Breaking

Monday, April 12, 2021

ആഗ്രഹിച്ചത് തയ്യല്‍ക്കട, കിട്ടിയത് ആക്രിസാധനങ്ങള്‍; ലീലാമണി സംരംഭകയായി,ജീവിതവും വളരെ ഹാപ്പി

തൊടുപുഴ : തയ്യൽക്കട തുടങ്ങണമെന്നായിരുന്നു ലീലാമണിയുടെ ആഗ്രഹം. പക്ഷേ, കൈയിൽ പണമില്ല. തളർന്നിരിക്കാൻ അവർ തയ്യാറായില്ല. പഴയ കുപ്പിയും പാട്ടയും പെറുക്കി. അതുപയോഗിച്ച് ലീലാമണി ഒരു സംരംഭകയായി. മാലിന്യ സംസ്കരണ രംഗത്തെ പോരാളിയുമായി. ഹരിതകർമസേനാംഗമായ കുളമാവ് ഇടീപ്പറമ്പിൽ ലീലാമണിയാണ് (54) ആക്രിസാധനങ്ങൾ വിലയ്ക്കെടുക്കുന്ന വ്യക്തിഗത സംരംഭം തുടങ്ങി ജീവിതം കരുപ്പിടിപ്പിക്കുന്നത്. ഹരിതകർമസേനാ യൂണിറ്റുകളും കൺസോർഷ്യമായി രജിസ്റ്റർ ചെയ്ത് വ്യക്തിഗതമായോ കൂട്ടുചേർന്നോ ബിസിനസ് സംരംഭം തുടങ്ങണമെന്ന സർക്കാർ നിർദേശമാണ് ലീലാമണിയുടെ ജീവിതത്തിൽ വഴിത്തിരിവായത്. തയ്യൽ അറിയാവുന്നതിനാലാണ് തയ്യൽക്കട ലീലാമണി സ്വപ്നം കണ്ടത്. അത് തുടങ്ങാൻ വായ്പയ്ക്ക് ശ്രമിച്ചു. നടന്നില്ല. ആകെ നിരാശ. ആ സമയമാണ് സ്വന്തം വീട് പൊളിച്ച സാധനങ്ങൾ ആക്രിക്കടയിൽ വിൽക്കാൻ പോയത്. അങ്ങനെയാണ് സംരംഭത്തിനുള്ള ആശയം തുടങ്ങുന്നത്. അപ്പോൾത്തന്നെ മൂലമറ്റത്തെ ആക്രി വ്യാപാരിയുമായി ഇക്കാര്യം സംസാരിച്ചു. ശേഖരിക്കുന്ന സാധനങ്ങൾ എടുത്തുകൊള്ളാമെന്ന് അദ്ദേഹം സമ്മതിച്ചു. ഇക്കാര്യം സി.ഡി.എസ്. ചെയർപേഴ്സണുമായി സംസാരിച്ചു. ചെയർപേഴ്സൺ എന്തിനും കൂടെ നിന്നു. ഹരിതകർമസേന ശേഖരിക്കാത്ത സാധനങ്ങളെല്ലാം ഏറ്റെടുത്തുകൊള്ളാനായിരുന്നു നിർദേശം. അതനുസരിച്ച് എല്ലാവിധ ആക്രി സാധനങ്ങളും വാങ്ങാൻ തുടങ്ങി. വെറുതെയല്ല, മാർക്കറ്റ് വില കൊടുത്ത്. തൂക്കംനോക്കിയെടുക്കാൻ ത്രാസില്ലാത്തതിനാൽ ഊഹവില നൽകിയായിരുന്നു ആദ്യം ബിസിനസ്. ഇത് ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കി 860 രൂപ മുടക്കി ഒരു ത്രാസ് വാങ്ങി. അതോടെ വ്യാപാരം ഉഷാറായി. കുന്നുംമലയും കയറി ആക്രിസാധനങ്ങൾ ശേഖരിച്ച് ചുമന്ന് റോഡിലെത്തിക്കുന്നതെല്ലാം ലീലാമണി തനിച്ചാണ്. പിന്നീട് ഓട്ടോയോ മറ്റോ വിളിച്ച് ആക്രിക്കടയിലെത്തിക്കുന്നു. ആരേയും ആശ്രയിക്കാതെ പ്രതിമാസം സകല ചെലവുകളും കഴിഞ്ഞ് 8000 രൂപയോളം വരുമാനമുണ്ടാക്കാൻ കഴിയുന്നുണ്ടെന്ന് ലീലാമണി പറയുന്നു. ഏതാണ്ട് എട്ടുമാസമായി ഈ ബിസിനസ് തുടങ്ങിയിട്ട്. 'സാം സ്ക്രാപ് ഷോപ്പ്' എന്നാണ് സംരംഭത്തിന്റെ പേര്. ഒരു വാഹനം വാങ്ങി സംരഭം വിപുലമാക്കണമെന്നാണ് ലീലാമണിയുടെ ആഗ്രഹം. Content Highlights: Story of Leela Mani, an entrepreneur from Idukki


from mathrubhumi.latestnews.rssfeed https://ift.tt/2RjLuYc
via IFTTT