Breaking

Friday, April 30, 2021

കോവിഡ് കാലത്ത് കോർപ്പറേഷന്റെ ക്രൂരത; എസ്.എ.ടി.യിലെ മരുന്നുബാങ്ക് പൂട്ടി

തിരുവനന്തപുരം : കോവിഡ് കാലത്ത് ഏവർക്കും ആശ്രയമായ എസ്.എ.ടി. ക്യാമ്പസിലെ ഇൻഹൗസ് ഡ്രഗ് ബാങ്കിന്റെ ഓഫീസ് അടച്ചുപൂട്ടി തിരുവനന്തപുരം കോർപ്പറേഷൻ. ഓഫീസ് താൽക്കാലികമായി പ്രവർത്തിച്ചുവന്നിരുന്ന ഡോർമെറ്ററി കെട്ടിടം കോർപ്പറേഷൻ ഏറ്റെടുക്കുകയാണെന്നറിയിച്ചാണ് മേയർ ആര്യാ രാജേന്ദ്രൻ, മെഡിക്കൽ കോേളജ് കൗൺസിലറും സ്ഥിരംസമിതി അധ്യക്ഷനുമായ ഡി.ആർ.അനിൽ, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവർ സംഘമായെത്തി പുതിയ താഴിട്ടു പൂട്ടിയത്. കംപ്യൂട്ടർ, സർവർ എന്നിവയുൾപ്പെടുന്ന ഓഫീസ് മുറിയാണ് ബുധനാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ കോർപ്പറേഷൻ അധികൃതർ പൂട്ടിയത്. ഇതോടെ, എസ്.എ.ടി.യിലെ ഇൻഹൗസ് ഡ്രഗ് ഹൗസിന്റെ പ്രവർത്തനം വ്യാഴാഴ്ച പൂർണമായി നിലച്ചു. സർക്കാർ ആശുപത്രികളിലേക്കുള്ള കോവിഡ് സാമഗ്രികളുടെ വിതരണവും വ്യാഴാഴ്ച നടന്നില്ല. സൊസൈറ്റിയിലെ സ്ത്രീകളടക്കമുള്ള 45-ഓളം ജീവനക്കാർ പ്രാഥമികാവശ്യങ്ങൾ പോലും നടത്താനാകാതെ ബുദ്ധിമുട്ടിലായി. കോർപ്പറേഷന്റെ നടപടിക്കെതിരേ സമൂഹമാധ്യമങ്ങളിലുൾപ്പെടെ വ്യാപക പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ഓഫീസ് പൂട്ടാൻ കോർപ്പറേഷൻ ശ്രമിക്കുകയാണെന്നറിഞ്ഞ് ബുധനാഴ്ചതന്നെ എസ്.എ.ടി. സൂപ്രണ്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ വിവരം ധരിപ്പിച്ചു. ഡ്രഗ് ഹൗസ് തൽക്കാലത്തേക്ക് ഡോർമിറ്ററി സ്ഥിതിചെയ്യുന്ന കെട്ടിടത്തിലേക്കു മാറ്റിയിരിക്കുകയാണെന്നും ഓഫീസ് പൂട്ടരുതെന്നും മന്ത്രി മേയറോടു നേരിട്ട് ആവശ്യപ്പെട്ടു. എന്നാൽ, മന്ത്രിയുടെ നിർദേശം വകവയ്ക്കാതെ മേയറും കൗൺസിലറും ഉൾപ്പെടെയുള്ളവർ ബുധനാഴ്ച ഓഫീസ് സമയം അവസാനിച്ച ശേഷം പുതിയ താഴിട്ട് പൂട്ടുകയായിരുന്നെന്ന് ശ്രീ അവിട്ടം തിരുനാൾ ഹോസ്പിറ്റൽ ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റി (എസ്.എ.ടി.എച്ച്.എച്ച്.ഇ.എസ്.) ഭാരവാഹികൾ പറഞ്ഞു. കംപ്യൂട്ടറും സർവറും മറ്റും എടുത്തുമാറ്റാൻ തിങ്കളാഴ്ച തുറന്നുതരാമെന്ന് കോർപ്പറേഷനിൽനിന്ന് അറിയിച്ചെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ, വ്യാഴാഴ്ച രാത്രിതന്നെ സൊസൈറ്റി പുതുതായി പണിയുന്ന കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാനുള്ള ശ്രമം നടത്തുന്നതായും അവർ പറഞ്ഞു. മാസ്ക്, സാനിറ്റൈസർ, പി.പി.ഇ. കിറ്റ് ഉൾപ്പെടെ കോവിഡുമായി ബന്ധപ്പെട്ട സാധനങ്ങൾ വളരെക്കുറഞ്ഞ വിലയിൽ ലഭിക്കാൻ സാധാരണക്കാരും നാലു ജില്ലകളിലെ സർക്കാർ ആശുപത്രികളും ഏറ്റവും ആശ്രയിക്കുന്നത് എസ്.എ.ടി.എച്ച്.എച്ച്.ഇ.എസിനെയാണ്. ദിവസവും 20 ലക്ഷം രൂപ വരെ വിൽപ്പന നടക്കുന്നയിടമാണ് സൊസൈറ്റി. കോർപ്പറേഷനിലേക്കും അടുത്തിടെ 10 ലക്ഷം രൂപയുടെ സാമഗ്രികൾ കൈമാറിയിരുന്നു. സ്വന്തമായി കെട്ടിടം പണിയുന്നതിന്റെ ഭാഗമായാണ് സൊസൈറ്റിയുടെ ഓഫീസ് രണ്ടര മാസം മുൻപ് ഡോർമെറ്ററിയിലേക്കു മാറ്റിയത്. പിന്നിൽ അധികാരതർക്കം : എസ്.എ.ടി.യിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി കോർപ്പറേഷൻ നിർമിച്ചതാണ് ഡോർമെറ്ററി. എന്നാൽ, അറ്റകുറ്റപ്പണികളുടെ ഭാഗമായി രണ്ടര വർഷമായി അടച്ചിട്ടിരിക്കുകയാണ്. ഇതിലേക്കായി കേന്ദ്രസർക്കാർ ഫണ്ടും അനുവദിച്ചിട്ടുണ്ട്. ഡോർമെറ്ററി നടത്തിപ്പിനായി മാസന്തോറും നാലു ലക്ഷം രൂപയും കേന്ദ്രസർക്കാർ അനുവദിക്കും. ശുചീകരണത്തൊഴിലാളികളായി നാലു പേരെ നടത്തിപ്പുകാർക്ക് നിയമിക്കുകയും ചെയ്യാം. അതിനാൽ ഡോർമെറ്ററി പ്രവർത്തനം തങ്ങൾക്കു വേണമെന്നാണ് കോർപ്പറേഷന്റെ നിലപാട്. എന്നാൽ, ആശുപത്രിക്കു പൂർണ നിയന്ത്രണം വേണമെന്നാണ് എസ്.എ.ടി. അധികൃതരുടെ നിലപാട്.


from mathrubhumi.latestnews.rssfeed https://ift.tt/3e2DMdW
via IFTTT