ലണ്ടൻ: യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറിയ ടീമുകളെ കാത്തിരിക്കുന്നത് കനത്ത പിഴ. ഏതാണ്ട് ആയിരം കോടിയോളം രൂപയാണ് കരാർപ്രകാരം ഓരോ ടീമിനും പിഴയായി നൽകേണ്ടി വരിക. സൂപ്പർ ലീഗിലെ കരാറിന്റെ ചില ഭാഗങ്ങൾ പുറത്തുവന്നിരുന്നു. ഇതിലാണ് പിൻമാറുന്ന ക്ലബ്ബുകളുടെ പിഴ വ്യക്തമാക്കുന്നത്. യൂറോപ്പിലെ 12 വമ്പൻ ക്ലബ്ബുകൾ ചേർന്ന് രൂപം നൽകിയ ലീഗിൽ ഇപ്പോൾ റയൽമഡ്രിഡ്, എഫ്.സി. ബാഴ്സലോണ, യുവന്റസ് ക്ലബ്ബുകളാണ് അവശേഷിക്കുന്നത്. ആറ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബുകളും രണ്ട് ഇറ്റാലിയൻ ക്ലബ്ബുകളും ഒരു സ്പാനിഷ് ക്ലബ്ബും പിൻമാറിയിരുന്നു. ആരാധക രോഷവും ഫിഫയും യുവേഫയും വിലക്ക് അടക്കമുള്ള ഭീഷണിയുമായി രംഗത്തുവന്നതുമാണ് പിൻമാറ്റത്തിന് കാരണം. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുള്ള ക്ലബ്ബുകൾക്ക് കനത്ത പിഴ വലിയ തിരിച്ചടിയാകും. ലീഗിൽനിന്ന് റയലും ബാഴ്സയും പിൻമാറാത്തതിന്റെ കാരണവും പിഴത്തുകയുടെ വലിപ്പമാണ്. റയലും ബാഴ്സയും മറ്റ് ക്ലബ്ബുകളെക്കാൾ കൂടുതൽ പിഴസംഖ്യ അടയ്ക്കേണ്ടിവരുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ക്ലബ്ബുകൾക്കും ലീഗിൽനിന്ന് കൂടുതൽ ആനുകൂല്യം ലഭിക്കാനുള്ള വ്യവസ്ഥകളുണ്ട്. അതുകൊണ്ടുതന്നെ പിൻമാറുമ്പോൾ പിഴത്തുകയും കൂടും. വിലക്കുഭീഷണിയിൽ റയലും ബാഴ്സയും റോം: സൂപ്പർ ലീഗിൽനിന്ന് പിൻമാറിയില്ലെങ്കിൽ ചാമ്പ്യൻസ് ലീഗിൽനിന്ന് റയൽ മഡ്രിഡിനെയും ബാഴ്സലോണയെയും വിലക്കുമെന്ന് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫറിൻ വ്യക്തമാക്കി. ഒന്നുകിൽ സൂപ്പർ ലീഗിൽ നിൽക്കുക, അല്ലെങ്കിൽ ചാമ്പ്യൻസ് ലീഗിൽ കളിക്കുക. ഇതിലേതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാൻ സെഫറിൻ ക്ലബ്ബുകളോട് ആവശ്യപ്പെട്ടു. ലീഗിനുള്ള പിന്തുണ കഴിഞ്ഞ ദിവസം ബാഴ്സ പ്രസിഡന്റ് ജോഹാൻ ലാപോർട്ട ആവർത്തിച്ചിരുന്നു. Content Highlights: European Super League Rebels Face Mammoth Fine For Backing Out
from mathrubhumi.latestnews.rssfeed https://ift.tt/3tRlzWn
via
IFTTT