Breaking

Sunday, April 11, 2021

കോവിഡ് രണ്ടാംഘട്ടവ്യാപനം; 45 വയസ്സിനുതാഴെയുള്ളവർക്കും വേണം ജാഗ്രത

കൊച്ചി: കോവിഡിന്റെ രണ്ടാംഘട്ടത്തിൽ ഏറെ ജാഗ്രത ആവശ്യമുള്ളത് 45 വയസ്സിനുതാഴെയുള്ളവർക്കാണെന്ന് ആരോഗ്യവിഭാഗം. യുവാക്കൾക്ക് രോഗം പ്രശ്നങ്ങളുണ്ടാക്കില്ലെന്ന ധാരണ തെറ്റാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാർ പറഞ്ഞു. വാക്സിനെടുക്കുന്നതുകൊണ്ടുമാത്രമാണ് നിലവിൽ രോഗബാധിതരിൽ ബുദ്ധിമുട്ടുകൾ കുറയുന്നത്. ആദ്യഡോസുകൊണ്ടുമാത്രം കോവിഡ് കൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സാധിക്കും. 45 വയസ്സിനുതാഴെയുള്ളവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത ഏറെയാണ്. രോഗം തീവ്രമായില്ലെങ്കിലും ഇവരിൽ കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കും. ലങ് ഫൈബ്രോസിസ്, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങി ആജീവനാന്തം രോഗികളാകാനുള്ള സാധ്യതവരെയുണ്ടെന്ന് ഡോ. സന്തോഷ് പറഞ്ഞു. രോഗം മൂർച്ഛിച്ചാൽ മരണകാരണമാകാനും സാധ്യതയുണ്ട്. 45 വയസ്സിൽത്താഴെയുള്ളവരിൽ ദീർഘകാലമായി വൃക്കരോഗം, അർബുദം, രക്താർബുദം എന്നിവ ബാധിച്ചവരുണ്ട്. ഇവർക്ക് വാക്സിൻ ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്ന് എറണാകുളം ജില്ലാ കോവിഡ് നോഡൽ ഓഫീസർ ഡോ. എ.ഫത്താഹുദ്ദീൻ പറഞ്ഞു. കോവിഡ് രണ്ടാംതരംഗം കുഞ്ഞുങ്ങളെയും ബാധിച്ചേക്കും. കുഞ്ഞുങ്ങൾക്ക് കോവിഡ് തിരിച്ചറിയാതെ രണ്ടുമുതൽ മൂന്നുവരെ ആഴ്ചയ്ക്കുശേഷം ഗുരുതര ശ്വാസംമുട്ടലുണ്ടായേക്കാം.


from mathrubhumi.latestnews.rssfeed https://ift.tt/3d8p9W5
via IFTTT