Breaking

Tuesday, April 6, 2021

ഇഎംസിസി ഡയറക്ടര്‍ ഷിജു വര്‍ഗീസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന് മേഴ്‌സിക്കുട്ടിയമ്മ

കുണ്ടറ: കുണ്ടറയിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഇഎംസിസി ഡയറക്ടർ ഷിജു വർഗീസ് ശ്രമിച്ചുവെന്ന ആരോപണവുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. കുണ്ടറയിൽ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കുന്ന ഷിജു വർഗീസ് രാവിലെ ആക്രമിക്കപ്പെട്ടുവെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയെന്നും പോലീസ് ഇടപെട്ട് ഇത് തടഞ്ഞുവെന്നും മേഴ്സിക്കുട്ടിയമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഷിജുവർഗീസ് പെട്രോൾ കൊണ്ടുവന്ന് സ്വയം ഒഴിച്ചുകത്തിക്കാൻ ശ്രമിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ കാറിൽ നിന്ന് പെട്രോൾ നിറച്ച കുപ്പി കണ്ടെടുത്തെന്നും ഇയാൾ പോലീസ് കസ്റ്റഡിയിലായെന്നുമാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ബോധപൂർവം അപകടം വരുത്തി ഇടതുപക്ഷത്തിന്റെ ഭാഗത്ത് നിന്ന് ആക്രമണം ഉണ്ടായി എന്ന് ആരോപിക്കാനുള്ള നീക്കമായിരുന്നു നടന്നതെന്നാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ആരോപിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് ഇത് അട്ടിമറിക്കാനുള്ള ഗൂഢാലോചനകൾ ആരംഭിച്ചിരുന്നു. കടൽ വിദേശകമ്പനികൾ തീറെഴുതി എന്ന തരത്തിലുളള പ്രചരണങ്ങൾ ഈ ഗൂഢാലോചനയുടെ ഭാഗമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മേഴ്സിക്കുട്ടിയമ്മയുടെ വെളിപ്പെടുത്തൽ തള്ളി പോലീസ് രംഗത്തെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.ഇന്ന് രാവിലെ അഞ്ചരയോടെ് തന്റെ വാഹനത്തിന് നേരെ പെട്രോൾ ബോംബ് ആക്രമണമുണ്ടായെന്ന് പരാതിപ്പെട്ട് ഇഎംസിസി ഡയറക്ടർ ഷിജുവർഗീസ് പോലീസിൽ പരാതി നൽകുകയായിരുന്നുവെന്നും ഇയാൾ വാദിയാണെന്നും പോലീസ് വ്യക്തമാക്കി. കാറിൽ നിന്ന് ഒരു കുപ്പി പെട്രോൾ ലഭിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ അതും പോലീസ് തളളിക്കളഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3wx3Sx2
via IFTTT