Breaking

Saturday, April 3, 2021

മുന്നണികള്‍ പറയുന്നു എല്ലാംഭദ്രം; നൂറില്‍ കുറയില്ലെന്ന് എല്‍ഡിഎഫ്, ആത്മവിശ്വാസം കൂടിയെന്ന് യുഡിഎഫ്

കോഴിക്കോട്: വോട്ടെടുപ്പിന് മൂന്നുനാൾ ശേഷിക്കെ മൂന്നുമുന്നണിയും ആത്മവിശ്വാസത്തിൽ. എന്നാൽ, അവസാനനിമിഷങ്ങളിൽ ഉയർന്നേക്കാവുന്ന വിവാദങ്ങളെ മുന്നണികൾ ഭയപ്പെടുന്നുമുണ്ട്. ഭരണത്തിലെ വീഴ്ചകളോ ഏതെങ്കിലും കരാറുകളോ നടപടികളോ ഒക്കെയാവാം പ്രതിപക്ഷം ഇനിയും ഉയർത്തിക്കൊണ്ടുവരാൻ പോകുന്നതെന്നാണ് ഇടതുമുന്നണി നേതൃത്വം സംശയിക്കുന്നത്. എന്നാൽ, ഈ കുരുക്കുകളിൽപ്പെടാതെ നൂറിലേറെ സീറ്റുമായി ഭരണത്തുടർച്ചയാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. പ്രചാരണരംഗത്ത് തുടക്കംമുതലുള്ള മേധാവിത്വം ഇപ്പോഴും നിലനിൽക്കുന്നതായി അവർ കണക്കുകൂട്ടുന്നു. പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും സർക്കാർ ചെയ്ത നല്ലകാര്യങ്ങൾ വോട്ടർമാരുടെ മനസ്സിലുണ്ടെന്ന ഉറച്ച വിശ്വാസമാണ് അവരുടെ കണക്കുകളുടെ അടിസ്ഥാനം. എന്നാൽ, മെച്ചപ്പെട്ട സീറ്റുകളോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. തുടക്കത്തിലെ ആലസ്യമെല്ലാം മാറി. മുന്നണി മികച്ചനിലയിൽ വിജയംനേടുമെന്നും പിണറായി സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരായി വോട്ടർമാർ വിധിയെഴുതുമെന്നും അവർ കണക്കുകൂട്ടുന്നു. കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്ന് അവസാനനിമിഷങ്ങളിൽ ചില നടപടികൾ ഉണ്ടായേക്കുമോ എന്നൊരു പ്രതീക്ഷയും ആഗ്രഹവും യു.ഡി.എഫ്. കേന്ദ്രങ്ങളിലുണ്ട്. എന്നാൽ, പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ പ്രിയങ്കാഗാന്ധിയുടെ പരിപാടി റദ്ദായത് കോൺഗ്രസ് ക്യാമ്പുകളിൽ നിരാശ പടർത്തിയിട്ടുണ്ട്. എന്നാൽ, പ്രിയങ്ക എത്തേണ്ട നേമത്ത് പകരമായി രാഹുലെത്തുന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു. വലിയ പ്രതീക്ഷയോടെയാണ് ബി.ജെ.പി.യുടെയും നിൽപ്പ്. പാലക്കാട്ടും കോന്നിയിലും കഴക്കൂട്ടത്തും പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയത് എൻ.ഡി.എ. ക്യാന്പിന് പുത്തൻ ഊർജം നൽകിയിട്ടുണ്ട്. കേരളം ഇനിയാര് ഭരിക്കണമെന്ന കാര്യത്തിൽ ബി.ജെ.പി. നിർണായക ഘടകമാവുമെന്നാണ് അവരുടെ അവകാശവാദം. 100ലേറെ സീറ്റ് നൂറിലേറെ സീറ്റുകളോടെ ഇടതുമുന്നണി വീണ്ടും അധികാരത്തിലെത്തും. ആശങ്കപ്പെടാൻ ഒന്നുമില്ല. എല്ലാം നേരത്തെ കണക്കുകൂട്ടിയതുപോലെത്തന്നെ മുന്നോട്ടുപോകുന്നു-ഇ.പി. ജയരാജൻ, സി.പി.എം. ആത്മവിശ്വാസം കൂടി ഞങ്ങൾക്കൊരു ആശങ്കയുമില്ല. ഓരോ ദിവസവും ആത്മവിശ്വാസം കൂടിവരികയാണ്. യു.ഡി.എഫ്. വലിയ വിജയം നേടും-കെ.സി. വേണുഗോപാൽ, കോൺഗ്രസ് മുന്നേറ്റമുണ്ടാക്കും എൻ.ഡി.എ.യുടെ വലിയ മുന്നേറ്റം കേരളത്തിലുണ്ടാവും. പ്രധാനമന്ത്രിയുടെ വരവ് ജനങ്ങളിൽ മികച്ച പ്രതീക്ഷയാണ് നൽകിയത്. പുതിയൊരു വിധിയെഴുത്താണ് വരാൻ പോകുന്നത്- കെ. സുരേന്ദ്രൻ, ബി.ജെ.പി.


from mathrubhumi.latestnews.rssfeed https://ift.tt/3fEv0E3
via IFTTT