Breaking

Friday, April 30, 2021

റെംഡെസിവിർ ഇൻജക്‌ഷൻ വീട്ടിൽവെച്ച് നൽകരുത്

ന്യൂഡൽഹി: വലിയ രോഗലക്ഷണങ്ങളില്ലാതെ വീട്ടിൽത്തന്നെ സമ്പർക്കവിലക്കിൽ കഴിയുന്ന കോവിഡ് ബാധിതർക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുതിയ മാർഗരേഖയിറക്കി. ഇവർക്കായി റെംഡെസിവിർ ഇൻജക്ഷൻ വാങ്ങുകയോ നൽകുകയോ അരുത്. ആശുപത്രിയിൽവെച്ചുമാത്രം നൽകേണ്ട ഇൻജക്ഷനാണിതെന്നും മാർഗരേഖയിൽ പറയുന്നു. വീട്ടിൽ കഴിയുന്ന രോഗികൾ മൂന്നുലെയറുകളുള്ള മെഡിക്കൽ മാസ്ക് ധരിക്കണം. മറ്റുനിർദേശങ്ങൾ ഇവയാണ്: 1. കാര്യമായി രോഗലക്ഷണങ്ങളില്ലാത്തവർക്ക് വായിലൂടെയുള്ള സ്റ്റിറോയ്ഡുകൾ നൽകേണ്ടതില്ല. ഏഴുദിവസത്തിനുശേഷവും രോഗലക്ഷണങ്ങൾ (തുടർച്ചയായ പനി, ചുമ തുടങ്ങിയവ) തുടർന്നാൽ ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം വായിലൂടെയുള്ള സ്റ്റിറോയ്ഡ് ചെറിയ ഡോസിൽ നൽകാം. 2. പ്രമേഹം, മാനസികസമ്മർദം, ഹൃദ്രോഗം, ദീർഘകാലമായുള്ള കരൾ,-വൃക്ക രോഗങ്ങൾ തുടങ്ങിയവയുള്ള 60 വയസ്സുകഴിഞ്ഞ കോവിഡ് ബാധിതരെ മെഡിക്കൽ ഓഫീസറുടെ കൃത്യമായ വിലയിരുത്തലിനുശേഷമേ വീട്ടിൽ കഴിയാൻ അനുവദിക്കാവൂ. 3. ഓക്സിജൻ അളവ് കുറയുകയോ ശ്വാസതടസ്സം നേരിടുകയോ ചെയ്യുന്നവർ ഉടൻ ഡോക്ടറുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ പ്രവേശനം തേടണം. 4. രോഗികൾ ദിവസവും രണ്ടുതവണ ചൂടുവെള്ളം കവിൾകൊള്ളുകയോ ആവിപിടിക്കുകയോ വേണം. 5. ദിവസവും നാലുനേരം പാരസെറ്റമോൾ 650 എം.ജി. കഴിച്ചിട്ടും പനി കുറയുന്നില്ലെങ്കിൽ ഡോക്ടറുമായി ബന്ധപ്പെടണം. ഡോക്ടർ മറ്റ് നോൺ സ്റ്റിറോയ്ഡൽ ആന്റി ഇൻഫ്ളമേറ്ററി മരുന്നുകൾ (ഉദാ: നാപ്രോക്സൺ 250 എം.ജി. രണ്ടുനേരം) പരിഗണിക്കും. ഐവെർമെക്റ്റിൻ ഗുളിക (വെറുംവയറ്റിൽ) മൂന്നുമുതൽ അഞ്ചുനേരം നൽകുന്നതും പരിഗണിക്കാം. 6. പനിയും ചുമയും പോലുള്ള രോഗലക്ഷണങ്ങൾ അഞ്ചുദിവസത്തിനു ശേഷവും തുടർന്നാൽ ഇൻഹെയ്ലറുകൾ വഴി നൽകുന്ന ഇൻഹെയ്ലേഷണൽ ബുഡെസൊണൈഡ് (800 എം.സി.ജി.) ദിവസവും രണ്ടുനേരംവീതം അഞ്ചുമുതൽ ഏഴുദിവസംവരെ നൽകാം. 7. വീട്ടിൽ കഴിയുന്ന രോഗികളെ ബന്ധപ്പെടുന്നവർക്കും പരിചരിക്കുന്നവർക്കും ഡോക്ടറുടെ നിർദേശാനുസരണം ഹൈഡ്രോക്സിക്ലോറോക്വിൻ പ്രോഫിലാക്സിസ് നൽകാം. 8. വീട്ടിൽ കഴിയുന്ന രോഗികൾ മറ്റുകുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തരുത്. പ്രത്യേകിച്ച് പ്രായംചെന്നവരുമായും മറ്റു രോഗങ്ങളുള്ളവരുമായും ബന്ധപ്പെടരുത്. 9. വായുസഞ്ചാരമുള്ള മുറിയിൽ ജനാലകൾ തുറന്നിട്ടുവേണം രോഗികൾ കഴിയാൻ. മൂന്നുലെയറുള്ള മെഡിക്കൽ മാസ്ക് ധരിക്കണം. എട്ട് മണിക്കൂറിനകം മാസ്ക് മാറ്റണം. പരിചാരകർ മുറിയിലേക്കുവരുന്നുണ്ടെങ്കിൽ രോഗിയും പരിചാരകരും എൻ. 95 മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണം. 10. പരിചാരകർ മുഴുവൻ സമയവും ലഭ്യമായിരിക്കണം. അവർക്ക് ആശുപത്രിയുമായി ആശയവിനിമയ ബന്ധമുണ്ടാകണം. 11. എയ്ഡ്സ്, അർബുദം എന്നിവയുള്ളവർ, അവയവമാറ്റം കഴിഞ്ഞവർ എന്നിവർക്ക് കോവിഡ് ബാധിച്ചാൽ വീട്ടിൽ ചികിത്സിക്കരുത്. അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ അത് ഉചിതമായ വൈദ്യപരിശോധനയ്ക്കു ശേഷമായിരിക്കണം. 12. രോഗലക്ഷണംതുടങ്ങി പത്തുദിവസമാവുകയും മൂന്നുദിവസമായി പനിയില്ലാതിരിക്കുകയും ചെയ്താൽ ഹോംഐസൊലേഷനിൽ കഴിയുന്ന രോഗികളെ സമ്പർക്കവിലക്കിൽനിന്ന് മാറ്റാം. ഹോം ഐസൊലേഷൻ കാലാവധി പൂർത്തിയായാൽ കോവിഡ് പരിശോധനയുടെ ആവശ്യമില്ല. Content Highlights: Covid 19, Vaccine, lockdown


from mathrubhumi.latestnews.rssfeed https://ift.tt/2PANj2t
via IFTTT