Breaking

Monday, April 26, 2021

ആ ദേശീയ രാഷ്ട്രീയപ്പാര്‍ട്ടി ഏത്? , തിരഞ്ഞെടുപ്പ് കമ്മിഷനും അന്വേഷിക്കുന്നു

തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് ഉപയോഗിക്കാൻ കണക്കിൽപ്പെടാത്ത മൂന്നരക്കോടി രൂപ കൊണ്ടുവന്നെന്നും അത് ഗുണ്ടകളെ ഉപയോഗിച്ച് വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നുമുള്ള വാർത്തയുടെ വസ്തുതതേടി തിരഞ്ഞെടുപ്പ് കമ്മിഷൻ. വ്യാജ അപകടവും പണംതട്ടലും കേസായിട്ടും ഏത് രാഷ്ട്രീയപ്പാർട്ടിക്കാണ് പണമെത്തിയതെന്ന് പോലീസ് വ്യക്തമാക്കാത്ത സാഹചര്യത്തിൽ കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിയോട് വിശദാംശങ്ങൾ തേടി. പാർട്ടിനേതാക്കളാണ് പണംതട്ടിപ്പ് അപകടം ആസൂത്രണം ചെയ്തതെന്നാണ് പോലീസിനെ ഉദ്ധരിച്ച് പുറത്തുവരുന്ന വാർത്തകൾ. എന്നിട്ടും, ഏതു പാർട്ടിയുടെ നേതാക്കളാണെന്ന് പ്രഥമവിവര റിപ്പോർട്ടിൽപ്പോലും വ്യക്തമാക്കാത്ത സാഹചര്യം ഗൗരവത്തോടെയാണ് കമ്മിഷൻ കാണുന്നത്. തൃശ്ശൂരിനു പുറമേ പാലക്കാടും സമാനരീതിയിൽ പണമെത്തിയിട്ടുണ്ടെന്നാണു വിവരം. കോടികളുടെ കള്ളപ്പണം തിരഞ്ഞെടുപ്പ് ഘട്ടത്തിൽ എത്തിയതായും ഇതിൽ രാഷ്ട്രീയനേതാക്കൾ നേരിട്ട് ഇടപെട്ടതായും ബോധ്യപ്പെട്ടിട്ടും പോലീസ് ഗൗരവത്തോടെ പരിശോധിച്ചില്ലെന്ന വിലയിരുത്തലാണ് കമ്മിഷനുള്ളത്. സംഭവത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ കൈമാറാനാണ് കമ്മിഷൻ ഡി.ജി.പി. ലോക്നാഥ് െബഹ്റയോട് ആവശ്യപ്പെട്ടിട്ടുള്ളത്. രണ്ടുദിവസമായിട്ടും ഇതേക്കുറിച്ച് ഡി.ജി.പി. വിവരങ്ങളൊന്നും കൈമാറിയിട്ടില്ല. രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് വിവരങ്ങൾ കൈമാറുന്നത് പോലീസ് വൈകിപ്പിക്കുന്നതെന്നാണ് വിവരം. പണം കൊണ്ടുവന്നത് ബി.ജെ.പി.യാണെന്നും ഇതേക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും സി.പി.എം. കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. പത്തു പേരെ തിരിച്ചറിഞ്ഞു; കാർ കണ്ടെത്തി തൃശ്ശൂർ: തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ കൊച്ചിയിലേക്കയച്ച മൂന്നരക്കോടി രൂപ ദേശീയപാർട്ടിയുടെ തൃശ്ശൂരിലെ നേതാക്കളുടെ നിർദേശപ്രകാരം ഗുണ്ടാസംഘം തട്ടിയെന്ന കേസിൽ പത്തുപ്രതികളെ പോലീസ് തിരിച്ചറിഞ്ഞു. ഇതിൽ അഞ്ചുപേർ തൃശ്ശൂരുകാരാണ്. പ്രതികൾ സഞ്ചരിച്ച മൂന്നു കാറുകളിലൊന്നും കണ്ടെത്തി. ഇത് കോടതിയിൽ ഹാജരാക്കി. മൂന്നു പ്രതികളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി. ഇവരെല്ലാം ഒളിവിലാണ്. സംഭവത്തിൽ കൊടകര പോലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തു. ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പതിനഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാർ സഹകരിക്കാത്തത് അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കാറിൽ 25 ലക്ഷം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന നിലപാടിലാണ് പരാതിക്കാർ.


from mathrubhumi.latestnews.rssfeed https://ift.tt/3u4oQSp
via IFTTT