ബെയ്ജിങ്: ദമ്പതിമാർക്ക് മൂന്നുകുട്ടികൾവരെ ആകാമെന്ന് അനുമതി നൽകി ചൈനീസ് സർക്കാർ. ജനനനിരക്കിൽ വലിയ ഇടിവു വന്നതിനാലാണ് അഞ്ചുവർഷമായി തുടരുന്ന 'രണ്ടുകുട്ടി' നയത്തിന് മാറ്റംവരുത്താൻ തീരുമാനമായതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. വയോജനങ്ങളുടെ നിരക്ക് ഏറുകയുമാണ് രാജ്യത്ത്. പ്രസിഡന്റും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയുമായ ഷീ ജിൻപിങ് അധ്യക്ഷനായുള്ള 25 അംഗ പൊളിറ്റ് ബ്യൂറോ യോഗമാണ് തീരുമാനമെടുത്തത്. 1980 മുതൽ തുടർന്നുപോന്ന 'ഒറ്റക്കുട്ടി' നയം ഉപേക്ഷിച്ച് ദമ്പതിമാർക്ക് രണ്ടുകുട്ടികൾ ആകാമെന്ന തീരുമാനം ചൈനീസ് സർക്കാർ 2016-ൽ എടുത്തിരുന്നു. ചൈനീസ് സ്റ്റാറ്റിസ്റ്റിക്സ് ബ്യൂറോ മൂന്നാഴ്ചമുമ്പ് പുറത്തുവിട്ട സെൻസസ് പ്രകാരം 1.2 കോടി കുട്ടികളാണ് കഴിഞ്ഞവർഷം രാജ്യത്ത് പിറന്നത്. 1961-നുശേഷമുള്ള എറ്റവുംകുറഞ്ഞ കണക്കാണിത്. 2016-ൽ ജനിച്ചത് 1.7 കോടി കുട്ടികളാണ്. 2020-ലെ സെൻസസ് പ്രകാരം ജനസംഖ്യ 141 കോടിയാണ്. 2010മുതൽ 2020വരെ 5.38 ശതമാനം വളർച്ചയാണ് ജനസംഖ്യയിലുണ്ടായത്. അടുത്ത കുറച്ചുവർഷങ്ങൾകൂടി ചൈനീസ് ജനസംഖ്യ വളരുമെന്നും എന്നാൽ, 2025-ൽ ജനസംഖ്യയിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തൽ. വയസ്സായവരുടെ എണ്ണംകൂടുന്നതും ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്ക് കടുത്ത ബാധ്യതയാണ് സൃഷ്ടിക്കുന്നത്. രാജ്യത്ത് 26.4 കോടിയാണ് (ജനസംഖ്യയുടെ 18.7 ശതമാനം) 60 വയസ്സിനുമുകളിൽ പ്രായമുള്ളവർ. 2010-ൽനിന്ന് 5.44 ശതമാനം അധികമാണിത്. അതേസമയം, 15-59 വയസ്സ് പ്രായമുള്ളവർ 89.4 കോടിയാണ് (63.35 ശതമാനം). ഈ പ്രായക്കാരുടെ എണ്ണം 2010-ൽനിന്ന് 6.79 ശതമാനം കുറയുകയാണുണ്ടായത്. 2050 ആവുമ്പോഴേക്കും ഇത് 70 കോടിയാവുമെന്നാണ് വിലയിരുത്തൽ. അതസമയം, സാമ്പത്തികബാധ്യത കുട്ടികളുടെ എണ്ണംകുറയ്ക്കാൻ ദമ്പതിമാരെ പ്രേരിപ്പിക്കുന്നതായും റിപ്പോർട്ടുണ്ട്. Content Highlights:China Three Children
from mathrubhumi.latestnews.rssfeed https://ift.tt/2TygC7y
via
IFTTT