മലപ്പുറം: നിലമ്പൂർ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി വി.വി. പ്രകാശിന്റെ മരണത്തിൽ അനുശോചനം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും കെ.പി.എ. മജീദും. എല്ലാ ജനവിഭാഗങ്ങളെയും സമന്വയിപ്പിച്ച് കൊണ്ടുപോകുന്നതിലും ഇവിടുത്തെ സാമുദായിക സൗഹൃദവും സമതുലിതാവസ്ഥയും നിലനിർത്തുന്നതിലും പ്രകാശ് വഹിച്ച പങ്ക് പ്രത്യേകം എടുത്തു പറയേണ്ടതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗമ്യതയായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. ലാളിത്യത്തിന്റെയും സൗമ്യതയുടെയും പ്രതീകമായിരുന്നു പ്രകാശ്. പ്രകാശിന്റെ വിയോഗം കുടുംബത്തിനും കോൺഗ്രസിനും യു.ഡി.എഫിനും ഉണ്ടാക്കിയിരിക്കുന്ന നഷ്ടം കനത്തതാണ്, വലുതാണ്. പക്ഷെ അതിനേക്കാളേറെ വലിയ നഷ്ടമാണ് സമൂഹത്തിനുണ്ടായിരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. വളരെ അപ്രതീക്ഷിതമായ സന്ദർഭത്തിലാണ് പ്രകാശിന്റെ വിയോഗമെന്ന് കെ.പി.എ. മജീദ് പ്രതികരിച്ചു. മലപ്പുറം ജില്ലയിലെ യു.ഡി.എഫിന്റെ പ്രവർത്തനം ശക്തിപ്പെടുത്തിയതിലും ഐക്യപ്പെടുത്തിയതിലും ഒറ്റക്കെട്ടായി മുന്നോട്ടുപോകുന്നതിലും നേതൃപരമായ പങ്കുവഹിച്ചയാളാണ് പ്രകാശ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:pk kunhalikutty and kpa majeed on vv prakashs death
from mathrubhumi.latestnews.rssfeed https://ift.tt/3nvcv72
via
IFTTT