Breaking

Thursday, April 29, 2021

‘ശ്വാസം മുട്ടുന്നവർ’ ഏറുന്നു; ഉപകരണങ്ങൾ കിട്ടാനില്ല, വിലയും കുത്തനെയുയർന്നു

തിരുവനന്തപുരം: കോവിഡ് രണ്ടാംതരംഗത്തിന് തീക്ഷ്ണതയും വ്യാപനശേഷിയും കൂടുതലാണെന്ന് ബോധ്യപ്പെട്ടതോടെ 'ശ്വാസംമുട്ടുന്ന' രോഗികളുടെ എണ്ണവും ഏറുന്നു. ഇതോടെ, ഇതിന് പരിഹാരമുണ്ടാക്കാനുപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾക്ക് ക്ഷാമവും, വിലയും കുത്തനെ കൂടി. ഓക്സിജന്റെ അളവ് കുറയുന്നെന്ന തോന്നലാണ് മിക്കരോഗികൾക്കുമുള്ളതെന്ന് ഡോക്ടർമാർ പറയുന്നു. മറ്റുസംസ്ഥാനങ്ങളിൽ ഓക്സിജൻ കിട്ടാത്ത പ്രശ്നവും മരണവും സംബന്ധിച്ച വാർത്തകൾ കോവിഡ് ബാധിതരെ മാനസിക സമ്മർദത്തിലാക്കുന്നുണ്ടെന്ന് ആരോഗ്യപ്രവർത്തകർ പറഞ്ഞു. ഈ സമ്മർദമാണ് ശ്വാസംമുട്ടുന്നെന്ന തോന്നലിലേക്ക് അവരെ എത്തിക്കുന്നത്. കോവിഡ് രോഗം ശ്വാസപ്രശ്നങ്ങളുണ്ടാക്കുമെന്നത് വസ്തുതയാണെങ്കിലും ഉപകരണങ്ങൾക്ക് നെട്ടോട്ടമോടാനുള്ള അന്തരീക്ഷം ഇപ്പോഴില്ലെന്നും ഡോക്ടർമാർ വിശദീകരിക്കുന്നു. ശരീരത്തിലെ ഓക്സിജൻ അളവ് പരിശോധിക്കാനുള്ള പൾസ് ഓക്സി മീറ്റർ, അത്യാവശ്യഘട്ടത്തിൽ ഓക്സിജൻ നൽകാനുപയോഗിക്കുന്ന ഓക്സിജൻ കോൺസൻട്രേറ്റർ തുടങ്ങിയ ഉപകരണങ്ങൾക്കാണ് ക്ഷാമവും വിലയും കൂടിയത്. 450 രൂപയും നികുതിയുമായിരുന്നു കോവിഡിന്റെ തുടക്കത്തിൽ പൾസ് ഓക്സി മീറ്ററിനുണ്ടായിരുന്നത്. ഇതിനിപ്പോൾ 2000 രൂപയോളമായി. 30,000 രൂപ വിലയുള്ള ഓക്സിജൻ കോൺസൻട്രേറ്ററിന് ഇപ്പോൾ 60,000-ന് മുകളിലാണ് വില. അതും കിട്ടാനില്ല. ഉപകരണങ്ങൾക്ക് ആളുകൾ മുൻകൂർ പണം നൽകി കാത്തിരിക്കുന്ന സ്ഥിതിയാണെന്ന് മെഡിക്കൽ ഉപകരണ വിതരണ കമ്പനിയായ സിംപ്ലക്സിന്റെ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷമീർ പറഞ്ഞു. ചൈനയിൽനിന്നാണ് ഇത്തരം ഉപകരണങ്ങൾ ഏറെയും ഇറക്കുമതിചെയ്യുന്നത്. മഹാരാഷ്ട്ര, ഹരിയാണ സംസ്ഥാനങ്ങളിലാണ് മെഡിക്കൽ ഉപകരണങ്ങൾ ഇറക്കുമതിചെയ്യുന്ന കമ്പനികളുള്ളത്. ഇവിടങ്ങളിൽ രോഗവ്യാപനം രൂക്ഷമായതോടെ ഉപകരണങ്ങൾക്ക് ആവശ്യം വർധിച്ചതാണ് ക്ഷാമത്തിന് കാരണമെന്ന് കെമിക്കൽസ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. നിലവിലെ സാഹചര്യം മുൻനിർത്തി ഉപകരണങ്ങളെത്തിക്കാൻ നടപടിയെടുക്കണമെന്ന് കെമിക്കൽസ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ഡീലർമാരോട് ആവശ്യപ്പെട്ടതായി സംസ്ഥാന പ്രസിഡന്റ് എ.എൻ. മോഹനൻ പറഞ്ഞു. Content Highlights: Covid 19, Vaccine, lockdown


from mathrubhumi.latestnews.rssfeed https://ift.tt/3xrzfJT
via IFTTT