ന്യൂഡൽഹി: അതിർത്തി കടന്നുള്ള മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പാകിസ്താനിൽ വീണ്ടും മിന്നലാക്രമണം നടത്തിയതിന്റെ സൂചനകളുമായി ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിങ്. വെള്ളിയാഴ്ച ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ ഭഗത് സിങ് പ്രതിമ അനാച്ഛാദനം ചെയ്തശേഷമുള്ള പ്രസംഗത്തിലാണ് രാജ്നാഥ് സിങ് മിന്നലാക്രമണം നടത്തിയതിന്റെ സൂചനകൾ നൽകിയത്. ചിലത് നടന്നു കഴിഞ്ഞു. എനിക്കത് ഇപ്പോൾ വെളിപ്പെടുത്താനാകില്ല. ശരിക്കും വലിയ കാര്യങ്ങളാണ് നടന്നു കഴിഞ്ഞത്. എന്നെ വിശ്വസിക്കൂ.. രണ്ട് മൂന്ന് ദിവസങ്ങൾക്ക് മുൻപ് വലിയ കാര്യങ്ങൾ തന്നെയാണ് നടന്നത്. വരും ദിവസങ്ങളിൽ എന്ത് നടക്കുമെന്നും നിങ്ങൾ അറിയും.. രാജ്നാഥ് സിങ് പ്രസംഗത്തിൽ പറഞ്ഞു. അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്താൻ ക്രൂരമായി കൊലചെയ്ത ബി.എസ്.എഫ് ജവാന്റെ പേര് പരാമർശിക്കുന്ന സാഹചര്യത്തിലാണ് ഇതിന് പ്രതികാരമായി മിന്നലാക്രമണം നടത്തിയതിന്റെ സൂചനകൾ രാജ്നാഥ് സിങ് നൽകിയത്. ഇതിന് പ്രതികാരമായി ഇന്ത്യ നടത്തിയ ശക്തമായ ഷെല്ലാക്രമണത്തിൽ പാകിസ്താനിൽ നിരവധി മരണങ്ങൾ ഉണ്ടായി എന്ന് സൈന്യം സ്ഥിരീകരിച്ചതായുംടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അതിർത്തിയിൽ വെടിവെപ്പ് നടക്കുമ്പോൾ ബുള്ളറ്റുകളുടെ എണ്ണം എടുക്കാനല്ല ശക്തമായി തിരിച്ചടിക്കാനാണ് താൻ സൈനികരോട് പറയാറുള്ളതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേർത്തു. 2016ൽ അതിർത്തിയിൽ നടന്ന മിന്നലാക്രമണത്തിന്റെ രണ്ടാം വാർഷികം പരാക്രം പർവ് എന്ന പേരിലാണ് രാജ്യം ആചരിച്ചത്. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സർജിക്കൽ സ്ട്രൈക്ക് അനുസ്മരണം 51 നഗരങ്ങളിലെ 53 വേദികളിലാണ് നടക്കുന്നത്. ജോധ്പുർ മിലിറ്ററി സ്റ്റേഷനിൽ നടന്ന ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തുടർന്ന് കൊണാർക്ക് യുദ്ധ സ്മാരകവും സന്ദർശിച്ച ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയത്. മാതൃരാജ്യത്തിന്റെ സുരക്ഷക്കായി ത്യാഗം ചെയ്യുന്ന സൈനികരെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു എന്നാണ് പ്രധാനമന്ത്രി കൊണാർക്ക് യുദ്ധ സ്മാരകത്തിലെ സന്ദർശക രജിസ്റ്ററിൽ കുറിച്ചത്. 2016 സെപ്തംബർ 29 ന് ഇന്ത്യ നടത്തിയ സൈനിക മുന്നേറ്റത്തിൽ അതിർത്തിരേഖയ്ക്ക് പുറത്തുള്ള നിരവധി തീവ്രവാദ കേന്ദ്രങ്ങൾ തകർത്തിരുന്നു. പാകിസ്താൻ തീവ്രവാദികൾ നടത്തിയ ഉറി ആക്രമണത്തിൽ 18 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ട സംഭവത്തിന്റെ തിരിച്ചടിയായി നടത്തിയ ഈ സൈനിക മുന്നറ്റമാണ് സർജിക്കൽ സ്ട്രൈക്ക് എന്നറിയപ്പെടുന്നത്. content highlights:Rajnath Singh Hints at Cross-Border Action
from mathrubhumi.latestnews.rssfeed https://ift.tt/2P28zc8
via
IFTTT