Breaking

Friday, April 30, 2021

രണ്ടാം ഡോസിന് തിരക്ക്‌ വേണ്ടാ; വാക്സിനേഷൻകേന്ദ്രത്തിൽനിന്ന് അറിയിക്കും

തിരുവനന്തപുരം: രണ്ടാം ഡോസ് കോവിഡ് വാക്സിനുവേണ്ടി വാക്സിനേഷൻ കേന്ദ്രത്തിലെത്തി തിരക്കുകൂട്ടേണ്ടതില്ല. അതത് കേന്ദ്രങ്ങളിൽനിന്ന് രണ്ടാം ഡോസിന് എത്തേണ്ട സമയം മുൻകൂട്ടി നേരിട്ടറിയിക്കും. രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിലേക്ക് നേരിട്ടു വിളിച്ചോ, മെസേജ് വഴിയോ അറിയിക്കുന്ന മുറയ്ക്ക് വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിയാൽ മതിയാകും. രണ്ടാം ഡോസിന്റെ സമയമായിട്ടും അറിയിപ്പുലഭിച്ചില്ലെങ്കിൽ വാക്സിനേഷൻകേന്ദ്രവുമായി ബന്ധപ്പെട്ടാൽ മതിയാകും. രണ്ടാം ഡോസിനായി കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്യാതെതന്നെ വിതരണകേന്ദ്രത്തിൽ നേരിട്ടെത്തിയാൽ മതിയെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് വാക്സിനേഷൻ മാർഗരേഖ പുതുക്കിയിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച രാവിലെ നേരിട്ട് വിതരണകേന്ദ്രങ്ങളിൽ നേരിട്ടെത്തിയ പലർക്കും മരുന്ന് ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച വ്യാപക പരാതിയുയർന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പ് വ്യക്തത വരുത്തിയത്. ഓരോ വാക്സിനേഷൻ സെന്ററുകളിലും രണ്ടാമത്തെ ഡോസ് വാക്സിൻ എടുക്കാൻ അർഹതയുള്ളവരുടെ പട്ടിക കോവിൻ പോർട്ടലിൽ ലഭ്യമാണ്. ഇതുപ്രകാരം വാക്സിനേഷൻ സെന്ററുകളിലെ മാനേജർമാർ ആശാപ്രവർത്തകരുടെയും തദ്ദേശഭരണസ്ഥാപനങ്ങളുടെയും സഹായത്തോടെ ഗുണഭോക്താക്കളുടെ പട്ടിക ശേഖരിച്ച് അവരെ അറിയിക്കും. സംസ്ഥാനത്തെ രണ്ടാം ഡോസ് വാക്സിൻ എടുക്കാനുള്ള എല്ലാവർക്കും മുൻഗണനയനുസരിച്ച് നൽകിത്തീർക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. വാക്സിനേഷൻ സെന്ററുകളിൽ സെഷൻ ഷെഡ്യൂൾ ചെയ്യുമ്പോൾ രണ്ടാമത്തെ ഡോസ് എടുക്കുന്നവർക്ക് മുൻഗണന നൽകും. ഇതിനായി കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളിൽവന്ന് തിരക്കു കൂട്ടേണ്ടതില്ല. രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ ആറുമുതൽ എട്ടാഴ്ചയ്ക്കുള്ളിലും കോവാക്സിൻ നാലുമുതൽ ആറാഴ്ചയ്ക്കുള്ളിലുമാണ് എടുക്കേണ്ടതെന്നും അവർ പറഞ്ഞു. മരുന്നിന്റെ ലഭ്യതയ്ക്കനുസരിച്ച്, രണ്ടാമത്തെ ഡോസ് എടുക്കാനുള്ളവർക്ക് മുൻഗണന നൽകിയതിനുശേഷമേ ഓൺലൈൻ ബുക്കിങ്ങിനായി ആദ്യ ഡോസുകാർക്ക് സമയം അനുവദിക്കുകയുള്ളൂ. പുതുക്കിയ കേന്ദ്ര വാക്സിനേഷൻനയം നാളെമുതൽ : മേയ് ഒന്നുമുതൽ പുതുക്കിയ കേന്ദ്ര വാക്സിനേഷൻനയം നടപ്പാക്കപ്പെടുന്നതിനാൽ സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ കേന്ദ്രങ്ങൾക്ക് വാക്സിൻ നിർമാതാക്കളിൽനിന്ന് നേരിട്ട് വാക്സിൻ വാങ്ങാം. ഇപ്പോൾ സ്വകാര്യകേന്ദ്രങ്ങളിൽ ലഭ്യമായിട്ടുള്ള വാക്സിൻ ഏപ്രിൽ 30-നുമുമ്പ് വാക്സിനേഷന് ഉപയോഗിക്കണം. സ്വകാര്യ വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ഇപ്പോൾ വാങ്ങിയ വാക്സിന്റെ ബാക്കിയുണ്ടെങ്കിൽ മേയ് ഒന്നുമുതൽ 45 വയസ്സിനുമുകളിലുള്ളവർക്ക് മാത്രമായി 250 രൂപ നിരക്കിൽ നൽകാമെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു. Content Highlights: Covid 19, Vaccine


from mathrubhumi.latestnews.rssfeed https://ift.tt/2RcmHFm
via IFTTT