Breaking

Monday, April 12, 2021

സുഹൃത്തിന്‍റെ അച്ഛന് കരള്‍ പകുത്തുനല്‍കി; ശസ്ത്രക്രിയക്കു ശേഷം പക്ഷാഘാതം, ചികിത്സ തുടരാനാവാതെ രഞ്ജു

കൊച്ചി: സഹായിക്കാനായി സ്വന്തം കരൾ പകുത്തുനൽകിയ ആ നല്ല മനസ്സുകാരന് വിധി സമ്മാനിച്ചത് ദുരിതമായിരുന്നു. സുഹൃത്തിന്റെ പിതാവിനാണ് തിരുവനന്തപുരം സ്വദേശി രഞ്ജു(42) കരൾ പകുത്തുനൽകിയത്. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞതോടെ രഞ്ജു പക്ഷാഘാതം (സ്പൈനൽ സ്ട്രോക്ക്) വന്നു കിടപ്പിലായി. എട്ടു മാസത്തിലധികമായി ചികിത്സയിലാണ് രഞ്ജു. ബഹ്റൈനിൽ ജോലിയുണ്ടായിരുന്ന രഞ്ജു ലീവിനു നാട്ടിലെത്തിയതാണ്. ഈ സമയത്താണ് പിതാവിന് ഗുരുതര കരൾ രോഗമാണെന്നും ഒരാഴ്ചയ്ക്കകം ശസ്ത്രക്രിയ നടത്തിയില്ലെങ്കിൽ അപകടമാണെന്നും ഒരു സുഹൃത്ത് പറയുന്നത്. രഞ്ജുവിന്റെ രക്തഗ്രൂപ്പ് യോജിക്കുന്നതിനാൽ സഹായിക്കണമെന്ന് കേണു പറഞ്ഞതോടെ കരൾ പകുത്തുകൊടുക്കാൻ രഞ്ജു തീരുമാനിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. പക്ഷേ, ഇതു കഴിഞ്ഞതോടെ ജീവിതം കിടക്കയിലായി. ആദ്യത്തെ ആശുപത്രിബിൽ സുഹൃത്ത് അടച്ചു. പിന്നീട് വിളിച്ചാൽ ഇവർ ഫോൺപോലും എടുക്കാതായി. വീടന്വേഷിച്ചു ചെന്നെങ്കിലും അവർ അവിടെനിന്നു പോയിരുന്നു. എട്ടുമാസം ചികിത്സ നടന്നു. പത്തുലക്ഷത്തോളം രൂപ ചെലവായി. നിലവിൽ ചികിത്സയുടെ ഭാഗമായി ഇടപ്പള്ളിയിൽ കഴിയുകയാണ് രഞ്ജു. ദുബായിൽനിന്ന് നാട്ടിൽ കോഴ്സ് പഠിക്കാനെത്തിയ സഹോദരിയാണ് കൂട്ടിന്. സഹോദരനെ നോക്കേണ്ടതിനാൽ സഹോദരിക്ക് ജോലിക്കുപോകാൻ കഴിയുന്നില്ല. ആഭരണങ്ങൾ വിറ്റാണ് ചികിത്സ നടത്തുന്നത്. നല്ല ചികിത്സ ലഭിച്ചാൽ എഴുന്നേറ്റു നടക്കാനാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ, സാമ്പത്തികമായി ഒരു ശേഷിയുമില്ലാത്തതിനാൽ ചികിത്സ മുടങ്ങുന്ന സ്ഥിതിയാണ്. രഞ്ജുവിനെ സഹായിക്കാൻ ചികിത്സാ സഹായനിധി രൂപവത്കരിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്ക് ആറ്റിങ്ങൽ ശാഖയിൽ അക്കൗണ്ട് നമ്പർ: 0114053000109508. ഐ.എഫ്.എസ്.സി: SIBL0000114. ഫോൺ: 7012189860.


from mathrubhumi.latestnews.rssfeed https://ift.tt/3dZmu0h
via IFTTT