Breaking

Wednesday, April 14, 2021

ജലീലിനെതിരായ ലോകായുക്ത വിധി; സര്‍ക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം

തിരുവനന്തപുരം: കെ.ടി. ജലീലിനെതിരായ ലോകായുക്ത വിധിക്കെതിരേ സർക്കാരിന് കോടതിയെ സമീപിക്കാമെന്ന് നിയമോപദേശം. അഡ്വക്കേറ്റ് ജനറലാണ് ഇതുസംബന്ധിച്ച് നിയമോപദേശം നൽകിയത്. ലോകായുക്ത കേസിൽ സർക്കാരിന്റെ ഭാഗം വിശദീകരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിൽ കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ലോകായുക്തയുടെ നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ട്. സിവിൽ കോടതി സ്വീകരിക്കേണ്ടത് പോലെയുള്ള നടപടിക്രമങ്ങളാണ് ലോകായുക്തയും പാലിക്കേണ്ടത്. മന്ത്രിയെ നീക്കണമെന്ന നിർദേശം അത്ര ലളിതമായി എടുക്കാവുന്നതല്ല. മാത്രമല്ല കെ.ടി. ജലീലിന്റെ നിർദേശപ്രകാരമാണെങ്കിലും നിയമന യോഗ്യതയിൽ ഇളവ് വരുത്തി തീരുമാനമെടുത്തത് സർക്കാരാണ്. അതിനാൽ നടപടിക്രമങ്ങളിൽ സർക്കാരിന് കൂടി പങ്കുള്ളതിനാൽ സർക്കാരിന്റെ ഭാഗം കൂടി കേൾക്കണം. ഇതൊന്നും പരിഗണിക്കാതെയാണ് ലോകായുക്ത പെട്ടെന്ന് വിധി പ്രസ്താവം നടത്തിയത്. പരാതിയിൽ തെളിവുകൾ ഉൾപ്പെടെ വിശദമായി പരിശോധിക്കണമെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ലോകായുക്ത വിധിക്കെതിരേ സർക്കാരിന് റിട്ട് ഹർജിയുമായി മേൽക്കോടതിയെ സമീപിക്കാമെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം. നിലവിൽ കെ.ടി. ജലീൽ വ്യക്തിപരമായാണ് റിട്ട് ഹർജി സമർപ്പിച്ചിരിക്കുന്നത്. നിയമോപദേശം ലഭിച്ച സാഹചര്യത്തിൽ ലോകായുക്ത വിധിക്കെതിരേ സംസ്ഥാന സർക്കാരും അടുത്തദിവസം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷനിൽ ബന്ധുവിനെ ജനറൽ മാനേജരായി നിയമിച്ച നടപടിയിലാണ് കെ.ടി. ജലീലിനെതിരേ ലോകായുക്ത വിധി പ്രസ്താവിച്ചത്. മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തൽ. ഇതിനുപിന്നാലെ കെ.ടി. ജലീൽ കഴിഞ്ഞദിവസം മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. Content Highlights:lokayuktha order against kt jaleel advocate general given legal advice to government


from mathrubhumi.latestnews.rssfeed https://ift.tt/3thrfbQ
via IFTTT