Breaking

Tuesday, April 27, 2021

വീടിനകത്തും മാസ്ക് ധരിക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ശക്തമായ കോവിഡ് പ്രതിരോധത്തിന് വീടിനകത്തും മാസ്ക് ധരിക്കേണ്ട സമയമാണെന്ന് കേന്ദ്രസർക്കാർ. അതേസമയം, രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭയം ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യവകുപ്പ് ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ, നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ, ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർ സംയുക്ത പത്രസമ്മേളനത്തിൽ പറഞ്ഞു. “കുടുംബത്തിൽ കോവിഡ് ബാധിതരുണ്ടെങ്കിൽ അവർ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗികളില്ലെങ്കിലും എല്ലാവരും വീടിനുള്ളിലും മാസ്ക് ധരിക്കാൻ തുടങ്ങേണ്ട സമയമാണിത്. വീട്ടിനുള്ളിലേക്ക് അതിഥികളെ ക്ഷണിക്കരുത്”- ഡോ. വി.കെ. പോൾ പറഞ്ഞു. ശാസ്ത്രീയ പഠനപ്രകാരം ശാരീരികാകലം പാലിക്കാത്ത ഒരാൾ 30 ദിവസത്തിനുള്ളിൽ 406 പേർക്ക് രോഗം പരത്താൻ സാധ്യതയുണ്ട്. ശാരീരിക സാന്നിധ്യം പകുതിയായി കുറച്ചാൽ ഇത് 15 ആയി കുറയ്ക്കാനാവും. 75 ശതമാനം കുറയ്ക്കാൻ കഴിഞ്ഞാൽ ഇതേ കാലയളവിൽ ഒരു വ്യക്തിക്ക് 2.5 ആളുകളിലേക്ക് മാത്രമേ രോഗം പടർത്താൻ കഴിയൂ എന്ന് ലവ് അഗർവാൾ വിശദീകരിച്ചു. രോഗലക്ഷണം കാണുന്ന ഉടൻതന്നെ രോഗിയെ ഐസൊലേഷനിലാക്കണമെന്ന് ഡൽഹി എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു. പരിശോധനാ റിപ്പോർട്ട് ലഭിക്കാൻ കാത്തിരിക്കരുത്. ആർ.ടി.പി.സി.ആർ. ടെസ്റ്റിൽ നെഗറ്റീവ് രേഖപ്പെടുത്തിയാലും ലക്ഷണങ്ങളുണ്ടെങ്കിൽ കോവിഡ് ബാധയുണ്ടെന്ന് കരുതി നടപടികൾ സ്വീകരിക്കണം. വാക്സിനേഷൻ യുക്തമായ സമയത്ത് സ്വീകരിക്കണം. സ്ത്രീകൾക്ക് ആർത്തവ സമയത്തും സ്വീകരിക്കാം. കോവിഡ് രണ്ടാം വ്യാപനത്തിനെതിരേയുള്ള പോരാട്ടത്തിൽ മെഡിക്കൽ ഓക്സിജന്റെയും റെംഡെസിവിർ ഉൾപ്പടെയുള്ള മരുന്നുകളുടെയും യുക്തമായ ഉപയോഗമാണ് പ്രധാനം. ഗുരുതര രോഗികൾക്ക് റെംഡിസിവിർ പര്യാപ്തമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അതിനാൽ ഡോക്ടർമാരുടെ നിർദേശപ്രകാരം മറ്റ് മരുന്നുകളും ഉപയോഗിക്കണം. Content Highlights:Coronavirus Mask


from mathrubhumi.latestnews.rssfeed https://ift.tt/2QWbnx8
via IFTTT