കൊരട്ടി: ബാങ്കുവിളി കേൾക്കുമ്പോഴേയ്ക്കും കരുതിവെച്ച ഈന്തപ്പഴമോ നാരങ്ങവെള്ളമോ എടുത്ത് നോമ്പ് തുറക്കാനാരംഭിക്കും ഈ പഞ്ചായത്തംഗം. അപ്പോഴേയ്ക്കും കൂട്ടുകാരി ഫൗസിയയുടെ വിളിയുമെത്തും- നോമ്പു തുറക്കാറായി എന്ന് ഓർമിപ്പിച്ചുകൊണ്ട്. തൊഴിൽസ്ഥലത്തുവെച്ച് 18 വർഷം മുമ്പാണ് ചൂണ്ടയിൽ ശിവന്റെ ഭാര്യ ജോബി നോമ്പെടുക്കാൻ തുടങ്ങിയത്. കൂട്ടുകാരി ഫൗസിയ കരീമും മറ്റും നോമ്പെടുക്കുമ്പോൾ അവർക്കു മുന്നിലിരുന്ന് ഉച്ചഭക്ഷണം കഴിക്കാനുള്ള മടിയിൽനിന്നായിരുന്നു തുടക്കം. രണ്ടുപേരും ഇടയ്ക്ക് മറ്റ് സ്ഥലങ്ങളിൽ ജോലിക്ക് പോയെങ്കിലും നോമ്പുമുടക്കാറില്ല. അടുത്തില്ലെങ്കിൽ കൃത്യസമയത്ത് നോമ്പുതുറക്കാറായി എന്നോർമിപ്പിച്ച് ഫൗസിയ വിളിക്കും. പുലർച്ചെ എഴുന്നേറ്റ് വീട്ടുകാർക്ക് ഭക്ഷണമൊരുക്കിക്കഴിഞ്ഞാൽ ലഘുഭക്ഷണം കഴിച്ച് ജോബി നോമ്പിലേയ്ക്ക് കടക്കും. ഇപ്പോൾ ജനപ്രതിനിധിയായപ്പോഴുള്ള തിരക്കൊന്നും നോമ്പിനെ ബാധിച്ചിട്ടില്ല. നോമ്പുതുറയ്ക്ക് വീട്ടിലാരെങ്കിലും ഉണ്ടെങ്കിലും ഫൗസിയയുടെ വിളിയെത്തും. അന്നത്തെ നോമ്പുതുറക്കൽ വീട്ടിലാകാമെന്ന് പറഞ്ഞ്. റംസാൻപോലെ ഓണം, വിഷു അടക്കമുള്ള ആഘോഷങ്ങൾക്ക് വിശേഷമായി എന്തുണ്ടാക്കിയാലും ഫൗസിയക്കുകൂടി നൽകിയാലേ ജോബിക്കും സന്തോഷമാകൂ. ഫൗസിയയുടെ വീട്ടിലെ ചപ്പാത്തിനിർമ്മാണ യൂണിറ്റിലും ഇരുവരും ഒന്നിച്ചിട്ടുണ്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വാർഡ് വനിതാ സംവരണമായതോടെ ജോബി ശിവനെ എൽ.ഡി.എഫ്. മത്സരത്തിനിറക്കുകയായിരുന്നു. നോമ്പുവിശേഷം കേട്ടതോടെ ജോബിയുടെ മകൻ ഏഴാം ക്ലാസുകാരൻ യദുകൃഷ്ണയും നോമ്പ് നോക്കിയിരുന്നു. സുകന്യയാണ് ജോബിയുടെ മകൾ.
from mathrubhumi.latestnews.rssfeed https://ift.tt/3efq6Ls
via
IFTTT