയോഗത്തിൽ യു.ഡി.എഫ്. സ്വീകരിക്കുക. ലോക്ഡൗണിനോട് ബി.ജെ.പി.യും യോജിക്കില്ല. വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടിയതുൾപ്പെടെയുള്ള പ്രതിരോധ നടപടികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിട്ടുണ്ട്. സർക്കാർ നിശ്ചയിക്കുന്ന പ്രോട്ടോകോൾ നടപ്പാക്കി വോട്ടെണ്ണൽ നടത്തി തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കാനാണ് കമ്മിഷന്റെ തീരുമാനം.
from mathrubhumi.latestnews.rssfeed https://ift.tt/3nhCqPw
via
IFTTT