Breaking

Tuesday, June 1, 2021

മൃതദേഹം പുഴയിലെറിയുന്നത് കാണിച്ച ചാനലിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയോ?- വിമർശിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: രാജ്യദ്രോഹം, സമുദായസ്പർധയുണ്ടാക്കൽ എന്നീ കുറ്റങ്ങൾക്ക് പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. ആന്ധ്രാപ്രദേശിലെ ടി.വി.5, എ.ബി.എൻ. ആന്ധ്രാജ്യോതി ചാനലുകൾക്കെതിരേയെടുത്ത രാജ്യദ്രോഹക്കേസിൽ തുടർനടപടി സ്റ്റേ ചെയ്തുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. സർക്കാരുകളെ വിമർശിക്കുന്നത് രാജ്യദ്രോഹമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ചാനലുകൾക്കെതിരായ കേസ് പ്രഥമദൃഷ്ട്യാ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്തലാണെന്നും കോടതി നിരീക്ഷിച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124-എ (രാജ്യദ്രോഹം), 153-എ (സമുദായസ്പർധ വളർത്തൽ) എന്നീ കുറ്റങ്ങളുടെ പരിധി നിർവചിക്കണമെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്. ആന്ധ്രാപ്രദേശ് പോലീസിന്റെ എഫ്.ഐ.ആർ. റദ്ദാക്കണമെന്നും തങ്ങൾക്കെതിരേ തുടർനടപടി തടയണമെന്നുമാവശ്യപ്പെട്ട് ചാനലുകൾ ഫയൽചെയ്ത ഹർജിയിൽ കോടതി നോട്ടീസയച്ചു. ഈ ചാനലുകൾ നടത്തിയ പരിപാടിയിൽ വൈ.എസ്.ആർ. കോൺഗ്രസ് വിമത നേതാവ് കെ. രഘുരാമകൃഷ്ണ രാജു ആന്ധ്രാസർക്കാരിനെ വിമർശിച്ചുകൊണ്ട് കുറ്റകരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. അവ്യക്തമായ ആരോപണമാണ് എഫ്.ഐ.ആറിൽ ഉന്നയിക്കുന്നതെന്ന് അഡ്വ. വിപിൻ നായർ വഴി ഫയൽചെയ്ത ഹർജിയിൽ ചാനലുകൾ ചൂണ്ടിക്കാട്ടി. മൃതദേഹം പുഴയിലെറിയുന്നത് കാണിച്ച ചാനലിനെതിരേയും രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ടാകുമോ? വാക്സിൻ നയവുമായി ബന്ധപ്പെട്ട ഹർജിയിൽ വാദം കേൾക്കുന്നതിനിടെയും സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ നിശിത വിമർശനവും പരിഹാസവും. ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പുഴയിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ പുറത്തെത്തിച്ച ചാനലിനെതിരേ ആയിരിക്കുമോ അടുത്തതായി രാജ്യദ്രോഹക്കുറ്റം ചുമത്തുകയെന്ന് ജസ്റ്റിസ് ഡിവൈ. ചന്ദ്രചൂഡും ജസ്റ്റിസ് എൽ. നാഗേശ്വര റാവുവും ഉൾപ്പെട്ട ബെഞ്ച് പരിഹാസരൂപേണ ചോദിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/3p5UsFk
via IFTTT