ന്യൂഡൽഹി:വധശിക്ഷകാത്ത് 18 വർഷമായി തടവിൽക്കഴിയുന്ന പ്രതിക്ക് ജയിലിലെ നല്ലനടപ്പിനൊപ്പം താനെഴുതിയ കവിതയും സുപ്രീംകോടതിയിൽ തുണയായി. മഹാരാഷ്ട്ര സ്വദേശി ജ്ഞാനേശ്വറിന്റെ (45) വധശിക്ഷ ഇതോടെ സുപ്രീംകോടതി ജീവപര്യന്തമായി കുറച്ചു. പ്രതി മാനസാന്തരപ്പെട്ടതായും സമൂഹത്തിനു ഭീഷണിയല്ലെന്നും വ്യക്തമാക്കുന്നതാണ് അയാൾ എഴുതിയ കവിതയെന്ന് ജസ്റ്റിസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഋഷികേശ് എന്ന കുട്ടിയെ കൊലപ്പെടുത്തിയതിനാണ് ജ്ഞാനേശ്വറിന് വധശിക്ഷ ലഭിച്ചത്. ഹൈക്കോടതി 2006-ൽ ശിക്ഷ ശരിവെച്ചു. ഇതോടെ അയാൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കുറ്റംചെയ്യുമ്പോൾ 22 വയസ്സു മാത്രമാണ് പ്രതിക്ക് പ്രായമെന്നും പിന്നീട് ജയിലിൽ കഴിയുമ്പോൾ നല്ല സ്വഭാവമാണ് കാണിച്ചതെന്നും അഭിഭാഷകൻ വാദിച്ചു. ജയിലിൽവെച്ച് പ്രതി ബി.എ. ജയിച്ചതും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അതേസമയം, കുറ്റം നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതി ചെയ്ത കുറ്റം ക്രൂരമാണെന്നത് സംശയമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. എന്നാൽ, പ്രതിക്ക് തെറ്റു ബോധ്യപ്പെട്ടതായാണ് മനസ്സിലാകുന്നത്. പ്രതി എഴുതിയ കവിതയിലും അതു വ്യക്തമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വധശിക്ഷയ്ക്കു കാരണമായ അപൂർവത്തിൽ അപൂർവമായ കുറ്റകൃത്യമായി ഇതിനെ കാണാനുമാവില്ല. അതിനാൽ ശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 18 വർഷമായി ജയിലിൽ കഴിയുന്ന പ്രതിക്ക് മറ്റ് ഇളവുകൾക്കായി സംസ്ഥാനസർക്കാരിനെ സമീപിക്കാം. contenthighlights:death penalty poem,supreme court of india
from mathrubhumi.latestnews.rssfeed https://ift.tt/2GSNTCF
via
IFTTT