Breaking

Thursday, April 15, 2021

ചാറ്റിങ്ങും ഫോണ്‍വിളിയും ചോദ്യം ചെയ്തു; സഹോദരനെ 15-കാരി ഇയര്‍ഫോണ്‍ കഴുത്തില്‍ കുരുക്കി കൊന്നു

റായ്ബറേലി: ആൺസുഹൃത്തുമായി മൊബൈൽ ഫോണിൽ സംസാരിച്ചത് ചോദ്യംചെയ്ത സഹോദരനെ 15 വയസ്സുകാരി ശ്വാസംമുട്ടിച്ച് കൊന്നു. ഒമ്പത് വയസ്സുള്ള സഹോദരനെയാണ് പെൺകുട്ടി ഇയർഫോൺ വയർ കഴുത്തിൽ കുരുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. കുറ്റംസമ്മതിച്ച പെൺകുട്ടിയെ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റി. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. മാതാപിതാക്കൾ വീട്ടിൽ ഇല്ലാത്ത സമയത്ത് പെൺകുട്ടി മണിക്കൂറുകളോളം മൊബൈൽ ഫോണിൽ സംസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും സഹോദരൻ ശ്രദ്ധിച്ചിരുന്നു. ഏതാനുംദിവസം മുമ്പ് ഇക്കാര്യം സഹോദരൻ മാതാപിതാക്കളെ അറിയിക്കുകയും ചെയ്തു. തുടർന്ന് മാതാപിതാക്കൾ പെൺകുട്ടിയെ വഴക്ക് പറഞ്ഞു. വ്യാഴാഴ്ചയും മാതാപിതാക്കൾ വീട്ടിൽനിന്ന് പോയപ്പോൾ പെൺകുട്ടി സുഹൃത്തുമായി ഫോണിൽ സംസാരിച്ചു. ഇത് കണ്ടെത്തിയ ഒമ്പത് വയസ്സുകാരൻ സഹോദരിയെ ചോദ്യംചെയ്യുകയും ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുമെന്ന് പറയുകയും ചെയ്തു. ഇതോടെ ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും ഇതിനിടെ പെൺകുട്ടി ഇയർഫോൺ വയർ കഴുത്തിൽ കുരുക്കി സഹോദരനെ കൊലപ്പെടുത്തുകയുമായിരുന്നു. സഹോദരൻ മരിച്ചെന്ന് ഉറപ്പായതോടെ മൃതദേഹം വീട്ടിലെ സ്റ്റോർ റൂമിൽ ഒളിപ്പിച്ചു. പിന്നീട് മാതാപിതാക്കൾ വീട്ടിൽ എത്തിയപ്പോൾ മകനെ കാണാനില്ലായിരുന്നു. തുടർന്ന് തിരച്ചിൽ നടത്തുകയും പിറ്റേദിവസം വീട്ടിലെ സ്റ്റോർ റൂമിൽനിന്ന് മൃതദേഹം കണ്ടെത്തുകയും ചെയ്തു. അയൽക്കാരൻ മകനെ കൊലപ്പെടുത്തിയതാകുമെന്നായിരുന്നു മാതാപിതാക്കൾ ആദ്യം കരുതിയത്. അയൽക്കാരനെതിരേ പോലീസിൽ പരാതിനൽകുകയും ചെയ്തു.എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾക്ക് സംഭവത്തിൽ പങ്കില്ലെന്ന്വ്യക്തമായതോടെ അന്വേഷണം കുടുംബാംഗങ്ങളിലേക്ക് നീളുകയായിരുന്നു. ആൺകുട്ടിയുടെ മൃതദേഹത്തിൽ ചെറിയ മുറിവുകളും പോറലുകളും ഉണ്ടായിരുന്നത് സംശയം വർധിപ്പിച്ചു. തർക്കത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് കുടുംബാംഗങ്ങളെ വിശദമായി ചോദ്യംചെയ്യുകയും 25-ഓളം പേരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു. ഇതോടെയാണ് മരിച്ച ഒമ്പതുവയസ്സുകാരന്റെ സഹോദരിയുടെ ശരീരത്തിൽ ചെറിയ മുറിവുകളും പാടുകളും കണ്ടെത്തിയത്. പെൺകുട്ടിയുടെ കഴുത്തിലും വയറ്റിലും കൈകളിലുമാണ് മുറിവുകളുണ്ടായിരുന്നത്. തുടർന്ന് ചൈൽഡ് വെൽഫയർ ഓഫീസറുടെ സാന്നിധ്യത്തിൽ ചോദ്യംചെയ്തതോടെ പെൺകുട്ടി കുറ്റംസമ്മതിക്കുകയായിരുന്നു. സഹോദരനെ കൊല്ലാൻ ഉദ്ദേശ്യമില്ലായിരുന്നു എന്നും എന്നാൽ ആൺസുഹൃത്തുമായി സംസാരിച്ചത് മാതാപിതാക്കളോട് പറയുമെന്ന ഭയത്താൽ ചെയ്തുപോയതാണെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകി. പെൺകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് മാറ്റി. Content Highlights:15 year old girl strangled brother with earphone wire in uttar pradesh


from mathrubhumi.latestnews.rssfeed https://ift.tt/3diMe8A
via IFTTT