Breaking

Tuesday, February 2, 2021

തൂത്തുക്കുടിയിൽ എസ്.ഐ.യെ ലോറിയിടിച്ചുകൊന്നു; പ്രതി ഒളിവിൽ

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ സബ് ഇൻസ്പെക്ടറെ ലോറിയിടിച്ച് കൊലപ്പെടുത്തി. എരാൽ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ബാലുവാണ് (55) മരിച്ചത്. തൂത്തുക്കുടി കൊർക്കായ് ജങ്ഷനിൽ തിങ്കളാഴ്ച പുലർച്ചെ ഒരുമണിക്കാണ് സംഭവം. പ്രതിയായ വളവല്ലാൻ ഗ്രാമത്തിലെ വാഹനമെക്കാനിക്ക് മുരുകവേൽ ഒളിവിലാണ്. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിറങ്ങിയതായിരുന്നു എസ്.ഐ. ബാലുവും കോൺസ്റ്റബിൾ പൊൻ സുബ്ബയ്യയും. ഒരുഹോട്ടലിൽ തർക്കം നടക്കുന്നതുകണ്ട് അവിടേക്കുപോയി മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്ന മുരുകവേലിനെ ശാസിച്ചു. ഹോട്ടലിൽനിന്നിറങ്ങി സമീപത്തുള്ള സ്വന്തംവീട്ടിലേക്കുപോയ മുരുകവേൽ വീട്ടിൽക്കയറാതെ ബഹളംവെക്കൽ തുടർന്നു. ഇതോടെ പോലീസുകാർ വീണ്ടും ഇയാളെ ശാസിച്ചു. ഇതിനുശേഷം ബാലുവും പൊൻ സുബയ്യയും അവിടെനിന്ന് ഇരുചക്രവാഹനത്തിൽ മടങ്ങി. എന്നാൽ, പ്രകോപിതനായ മുരുകവേൽ അറ്റകുറ്റപ്പണിക്കായി എത്തിച്ചിരുന്ന ലോറി ഓടിച്ചുപോയി പോലീസുകാരെ ഇടിക്കുകയായിരുന്നു. ബാലു സംഭവസ്ഥലത്തുതന്നെ മരിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കോൺസ്റ്റബിൾ പൊൻ സുബ്ബയ്യയെ (35) തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൂത്തുക്കുടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജില്ലാ പോലീസ് സൂപ്രണ്ട് എസ്. ജയകുമാർ സംഭവസ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ഒളിവിൽപ്പോയ മുരുകവേലിനുവേണ്ടി തിരച്ചിൽ തുടരുകയാണ്. അന്വേഷണത്തിനായി പത്ത് പ്രത്യേക പോലീസ് സംഘങ്ങളെ നിയോഗിച്ചു. 1988-ൽ കോൺസ്റ്റബിളായി പോലീസിൽ ചേർന്ന ബാലുവിന് ഭാര്യയും രണ്ടുമക്കളുമുണ്ട്. ബാലുവിന്റെ ആശ്രിതർക്ക് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി 50 ലക്ഷം രൂപ സഹായധനവും കുടുംബത്തിലെ ഒരംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തു. പരിക്കേറ്റ കോൺസ്റ്റബിൾ പൊൻ സുബയ്യയ്ക്ക് രണ്ടുലക്ഷം രൂപയും നൽകും. Content Highlights: Police SI killed, constable injured after hit by load carrier vehicle during night patrol in Thoothukudi


from mathrubhumi.latestnews.rssfeed https://ift.tt/3retYS0
via IFTTT