Breaking

Thursday, April 15, 2021

ആംബുലന്‍സില്‍ കിടക്കുന്ന അച്ഛനെ കൊന്നുതരൂവെന്ന് മകന്റെ അപേക്ഷ; ഭീതിദമായി കോവിഡിന്റെ രണ്ടാം തരംഗം

"ഒന്നുകിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കൂ, അല്ലെങ്കിൽ എന്തെങ്കിലും കുത്തിവെപ്പ് നൽകി അദ്ദേഹത്തെ കൊന്നേക്കൂ..."കോവിഡ് ബാധിതനായ ഒരാളുടെ മകന്റെ അപേക്ഷയാണിത്. അച്ഛനെയും കൊണ്ട് 24 മണിക്കൂറായി ആശുപത്രികൾ കയറിയിറങ്ങി നിരാശനാവുമ്പോൾ ആംബുലൻസിൽ നിന്നുയരുന്ന ചുമയും അച്ഛന്റെ ദൈന്യതയാർന്ന മുഖവും ഒരു മകനെ ഇത്തരത്തിൽ പറയാൻ പ്രേരിപ്പിക്കുന്നതിൽ അദ്ഭുതപ്പെടാനില്ല. കോവിഡിന്റെ രണ്ടാം തരംഗം എത്ര ഭീതിദമാണെന്ന് ബോധ്യപ്പെടുത്തുന്ന അനേകം സാക്ഷ്യങ്ങളിൽ ഒന്ന് മാത്രമാണിത്. കോവിഡ് വ്യാപനത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്ന നിർണയിക്കൽ പോലും അസാധ്യമാക്കിക്കൊണ്ട് രാജ്യത്ത് രോഗികളുടെ എണ്ണം അനുദിനം വർധിക്കുന്നത് ആരോഗ്യമേഖലയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുമ്പോൾ നിസ്സഹായരാവുന്നത് കോവിഡ് ബാധിതരും അവരുടെ ബന്ധുക്കളുമാണ്. രോഗികളുടെ എണ്ണത്തിൽ കുത്തനെയുണ്ടായ വർധനവ് ആശുപത്രികളുടെ പ്രവർത്തനം താളം തെറ്റിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലേയും തെലങ്കാനയിലേയും വിവിധ ആശുപത്രികളിൽ അച്ഛനുമായി കയറിയിറങ്ങിയ ശേഷമാണ് സാഗർ കിഷോർ നഹർഷേതിവാർ അച്ഛനെ കൊന്നു തരൂ എന്ന് അപേക്ഷിച്ചത്. വഡോറയിലേയും ചന്ദ്രപ്പുരിലേയും ആശുപത്രികൾ അടുത്ത 24 മണിക്കൂർ നേരത്തേക്ക് പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. ആശുപത്രികൾക്ക് പുറത്ത് നിരയായി കിടക്കുന്ന ആംബുലൻസുകളിൽ പ്രായമേറിയ രോഗികൾ പ്രവേശത്തിനുള്ള ഊഴവും കാത്ത് കിടപ്പാണ്. "രാത്രി ഒന്നരയോടെയാണ് തെലങ്കാനയിലേക്ക് പുറപ്പെട്ടത്, മൂന്ന് മണിയോടെ അവിടെയെത്തി. ആശുപത്രികളിൽ കിടക്കാൻ സൗകര്യമില്ലെന്നറിയിച്ചതോടെ ചന്ദ്രപുരിലേക്ക് മടങ്ങി. അന്നേരം മുതൽ ഇവിടെ കാത്ത് നിൽക്കുകയാണ്". സാഗർ കിഷോർ അറിയിച്ചു. മണിക്കൂറുകൾ കഴിയുന്നതോടെ ആംബുലൻസിലെ ഓക്സിജൻ കുറഞ്ഞു വരികയാണെന്നും ഇത്തരത്തിൽ കഷ്ടപ്പെടാനനുവദിക്കാതെ അച്ഛനെ വല്ല മരുന്നു നൽകി മരിക്കാനനുവദിക്കൂ എന്നുമാണ് സാഗറിന്റെ അപേക്ഷ. 24 घंटे चक्कर लगाए, कहीं बेड नहीं! बुज़ुर्ग मरीज़ के बेटे की गुहार, 'या बेड दो या इंजेक्शन देकर मार दो!' महाराष्ट्र के चंद्रपुर का हाल. pic.twitter.com/ZzxhlnzdZL — Puja Bharadwaj (@Pbndtv) April 14, 2021 ചന്ദ്രപ്പുരിൽ തിങ്കളാഴ്ച റിപ്പോർട്ട് 850 പുതിയ കോവിഡ് കേസുകളാണ്റിപ്പോർട്ട് ചെയ്യപ്പെട്ടത്.ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് പേർ ജില്ലയിൽ കോവിഡ് മൂലം മരിച്ചു. 6,953 സജീവരോഗികൾ ഇവിടെയുണ്ട്. കോവിഡിന്റെ രണ്ടാം തരംഗത്തിലും മഹാരാഷ്ട്രയാണ് ഏറ്റവുമധികം ബാധിക്കപ്പെട്ടിരിക്കുന്നത്. രോഗികൾക്ക് കിടക്കകളോ, വെന്റിലേറ്ററുകളോ മരുന്നോ ലഭ്യമാക്കാൻ സർക്കാർ പരാജയപ്പെടുന്നു. ഓക്സിജൻ ലഭ്യതക്കുറവും മരുന്നുക്ഷാമവും പരിഹരിക്കാൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൈന്യത്തോട് സഹായം അഭ്യർഥിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയോടും ഇക്കാര്യം അറിയിച്ചതായി താക്കറെ വ്യക്തമാക്കി. രോഗവ്യാപനം നിയന്ത്രിക്കാൻ മഹാരാഷ്ട്രയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. അടിയന്തരസാഹചര്യങ്ങളൊഴികെയുള്ള യാത്രകൾക്ക് 15 ദിവസത്തേക്ക് വിലക്കേർപ്പെടുത്തി. ഷോപ്പിങ് കേന്ദ്രങ്ങൾ, മാളുകൾ, ബീച്ചുകൾ എന്നിവ അടച്ചു പൂട്ടി. ഹോട്ടലുകളിൽ പാഴ്സൽ സൗകര്യം മാത്രം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,952 പേർക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 278 പേർ മരിച്ചു. Content Highlights: Give A Bed Or Kill Him Plea From Covid-19 Patients Son In Maharashtra


from mathrubhumi.latestnews.rssfeed https://ift.tt/3acEpPE
via IFTTT