Breaking

Monday, April 12, 2021

നിര്‍ണായകശക്തിയാകും, നേമം നിലനിര്‍ത്തും; അഞ്ചു സീറ്റുകള്‍ നേടുമെന്ന് ബിജെപി വിലയിരുത്തല്‍

തിരുവനന്തപുരം:വിജയസാധ്യത വിലയിരുത്താൻ ബി.ജെ.പി. യോഗങ്ങൾ ചേരുന്നു. ബൂത്തുതലത്തിലുള്ള പ്രാഥമിക വിലയിരുത്തൽ നടന്നെങ്കിലും ജില്ലാതല പരിശോധന തുടങ്ങുന്നതേയുള്ളൂ. കോർ കമ്മിറ്റിയും നേതൃയോഗവും ചേർന്ന് കൂടുതൽ വിലയിരുത്തലുകൾ നടത്തും. നേമം ഉൾപ്പെടെ അഞ്ചുമണ്ഡലങ്ങളിൽ വിജയിക്കുമെന്നു പ്രതീക്ഷിക്കുന്ന എൻ.ഡി.എ. കൂടുതൽ മണ്ഡലങ്ങളിൽ നിർണായക ശക്തിയാകുമെന്ന് കരുതുന്നു. നേമം നിലനിർത്തും സിറ്റിങ് സീറ്റായ നേമം, കെ. സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരം, പാലക്കാട്, കഴക്കൂട്ടം, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് എൻ.ഡി.എ.ക്ക് നല്ല വിജയപ്രതീക്ഷയുള്ളത്. ഒട്ടേറെ മണ്ഡലങ്ങളിൽ രണ്ടാമതെത്തുമെന്ന് കരുതുന്ന പാർട്ടി, ഇത്തവണ അദ്ഭുതങ്ങൾ സംഭവിച്ചേക്കാമെന്ന പ്രവചനവും നടത്തുന്നു. നിയമസഭയ്ക്കകത്തും നിർണായക ശക്തിയായി മാറാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം. എന്നാൽ കൂടുതൽ മണ്ഡലങ്ങളിൽ രണ്ടാമതെത്തുന്നതിലൂടെ വോട്ടുനില ഉയർത്തിയതുകൊണ്ടുമാത്രം കാര്യമില്ലെന്നും സീറ്റുനേടുകയെന്നതാണ് പ്രധാനമെന്നുമുള്ള കേന്ദ്രഘടകത്തിന്റെ മുന്നറിയിപ്പ് നേതാക്കൾക്കു മുമ്പിലുണ്ട്. നേമം മണ്ഡലം നിലനിർത്തുകയെന്നതുതന്നെയാണ് പാർട്ടിക്ക് ഏറ്റവും നിർണായകമാകുന്നത്.അടിയൊഴുക്കുകൾ എന്തൊക്കെ ഉണ്ടായാലും ബി.ജെ.പിയുടെ അടിത്തറ ശക്തമായ നേമത്ത് പാർട്ടിയുടേതായ വോട്ടുബാങ്കുണ്ട്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ശശി തരൂർ വൻഭൂരിപക്ഷത്തിൽ വിജയിച്ചപ്പോഴും ബി.ജെ.പിയെ നേമം മുന്നിൽത്തന്നെ നിർത്തിയെന്നതാണ് ഇവിടത്തെ ഉറച്ച വിജയപ്രതീക്ഷയ്ക്കു കാരണം. പ്രചാരണത്തിന് ചുക്കാൻപിടിച്ച ആർ.എസ്.എസിന്റെ വിലയിരുത്തലും ഇതുതന്നെയാണ്. വട്ടിയൂർക്കാവിൽ കോൺഗ്രസ് വോട്ടും കിട്ടി മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്റെയും പാലക്കാട് ഇ. ശ്രീധരന്റെയും വിജയത്തിന് ബി.ജെ.പിക്കു പുറത്തുള്ള വോട്ടും പ്രതീക്ഷിക്കുന്നു. വലിയ ഭൂരിപക്ഷം കിട്ടിയില്ലെങ്കിൽപ്പോലും രണ്ടിടത്തും വിജയിക്കുമെന്നാണ് നേതാക്കൾ പറയുന്നത്. വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ അട്ടിമറി വിജയം സംഭവിച്ചാൽ അദ്ഭുതമില്ല. വട്ടിയൂർക്കാവിൽ ബി.ജെ.പിയുടെ വോട്ടുകൾക്ക് പുറമേ, കോൺഗ്രസിൽനിന്നുള്ള വോട്ടുചോർച്ച ഗുണപ്പെടും. കഴക്കൂട്ടത്ത് ശബരിമല വിഷയം കൂടുതൽ ചർച്ചയായതും എൻ.എസ്.എസ്.നിലപാടും അനുകൂലമായെന്നാണ് വിലയിരുത്തൽ. എന്നാൽ, ന്യൂനപക്ഷ വോട്ടുകൾ എൽ.ഡി.എഫിന് അനുകൂലമായിട്ടുണ്ടോയെന്ന എന്ന ആശങ്കയുമുണ്ട്. Content Highlights:Kerala Assembly Election 2021- BJP estimates it will win five seats


from mathrubhumi.latestnews.rssfeed https://ift.tt/322pKlU
via IFTTT